World

അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2:30)യോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ’കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാൻ ഡേവിഡ് ഒകോണൽ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാൻ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

വൈദികനായും പിന്നീട് ലോസ് ഏഞ്ചൽസിൽ ബിഷപ്പായും നാൽപ്പത്തിയഞ്ച് വർഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്നേഹം പുലർത്തിയിരുന്ന ആഴമായ പ്രാർത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

 

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. ടെന്നസി സ്റ്റേറ്റ് ലൈനിന് സമീപമുള്ള മിസിസിപ്പിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുട്ട്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസോസിയേറ്റഡ് പ്രസ്/യുഎസ്എ ടുഡേ ഡാറ്റാബേസ് പ്രകാരം ജനുവരി 23ന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ കൂട്ടക്കൊലയാണിത്.

വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്ന ഒരു പുരുഷനായ പ്രതി കസ്റ്റഡിയിലുണ്ടെന്നും ഗവര്‍ണര്‍ ടേറ്റ് റീവ്‌സിന്റെ ഓഫീസ് അറിയിച്ചു. പ്രതി ഒറ്റയ്ക്ക് ആക്രമണം നടത്തിയെന്നാണ് വിശ്വാസം. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ടേറ്റ് കൗണ്ടി ഷെരീഫിന്റെ ഡിസ്പാച്ചര്‍ ഷാനന്‍ ബ്രൂവറും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രൂവര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, ഇമെയില്‍ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സമീപത്തെ ഒരു ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹൈസ്‌കൂളും അടച്ചിട്ടു. അപകട ഭീഷണി ഒഴിഞ്ഞതോടെ ഇവ വീണ്ടും തുറന്നു. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും കോള്‍ഡ്വാട്ടര്‍ എലിമെന്ററി സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ അറിയിപ്പെത്തി.

ടെന്നസിയിലെ മെംഫിസിന് തെക്ക് 30 മൈല്‍ (50 കിലോമീറ്റര്‍) അകലെയാണ് അര്‍ക്കബുട്ട്‌ല സ്ഥിതി ചെയ്യുന്നത്. 2020 ലെ സെന്‍സസ് പ്രകാരം 285 പേര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. സമീപത്തുള്ള അര്‍ക്കബുത്ല തടാകം ഒരു പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രമാണ്.

ടെക്സസിൽ കാണാതായ മലയാളി യുവാവി​ന്റെ മൃതദേഹം കണ്ടെത്തി. ജെയ്‌സൺ ജോൺ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ യുവാവിനെ കാണാതായ താടാകത്തിൻറെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 5നാണ് ജെയ്‌സണിനെ കാണാതാവുന്നത്. 9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.

ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിൻറെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ന്യൂയോർക്കിൽ പോർട്ട്‌ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് ജെയ്‌സണിൻറെ കുടുംബം. ഐടി രംഗത്തു പ്രവർത്തിക്കുന്ന ജേസൺ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനിൽ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലർച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിൻറെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്.

അശ്രദ്ധമായ വണ്ടിയോടിച്ചു എന്നാരോപിച്ചാണ് നിക്കോള്‍സിനെതിരേ ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തിയത്.എന്നാല്‍ അങ്ങനെ വണ്ടിയോടിച്ചതിന് തെളിവ് നല്‍കാന്‍ മര്‍ദിച്ച പോലീസുകാര്‍ക്കായില്ല.ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്.

പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ പലവിധത്തില്‍ ക്രൂരമായി ആക്രമിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്.

പക്ഷേ, തങ്ങളുടെ ക്രൂരവിനോദങ്ങളില്‍ നിക്കോളാസിന് വേദനിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് പോലീസുകാര്‍.നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്. ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടും, അത്തരത്തിലൊന്ന് വീണ്ടുമെങ്ങനെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ഭുതം കൂറുകയാണ് ലോകം.

തെറിവിളികളും അക്രമങ്ങളുമടങ്ങിയ മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്. ആദ്യമൊരു പോലീസ് നിക്കോളാസിനെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നുണ്ട്. തുടര്‍ന്ന് നിലത്ത് കിടത്താന്‍ ശ്രമിക്കുന്ന പോലീസിനോട് ഞാനൊന്നും ചെയ്തില്ലെന്ന് പറയുകയാണ്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേയടിക്കും. തുടര്‍ന്ന് നിരന്തരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.

അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പിടിച്ചുവെച്ചും ബാക്കിയുള്ളവര്‍ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പുറത്തുവന്നത്. മുഖത്തും വയറിനും തുടങ്ങി ശരീരത്തില്‍ അടി കൊള്ളാത്ത ഒരിടമില്ല എന്നു പറയാനാവുന്ന വിധത്തില്‍ പെരുമാറിയിട്ടുണ്ട് പോലീസുകാര്‍.

അതേസമയം സംഭവത്തില്‍ നിക്കോള്‍സിന്റെ അമ്മ റോവോഗന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയതോതില്‍ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നഗരം ചുട്ടെരിക്കാനോ തെരുവുകളില്‍ അക്രമം അഴിച്ചുവിടാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. എന്തെന്നാല്‍ അതിനുവേണ്ടിയല്ല എന്റെ മകന്‍ നിലകൊണ്ടത്. നിങ്ങള്‍ ഇവിടെ എനിക്കുവേണ്ടിയും എന്റെ മകന്റെ കൊലപാതകത്തിനെതിരായുമാണ് നിലകൊള്ളുന്നതെങ്കില്‍ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും അമ്മ പറഞ്ഞു.

 

 

പറക്കുംതളികകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. വീണ്ടും പറക്കുംതളികയെ കണ്ടുവെന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത രൂപത്തെ അമേരിക്കയിലെ ആകാശത്ത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

അതേസമയം ഈ രൂപം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ഒരു വസ്തുവാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയിലുള്ള യാതൊന്നുമായും അതിന് സാമ്യമില്ല. പരിശോധനയില്‍ കണ്ടെത്തിയതും അങ്ങനെയാണ്.

ഇതുവരെ കാണാത്ത അജ്ഞാതമായ ഒരു സ്‌പേസ്ഷിപ്പിന്റെ രൂപത്തിലുള്ള വസ്തുവിനെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് മുകളിലായിട്ടാണ് ഇവയെ കണ്ടത്. എന്നാല്‍ പറക്കുംതളികയായിട്ടാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെ പറയുന്നത്. ആകാശത്ത് ഇത്തരമൊരു രൂപത്തെ കണ്ട് സൈനികര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഇതൊരു ഡ്രോണാണെന്ന വാദങ്ങളെ ഈ നാവികസേന ഉദ്യോഗസ്ഥന്‍ തള്ളുന്നു.

ഭൂമിയില്‍ നിന്നുള്ള ഒരു വാഹനവുമല്ല അത്. തീരെ ചെറുതായ ഒരു വാഹനമാണ് അത്. ഡ്രോണുകളുടെ ഗണത്തില്‍ വരുന്നതല്ല അതെന്ന് ഇയാള്‍ പറയുന്നു. യുഎസ്എസ് പോള്‍ ഹാമിള്‍ട്ടണിനെ നാവികനാണ് ഈ ദൃക്‌സാക്ഷി. എന്നാല്‍ തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഒരു പോഡ്കാസ്റ്റിന് വേണ്ടിയാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. സാധാരണ കാണുന്ന ഡ്രോണുകളെ പോലെയല്ല ഇവ പെരുമാറിയിരുന്നത്. അതിന്റെ പറക്കലും അത്തരത്തില്‍ ഉള്ളതല്ല. ഇവ കപ്പലിന് മുകളിലൂടെ സഞ്ചരിച്ച് ബേസ് സ്റ്റേഷനിലേക്ക് മടങ്ങി പോകവുകയാണ് ചെയ്യാറുള്ളത്.

ഇത് ഒരു സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമായ രീതികള്‍ തീര്‍ത്തും വിചിത്രമായിരുന്നു. സാധാരണ നിരീക്ഷണത്തിനായി അയക്കുന്ന ഡ്രോണുകള്‍ പരിശോധന കഴിഞ്ഞാല്‍ വേഗം മടങ്ങി പോകും. എന്നാല്‍ ഈ പറക്കുംതളിക അത്തരത്തിലായിരുന്നില്ല. അതുകൊണ്ട് യുഎസ് ഇന്റലിജന്‍സിനെ വിവരമറിയിച്ചു എന്നാണ് നാവികന്‍ പറയുന്നത്. പെന്റഗണ്‍ കുറച്ച് കാലമായി ഈ അജ്ഞാത ബഹിരാകാശ വാഹനത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ പറക്കുംതളികയെന്ന് വിശേഷിപ്പിക്കാറില്ല. അണ്‍ഐഡന്റിഫൈഡ് എരിയന്‍ ഫെനോമെന എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഈ നാവികന്‍ പറയുന്നത് ഇതെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത വാഹനങ്ങളെന്നാണ്. അതിനര്‍ത്ഥം പറക്കുംതളികകള്‍ തന്നെയാണെന്നാണ്. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ച് പറയുന്നില്ല. യുഎഎസ് എന്ന് മാത്രമാണ് ഇപ്പോള്‍ വിളിക്കുക. അതേസമയം ഈ വാഹനത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് യുഎസ് നാവികന്‍ പറയുന്നു. കാരണം അത്രത്തോളം വലിപ്പമുള്ള ഒന്നായിരുന്നില്ല ഇത്. അതിന് മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായിരുന്നു. അതുകൊണ്ട് ആളില്ലാത്ത ഒരു നിരീക്ഷണ വാഹനമായി ഇതിനെ തോന്നിയെന്ന് നാവികന്‍ പറഞ്ഞു.

ഞങ്ങളുടെ കപ്പല്‍ നിന്നിരുന്ന സ്ഥലം, സമുദ്രത്തില്‍ നിന്ന് വളരെ ഉള്ളിലോട്ടായിരുന്നു. അടുത്തൊന്നും കരയില്ലായിരുന്നു. അവിടേക്ക് ഡ്രോണുകള്‍ക്ക് ഒരിക്കലും എത്തിപ്പെടാനാവില്ല. അത് മാത്രമല്ല ഇവയിലേക്ക് പിന്നീട് കരയിലേക്ക് പോകാനും സാധിക്കില്ല. ഏതെങ്കിലും ശത്രു രാജ്യത്തിന്റെ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാവാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ വന്നതാണെന്ന കാര്യത്തെ ഇവര്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് റിപ്പോര്‍ട്ടുകളെ വിദഗ്ധര്‍ തള്ളുന്നു.

ഇതൊരിക്കലും ശത്രു രാജ്യത്തിന്റെ നിരീക്ഷണ വാഹനമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയ്ക്ക് സമയത്തെയും, മറികടന്ന്, അതിന്റെ സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. 1800 മൈലുകള്‍ താണ്ടി ഒരു ഡ്രോണ്‍ എത്തുകയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അജ്ഞാത വാഹനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. കൃത്യമായി കാണുന്ന തരത്തിലായിരുന്നില്ല ഇവയുണ്ടായിരുന്നത്. അത് മാത്രമല്ല യുഎസ്സിനോ ഭൂമിയിലുള്ള മറ്റേതെങ്കിലും രാജ്യത്തിനോ അറിയാത്ത സാങ്കേതികവിദ്യയാണ് ഇവ ഉപയോഗിച്ചതെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞു.

 

പോലീസ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശിനിയും യുഎസ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാർത്ഥിനിയുമായ ജാൻവി കൻന്ദുല (23) ആണ് മരിച്ചത്. കഴഞ്ഞദിവസം രാത്രി യുഎസ് പോലീസിന്റെ പെട്രോളിംഗ് വാഹനം ഇടിച്ച് തെറിപ്പിച്ച ജാൻവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോമസ് സ്ട്രീറ്റിന് സമീപത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ജാൻവിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒന്നിലധീകം മാരകമായ മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം അരമഭിച്ചു.

 

മൈക്കിൾ ജാക്‌സന്റെ മുൻ ഭാര്യ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജനുവരി 12ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

‘റോക്ക് ആൻഡ് റോൾ’ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ മേരി പ്രെസ്ലി. 1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോൾ പ്രെസ്ലിയുടെ പിതാവായ എൽവിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ൽ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കൺസേൺ’ എന്ന ആൽബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആൽബം വലിയ ഹിറ്റായി മാറി.

വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയിൽ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിൾ ജാക്‌സനെ വിവാഹം കഴിച്ചത്. 6 വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ൽ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞു.

2002ൽ നടൻ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്‌തെങ്കിലും 2004ൽ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസർ മൈക്കിൾ ലോക്ക്‌വുഡായിരുന്നു വരൻ. 15 വർഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ൽ അവസാനിക്കുകയും ചെയ്തു. ജനുവരി 10ന് നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങിൽ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു.

അമേരിക്കയില്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണ് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 93 സര്‍വീസുകള്‍ റദ്ദാക്കി. 1200 വിമാനങ്ങള്‍ വൈകുകയാണ്.

കംപ്യൂട്ടര്‍ തകരാറിലായതിനാല്‍ യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ എയര്‍സ്‌പേസ് സിസ്റ്റത്തിലുടനീളമുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. എയര്‍ മിഷന്‍ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയി‍ൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.

കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.

യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു.   കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.

തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.

അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.

ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved