ഡല്ഹിയിലെ വാര്ത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപുമായി ഏറ്റുമുട്ടി സിഎന്എന് വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്റ് ജിം അക്കോസ്റ്റ. സിഎന്എന് നുണ പറഞ്ഞതിന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയെ ചൂണ്ടി ട്രംപ് ചോദിച്ചപ്പോളാണ് അക്കോസ്റ്റ തിരിച്ചടിച്ചത്. മിസ്റ്റര് പ്രസിഡന്റ് സത്യം പറയുന്ന കാര്യത്തില് ഞങ്ങള് നിങ്ങളേക്കാള് വളരെ മെച്ചമാണ് എന്നാണ് ജിം അക്കോസ്റ്റ തിരിച്ചടിച്ചത്.
എനിക്ക് ഒരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. അങ്ങനെ ഒരു രാജ്യത്ത് നിന്നും എനിക്ക് സഹായം കിട്ടിയിട്ടുമില്ല – യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്, ഉക്രൈന് ഇടപെടലുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്ന്ന ആരോപണങ്ങള് സൂചിപ്പിച്ച് ട്രംപ് പറഞ്ഞു, നിങ്ങളുടെ സിഎന്എന് സത്യമല്ലാത്ത ചില കാര്യങ്ങള് ചോദിച്ചതിന് മാപ്പ് ചോദിച്ചിരുന്നില്ലേ, എന്തിനായിരുന്നു ഇന്നലെ മാപ്പ് ചോദിച്ചത് – ട്രംപ് അക്കോസ്റ്റയോട് ചോദിച്ചിരുന്നു. മിസ്റ്റര് പ്രസിഡന്റ്, സത്യം പറയുന്ന കാര്യത്തില് നിങ്ങളുടേതിനേക്കാള് ഏറെ മച്ചപ്പെട്ടതാണ് ഞങ്ങളുടെ റെക്കോഡ് – അക്കോസ്റ്റ പറഞ്ഞു. നിങ്ങളുടെ റെക്കോഡിനെക്കുറിച്ച് ഞാന് പറയട്ടെ, നിങ്ങള് അത് കേട്ട് ലജ്ജിക്കേണ്ടി വരും, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തില് ഏറ്റവും മോശപ്പെട്ട റെക്കോഡാണ് – ട്രംപ് പറഞ്ഞു.
ഞാനോ എന്റെ സ്ഥാപനമോ ഒന്നിനെക്കുറിച്ചും ലജ്ജിക്കുന്നില്ല എന്ന് അക്കോസ്റ്റയുടെ മറുപടി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന് ട്രംപിന് റഷ്യന് സഹായം ലഭിക്കുന്നതായി സിഎന്എന് അടക്കമുള്ള മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. പിന്നീട് സിഎന്എന് ഈ റിപ്പോര്ട്ട് പിന്വലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് പറഞ്ഞത്
സിഎന്എന് അടക്കമുള്ള യുഎസ് മാധ്യമങ്ങളുമായി നിരന്തര ഏറ്റുമുട്ടലിലാണ് 2017 ജനുവരിയില് പ്രസിഡന്റായി അധികാരമേറ്റത് മുതല് ഡോണള്ഡ് ട്രംപ്. തനിക്കെതിരായ വിമര്ശനങ്ങളുടേയും വാര്ത്തകളുടേയും പേരില് സിഎന്എന്നിനെ പലപ്പോളും ട്രംപ് പൊതുവേദികളില് കടന്നാക്രമിച്ചിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയാണ് ഇന്ന് ഡല്ഹിയിലുമുണ്ടായത്.
2018 അവസാനവും ട്രംപുമായി വാര്ത്താസമ്മേളനത്തിനിടെ അക്കോസ്റ്റ കൊമ്പുകോര്ത്തിരുന്നു. അക്കോസ്റ്റയുടെ പ്രസ് പാസ് അന്ന് വൈറ്റ് ഹൗസ് റദ്ദാക്കിയെങ്കിലും ഇതിനെതിരെ സിഎന്എന് കോടതിയെ സമീപിക്കുകയും അക്കോസ്റ്റയ്ക്ക് പാസ് വീണ്ടും കിട്ടുകയും ചെയ്തിരുന്നു. അക്കോസ്റ്റ പല ചോദ്യങ്ങളും ട്രംപിനോട് ചോദിച്ചെങ്കിലും ട്രംപ് മറ്റൊരു റിപ്പോര്ട്ടറിലേയ്ക്ക് തിരിയുകയാണ് അന്ന് ചെയ്തത്. ഒരു വൈറ്റ് ഹൗസ് ഇന്റേണ്, അക്കോസ്റ്റയില് നിന്ന് മൈക്ക് വാങ്ങിയെടുക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് സിഎന്എന്നിന് അഭിമുഖങ്ങള് നല്കിയിട്ടില്ല. 2016ല് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയാണ് അവസാനമായി ട്രംപ് സിഎന്എന്നിന് ഇന്റര്വ്യൂ നല്കിയത്.
Trump: “Didn’t (CNN) apologize yesterday for saying things that weren’t true?
Acosta: “Mr. President, I think our record of delivering the truth is a lot better than yours sometimes.” pic.twitter.com/hB0uusLAOo
— Greg Hogben (@MyDaughtersArmy) February 25, 2020
ആറു മാസം മുൻപു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദർ സിംഗ് സാഹി (31) എന്ന യുവാവ് ജോലി ചെയ്തിരുന്ന സ്്റ്റോറിൽ വെടിയേറ്റു മരിച്ചു. സാന്റിഫിയിലെ സ്റ്റോറിൽ രാവിലെ കടന്നു വന്ന അക്രമി സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്റ്റോറിലേക്ക് പ്രവേശിച്ച പ്രതിയുമായി മനീന്ദർ സഹകരിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവയ്ക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നു വിറ്റിയർ പൊലീസ് പറഞ്ഞു.
ആറു മാസം മുമ്പ് പഞ്ചാബിലെ കാർണലിൽ നിന്നും അമേരിക്കയിലെത്തിയ മനീന്ദർ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു.
രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനു ശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവച്ച പ്രതി സ്റ്റോറിൽ നിന്നും ഇറങ്ങിയോടുന്നതായും ക്യാമറയിൽ ദൃശ്യങ്ങളുണ്ട്. പ്രതിയെ കണ്ടെത്തുന്നവർ 562 567 9281 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം തുടരുകയാണ്. രാവിലെ അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആദ്യം പോയത് മാഹത്മ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്കായിരുന്നു.
ഇവിടെ നിന്നും മോട്ടെര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ട്രംപ് കുരുക്കിലായത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും പേര് പ്രസംഗത്തിനിടയിൽ തെറ്റായാണ് ട്രംപ് ഉച്ചരിച്ചത്. ബോളിവുഡും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനിന്ന പ്രസംഗത്തിൽ എന്നാൽ ട്രംപിന്റെ നാക്ക് പിഴയ്ക്കുകയായിരുന്നു. സച്ചിൻ ടെൻഡുൽക്കറിന് പകരം ‘സൂച്ചിൻ ടെൻഡോൽക്കർ’ എന്നും വിരാട് കോഹ്ലിക്ക് പകരം ‘വിരോട് കോലി’ എന്നുമാണ് ട്രംപ് പറഞ്ഞത്.
ഇതിന് പിന്നാലെ ട്രംപിനെ ട്രോളി ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്രെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്സിൽ എഡിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഐസിസി രംഗത്തെത്തിയത്. സച്ചിന്റെ പേര് സൂച്ചിൻ എന്നാണ് തിരുത്തുന്നത്.
സ്വാമി വിവേകാനന്ദന്റെ പേരും പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെറ്റിച്ചാണ് ഉച്ചരിച്ചത്. മോദിയെ വാനോളം പ്രശംസിക്കുന്ന പ്രസംഗമായിരുന്നു മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു.
Sach-
Such-
Satch-
Sutch-
Sooch-Anyone know? pic.twitter.com/nkD1ynQXmF
— ICC (@ICC) February 24, 2020
മുപ്പത്തിയാറു മണിക്കൂര് നീളുന്ന സന്ദര്ശനത്തിനായി ട്രംപ് ഇന്ത്യയില്… എയര്ഫോഴ്സ് വണ് അഹമ്മദാബാദില് പറന്നിറങ്ങി, ട്രംപിനോടൊപ്പം ഭാര്യ മെലാനിയയും . ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില് പുതിയ അധ്യായമായി മാറാവുന്ന സന്ദര്ശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. 11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സര്ദാര് വല്ലഭായ് പട്ടേല് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നമസ്തേ ട്രംപ്’ പരിപാടിയില് ഇരു നേതാക്കളും പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല് സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്കുന്ന ഉച്ചവിരുന്നില് പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല് സന്ദര്ശിക്കും. വൈകീട്ട് ഡല്ഹിയിലെത്തും.
ഈ വര്ഷം നടക്കുന്ന അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റ് സ്ഥാനാര്ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മല്സരത്തില് ബെര്നി സാന്റേഴ്സിന് വീണ്ടും വിജയം. നെവാദയില് നടന്ന മല്സരത്തില് ബെര്നി സാന്റേഴ്സ് വന് വിജയം നേടി. നേരത്തെ ഐഓവയിലും ന്യൂഹാപ്ഷെയറിലും സാന്റേഴ്സ് വിജയിച്ചിരുന്നു.
ഒടുവില് വിവരം കിട്ടുമ്പോള് സാന്റേഴ്സിന് 47 ശതമാനം വോട്ടും ബിദന് 23 ശതമാനം വോട്ടും ലഭിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. ഇതില് എല്ലായിടത്തും വിജയം സാന്റേഴ്സിനായിരുന്നു.അടിസ്ഥാന മാറ്റത്തിന് സമയമായെന്ന് അമേരിക്കൻ ജനത തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇതെന്ന് ബെർനി സാൻ്റേഴ്സ് പ്രതികരിച്ചു. ഇനിയും ഒരു നുണയനെ പ്രസിഡൻറായി തുടരാൻ അനുവദിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിലൊക്കെ ഡെമോക്രാറ്റിക് പാർട്ടിയിലെ തൻ്റെ എതിരാളികളെ ഒഴിവാക്കി, ട്രംപിനെതിരെയായിരുന്നു സാൻ്റെഴ്സിൻ്റെ വിമർശനം. ട്രംപിനെ തോൽപ്പിക്കാൻ ശേഷിയുള്ള ഡെമോക്രാറ്റ് നേതാവാണ് താനെന്ന് അവതരിപ്പിക്കാനായിരുന്നു സാൻ്റേഴ്സ് ശ്രമിച്ചത്. വെർമോൻ് സംസ്ഥാനത്തിൽനിന്നുള്ള സെനറ്റർ കൂടിയാണ് ബെർനി സാൻ്റേഴ്സ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാര്ത്ഥിത്വത്തിന് വേണ്ടി മല്സരിച്ചപ്പോള് നെവാദയില് ഹിലരി ക്ലിന്റണായിരുന്നു വിജയം. സ്ഥാനാര്ത്ഥിത്വം തീരുമാനിക്കപ്പെടാന് ഇനിയും കടമ്പകള് ഏറെയുണ്ടെങ്കിലും സാന്റേഴ്സ് വ്യക്തമായ മുന്നേറ്റം തുടക്കത്തില് നടത്തി കഴിഞ്ഞുവെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഇതുവരെ ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള് സൂചിപ്പിക്കുന്നത്.
അടുത്ത മല്സരം നടക്കുക സൗത്ത് കരോലിനയില് ആണ്. ഇതുവരെ മല്സരം നടന്നതില് ഏറ്റവും വലിയ സംസ്ഥാനം ആണ് കരോലിന. ആഫ്രിക്കന് അമേരിക്കന് വംശജര് കൂടുതലായുള്ള ഇവിടെ ബിദന് മുന്തൂക്കം കിട്ടുമെന്നാണ് സര്വെകള് സൂചിപ്പിക്കുന്നത്.
മാര്ച്ച് മൂന്നിനാണ് നിര്ണായകമായ സുപ്പര് ട്യൂസ്ഡേ. അന്ന് പതിനാല് സംസ്ഥാനങ്ങളാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്ത്ഥിക്ക് വേണ്ടി വോട്ടുചെയ്യുക. ഇതില് ഏറ്റവും കൂടുതല് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാലിഫോര്ണിയയും ടെക്സാസും ഉള്പ്പെടുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആരാവും ഡൊണാള്ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാര്ത്ഥി എന്ന കാര്യത്തില് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് സ്ഥാനാര്ത്ഥികളാണ് ഇപ്പോള് മല്സര രംഗത്തുള്ളത്. ഇതില് സാന്റേഴ്സും എലിസബച്ച് വാരേനുമാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില് ഡെമോക്രാറ്റുകളുടെ അടിസ്ഥാനത്തില് വിശ്വാസം നേടിയെടുക്കാന് ശ്രമിക്കുന്നത്. എന്നാല് ഇവരുടെത് തീവ്ര നിലപാടുകളാണെന്ന വിമര്ശനമാണ് ഒബാമ ഉള്പ്പെടെയുള്ളവര് നടത്തുന്നത്. ഡെമോക്രാറ്റുകള് കൂടുതല് ഇടതുപക്ഷത്തേക്ക് പോകുന്നത് ശരിയല്ലെന്ന് ഒബാമ നേരത്തെ പറഞ്ഞിരുന്നു. അസമത്വം കാലവസ്ഥ വ്യതിയാനം സാമുഹ്യ സുരക്ഷ പദ്ധതികള് എന്നിവയുടെ കാര്യത്തിലാണ് മറ്റ് ഡെമോക്രാറ്റുകളില്നിന്ന് വ്യത്യസ്തമായ നിലപാട് സാന്റേഴ്സ് സ്വീകരിക്കുന്നത്.
‘ദി ബീസ്റ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 2018 മോഡൽ കാഡിലാക് ലിമോസിനിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിൽ റോഡ് മാർഗം സഞ്ചരിക്കുക. കാറുകൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ലോകത്തെവിടെയും യു. എസ് പ്രസിഡന്റ്, റോഡിൽ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനമാണ് ദി ബീസ്റ്റ്. ബീസ്റ്റിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രെട്ട് സെർവീസിനാണ് ഈ കാറിന്റെ പരിപാലന ചുമതല. ലോകത്തെ ഏറ്റവും സുരക്ഷിതം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിനെ ഒരു ടാങ്ക് എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. 5 ഇഞ്ച് ഘനമുള്ള കൂട്ടലോഹം കൊണ്ടുള്ള ബോഡിയാണ് ഇവന്റെ പ്രത്യേകത. ഉരുക്ക്, അലുമിനിയം, ടൈറ്റാനിയം എന്നീ ലോഹങ്ങൾക്ക് പുറമെ സെറാമികും ബോഡിയുടെ ഭാഗമാണ്. ഈ കനത്ത ബാഹ്യ കവചത്തെ ഭേദിക്കാൻ ഒരു മാതിരി ആയുധങ്ങൾക്കൊന്നും കഴിയില്ല. ബോയിങ് 757 വിമാനത്തിന്റെ കാബിൻ ഡോറിന് സമാനമാണ് എട്ട് ഇഞ്ച് ഘനമുള്ള ഇതിന്റെ ഡോറുകൾ.
വാതിൽ അടച്ചു കഴിഞ്ഞാൽ ഈച്ചക്കെന്നല്ല രാസായുധം പ്രയോഗിച്ചാൽ പോലും അകത്ത് കടക്കില്ല. അടച്ചു കഴിഞ്ഞ ശേഷം പുറമെ നിന്ന് അനധികൃതമായി ആരെങ്കിലും ഡോറിൽ തൊട്ടാൽ ഷോക്കേൽക്കുമെന്ന അപകടവുമുണ്ട്. അഞ്ച് ലെയറിൽ ഗ്ലാസ് പാളികളും പോളികാര്ബണും ചേർത്താണ് ഇതിന്റെ വിൻഡോ നിർമിച്ചിരിക്കുന്നത്. ഡ്രൈവറുടേത് ഒഴികെ ഒരു വിൻഡോയും തുറക്കാൻ കഴിയില്ല. ഡ്രൈവറുടെ ഗ്ലാസ് പോലും മൂന്ന് ഇഞ്ച് മാത്രമേ തുറക്കാൻ കഴിയൂ. ഈ വിൻഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണ്. കനത്ത ഉരുക്ക് ഷീറ്റുകളാൽ നിർമിതമായ വാഹനത്തിന്റെ ഷാസി ബോംബ് ആക്രമണത്തിലും തകരില്ല.
ഒരിക്കലും പഞ്ചറാകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത. സ്റ്റീൽ റിമ്മുകളോട് കൂടിയ ടയർ തകർന്നാലും വാഹനത്തിന് സഞ്ചരിക്കാൻ കഴിയും. ലിമോസിന്റെ ബാക്ക് സീറ്റ് ഏരിയയിലാണ് പ്രസിഡന്റ് ഇരിക്കുക. ഈ ഭാഗത്ത് നാലുപേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. പാനിക് ബട്ടൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നതിന് പുറമെ അടിയന്തിര ഘട്ടങ്ങളിൽ കാറിനകത്ത് പ്രാണവായു ഉറപ്പാക്കുന്ന സംവിധാനവും ഉണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ്, പെന്റഗൺ തുടങ്ങിയവയുമായി ബന്ധപ്പെടാൻ കഴിയുന്ന സാറ്റലൈറ്റ് ഫോൺ സദാ സജ്ജമായിരിക്കും. ഒരു അപകടം ഉണ്ടായാൽ പോലും വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല. അഗ്നി ബാധ തടയുന്നതിനുള്ള സംവിധാനം, ടിയർ ഗ്യാസ്, സ്മോക്ക് സ്ക്രീൻ ഉണ്ടാകാനുള്ള സംവിധാനം എന്നിവയും ഈ ലിമോസിനിൽ ഉണ്ട്.
പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ള രക്തവും ഇതിൽ സൂക്ഷിക്കും. ഡ്രൈവറുടെ കാബിനിൽ കമ്മ്യൂണികേഷൻ സംവിധാനം, ജി പി എസ് എന്നിവയും ഉണ്ട്. നൈറ്റ് വിഷനോട് കൂടിയ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. യു എസ് സീക്രെട്ട് സർവീസ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന ഡ്രൈവർമാരാണ് ഇതിന്റെ സാരഥികൾ. ഒരേപോലുള്ള നാലോ അഞ്ചോ കാറുകളുടെ വ്യൂഹമായാണ് സഞ്ചാരം. ഏതിലാണ് പ്രസിഡന്റ് ഇരിക്കുന്നതെന്ന് അറിയാൻ കഴിയില്ല. ഈ വാഹനത്തെ ചേസ് ചെയ്യുന്നതായി കണ്ടാൽ റോഡിൽ ഓയിൽ പരത്തുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. സുരക്ഷയുടെ അവസാന വാക്ക് എന്ന് ബീസ്റ്റിനെ വിശേഷിപ്പിക്കാം.
കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള് അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില് നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില് ടയറുകള് കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
നാട്ടുകാരെ തടയാന് പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്ഷമുണ്ടായി. ഏറ്റുമുട്ടലില് നിരവധിയാളുകള്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വുഹാനില് നിന്ന് വന്നവരെ നിരീക്ഷണത്തില് സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര് തടഞ്ഞത്.
മധ്യ യുക്രെയിനിലെ പൊള്ട്ടാവയിലെ നോവി സാന്ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില് നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില് നിന്ന് വന്നവരെ ഗ്രാമത്തില് താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.
പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില് ഒത്തുകൂടിയ നാട്ടുകാര് വാഹനങ്ങള്ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള് ഉള്പ്പെടെ കല്ലേറില് തകര്ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര് വ്യോഗോവ്സ്കി അറിയിച്ചു.
ഈയാഴ്ച ആദ്യം പടിഞ്ഞാറന് നഗരങ്ങളായ ടെര്നോപിലിലും എല്വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന് കേന്ദ്രങ്ങള് ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്ന്നായിരുന്നു ജനങ്ങള് റോഡില് തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.
വൈറസ് ബാധിത മേഖലകളില് നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന് പ്രസിഡന്റെ വ്ളാഡിമിര് സെലന്സ്കി രാജ്യത്തെ ജനങ്ങളോട് അഭ്യര്ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില് നിന്ന് പ്രത്യേക വിമാനത്തില് യുക്രെയ്നിലെത്തിയച്ചത്.
#Ukrainian protesters hurl stones at buses carrying #Wuhan #coronavirus evacuees in #NovyeSanzhary
MORE: https://t.co/6emEcaEANu pic.twitter.com/VgZ9wk9uwg
— RT (@RT_com) February 20, 2020
Riot police violently quash #coronavirus quarantine protesters in a #Ukrainian village
MORE: https://t.co/6emEcaEANu pic.twitter.com/4T9gT2OjDd
— RT (@RT_com) February 20, 2020
വാഷിംഗ്ടൺ: ഇന്ത്യാ സന്ദർശന വേളയിൽ വ്യാപാരക്കരാർ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് അത്തരം ചർച്ചകൾ ഇല്ല. വലിയ പ്രഖ്യാപനങ്ങൾ പിന്നീടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്ത്യ സന്ദർശനം നിലവിലെ വ്യാപാര ബന്ധത്തിൽ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. ഇന്ത്യന് സന്ദര്ശനത്തിനായി താന് കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയെ തനിക്ക് ഒരുപാടിഷ്ടമാണെന്നും ഗുജറാത്തിൽ 70 ലക്ഷത്തോളം ആളുകൾ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞു. അതിൽ താൻ അവേശഭരിതനാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്ശനം.
മുസ്ലീം ആരാധാനാലയങ്ങൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ജർമ്മനിയിലെ മുസ്ലീംങ്ങള്. പള്ളികൾക്കുൾപ്പെടെ കൂടുതല് പോലീസ് സംരക്ഷണം വേണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആവശ്യം.
10 ജർമ്മൻ സംസ്ഥാനങ്ങളിലെ പള്ളികളില് പ്രാർത്ഥനയ്ക്കിടെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളെയാണ് ജര്മ്മന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കൂടുതല് സമക്ഷണം എന്ന ആവശ്യവുമായി മുസ്ലിം സമുദായം രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം ന്യൂസിലന്ഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലിം പള്ളിയില് നടന്ന ഭീകരാക്രമണത്തില് നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായ 12 പേര് എന്നായിരുന്നു അറസ്റ്റ് വിഷയം വിശദീകരിച്ച സർക്കാർ വക്താവ് പ്രതികരിച്ചത്. രാജ്യത്ത് പുതിയൊരു തീവ്രവാദ സംഘം രൂപീകരിക്കപ്പെട്ടതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണത്തിലൊടുവിലായിരുന്നു നടപടികൾ.
സംഘത്തിന്റെ നീക്കങ്ങളും സംഭാഷണങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുമായി മുന്നോട്ട് പോയത്. 12 പേരാണ് പോലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നത്.
അതിൽ 53 കാരനായ വെർണറുടെ നേതൃത്വത്തില് രാജ്യത്തുടനീളമുള്ള മുസ്ലിംകളെ ആക്രമിക്കാനുള്ള ‘കമാൻഡോകളെ’ നിയമിച്ചുകൊണ്ട് ശക്തമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടു പേരെ ആയുധങ്ങൾ വാങ്ങുന്നതിനായി നിയോഗിച്ചു. ഒപ്പം, എല്ലാ അംഗങ്ങളും 42,000 ഡോളർ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, തീവ്രവാദ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസിന്റെ ചാരൻ അതിവിദഗ്ദമായി വിവരങ്ങള് ചോര്ത്തി നൽകുകയായിരുന്നു. വലിയൊരു ഗൂഡാലോചനയാണ് കൃത്യമായ നീക്കത്തിലൂടെ തകര്ക്കാന് കഴിഞ്ഞത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളില് പുതിയൊരു തീവ്രവാദ സംഘം രൂപം കൊണ്ടതില് താൻ ആശങ്കാകുലനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജോർൺ ഗ്രീൻവാൾഡർ പറഞ്ഞു.
കൊറോണ വൈറസ് മൂലം ജപ്പാന് തീരത്ത് തടഞ്ഞുവച്ചിരുന്ന ഡയമണ്ട് പ്രിന്സസ് എന്ന ക്രൂയിസ് ഷിപ്പില് ഉണ്ടായിരുന്ന യുഎസ് പൗരന്മാരെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. രണ്ട് വിമാനങ്ങളിലായാണ് ഇവരെ ടോക്കിയോയിലെ ഹനേഡ എയര്പോര്ട്ടില് നിന്ന് കൊണ്ടുപോയത്. നാനൂറോളം യുഎസ് പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. കൊറോണ ഇന്ഫെക്ഷന് കണ്ടെത്തിയതിനെ തുടര്ന്ന് ഫെബ്രുവരി മൂന്നിന് കപ്പല് ക്വാറന്റൈന് ചെയ്യുകയായിരുന്നു.
ജപ്പാനില് 40ഓളം അമേരിക്കക്കാര്ക്ക് കൊറോണ ഇന്ഫെക്ഷന് ബാധിച്ചിരുന്നു. 3700നടുത്ത് യാത്രക്കാരുണ്ടായിരുന്ന ഡയമണ്ട് പ്രിന്സസിനെ ജപ്പാനിലെ യോക്കാഹാമ തുറമുഖത്താണ് തടഞ്ഞുവച്ചത്. ഹോങ്കോങ്ങില് ഇറങ്ങിയ ആള്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് കപ്പല് ക്വാറന്റൈന് ചെയ്തത്. അതേസമയം കപ്പലിലെ കൊറോണ കേസുകള് 70ല് നിന്ന് 355 ആയി ഉയര്ന്നതായി ജാപ്പനീസ് അധികൃതര് പറയുന്നു.
യുഎസില് എത്തിയ ശേഷം ഇവരെ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന് ചെയ്യും. ചില അമേരിക്കക്കാര് ഒഴിയാന് വിസമ്മതിച്ചതായി ബിബിസി റിപ്പോര്ട്ട് ചെയ്യുന്നു. ഇവര് 19ന് ഷിപ്പ് ക്വാറന്റൈന് അവസാനിക്കാന് കാത്തിരിക്കുകയാണ്.
അതേസമയം ചൈനയില് മരണം 1692 മരണങ്ങളായി. ചൈനയിൽ മൊത്തം കേസുകൾ 70,000 കടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 58,182 കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച 2048 കേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില് 1933 പേരും ഹുബെയ് പ്രവിശ്യയിലാണ്.