ഫ്രാങ്ക്ഫർട്ട്: പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ദിനം പ്രതി കൂടുന്ന വാർത്തകൾ കേൾക്കുമ്പോൾ തന്നെ അപകട മരണങ്ങളുടെ വാർത്തകളും വർദ്ധിക്കുന്നത് സങ്കടകരമായ ഒരു കാര്യമാണ്. പലപ്പോഴും വിനോദയാത്രകൾക്ക് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും അപകട മുന്നറിയിപ്പുകളും പലരും മറന്നുപോകുന്നു എന്നത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ജർമ്മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തൊടുപുഴ സ്വദേശി എബിന്‍ ജോ എബ്രഹാം ആണ് മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് ആസ്പദമായ അപകടം സംഭവിച്ചത്. മ്യൂണിക്കില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന എബിന്‍ കോളജില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ സഞ്ചാരത്തിനു പോയത്. തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബിടെക് പഠനത്തിനു ശേഷം രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയില്‍ എത്തിയത്. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ മകനാണ്. സംസ്‌കാരം തൊടുപുഴയിലാണ് നടക്കുക. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.
വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയാണ് മാതാവ്.
സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ).
കാസാ ഗ്രാൻഡേ ∙ തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഹൈസ്ക്കൂളിലേക്ക് പഠിക്കാൻ പോകുമ്പോൾ പതിനഞ്ചുകാരിയായ ശ്രേയ മുത്തു എന്ന പാതിമലയാളി കോളജിലേക്കാണ് പോകുന്നത്. സംശയിക്കണ്ട, പഠനത്തിൽ മിടുക്കിയായ ഈ പതിനഞ്ചുകാരിയെ തേടിയെത്തിയത് വലിയ അവസരങ്ങളാണ്. ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തിൽ എത്തിയത്. 15 വയസ്സ് പൂർത്തിയായപ്പോഴേക്കും ചെറുമകൾ ഗ്രാജുവേഷനിലേക്ക് കടന്നുവെന്ന് അഭിമാനത്തോടെ ശ്രേയയുടെ അമ്മയുടെ പിതാവ് ഡോ. ജഗദീശൻ പറയുന്നു. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ അദ്ഭുതം സൃഷ്ടിക്കുന്നത്.
ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർഥിയായിരുന്നു ശ്രേയ. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.
മാതൃക രക്ഷിതാക്കൾ തന്നെ
ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ‘ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്’– ശ്രേയ പറഞ്ഞു.
ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.
പ്രതീക്ഷകൾ
പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അധ്യാപകരുമായി ഇപ്പോൾ തന്നെ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രേയ പറഞ്ഞു. മറ്റു കുട്ടികളോട് ശ്രേയയ്ക്ക് പറയാനുള്ളത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകണമെന്നാണ്. നേരത്തെ തന്നെ എന്തായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക. പിന്നീട്, അതിനായി കഠിനാധ്വാനം ചെയ്യുക–ശ്രേയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.
‘ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു’ കരഞ്ഞുകൊണ്ട് റോഡ്രിഗസ് പോലീസിനോട് പറഞ്ഞു.എട്ട് മണിക്കൂർ ഷിഫ്റ്റിൽ 30 ° C ചൂടിൽ കാറിനുള്ളിൽ ഇരുത്തിയ ഇരട്ട കുഞ്ഞുങ്ങളുടെ മരണം. ജോലിക്ക് പോകുന്നതിനുമുമ്പ് ന്യൂയോർക്കിലെ ഡേകെയറിൽ സെന്ററിൽ കുട്ടികളെ ആക്കാൻ മറന്നു പോയി പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.
39 കാരനായ ജുവാൻ റോഡ്രിഗസ് കോടതിയിൽ കരഞ്ഞു. ക്രിമിനൽ അശ്രദ്ധമായ നരഹത്യ, ഒരു കുട്ടിയുടെ ക്ഷേമത്തിന് അപകടം എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തി കേസ്. ജൂലൈ 26 വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ന്യൂയോർക്ക് സിറ്റിയിലെ ദി ബ്രോങ്ക്സിൽ ഹോണ്ട അക്കോർഡിന്റെ പിൻസീറ്റിൽ പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകളായ ലൂണയും ഫീനിക്സും ഇരുത്തി ജോലിയ്ക്കു പോയത്. ഒരു സാമൂഹ്യ പ്രവർത്തകയെന്ന നിലയിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 4 മണിക്ക് അച്ഛൻ കാറിൽ തിരിച്ചെത്തി, കുട്ടികളെ ‘വായിൽ നുരയുന്നത്’ കണ്ടെത്തി.
അഞ്ചുപേരുടെ പിതാവായ റോഡ്രിഗസിനെ ഒരു ലക്ഷം ഡോളർ ജാമ്യത്തിൽ (ഏകദേശം 80,700 ഡോളർ) ശനിയാഴ്ച വിട്ടയച്ചു. ഓഗസ്റ്റ് ഒന്നിന് ഇയാൾ വീണ്ടും കോടതിയിൽ ഹാജരാകണം.ജോലി കഴിഞ്ഞ് തിരിച്ചെത്തി വാഹനത്തിൽ കയറിയപ്പോൾ ആണ് കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് റോഡ്രിഗസ് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് അദ്ദേഹം 911 എന്ന നമ്പറിൽ വിളിച്ചു.അദ്ദേഹം പോലീസിനോട് പറഞ്ഞു: ‘ഞാൻ ശൂന്യമായി. എന്റെ കുഞ്ഞുങ്ങൾ മരിച്ചു. ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു. ’
ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ഫെർണാണ്ടോ കാബ്രെറ പറഞ്ഞു. ‘വാഹനത്തിൽ വിന്ഡോകർ സൺ ഗ്ലാസ് വച്ച് മറച്ചിരുന്നു, അതിനാൽ കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് ഉണ്ടെന്ന് ആർക്കും ശ്രദ്ധിക്കാനാവില്ല.’റോഡ്രിഗസ് തന്റെ കാറിൽ തിരിച്ചെത്തിയ ശേഷം ‘നിലവിളിക്കുന്നത്’ കണ്ടതായി സംഭവസ്ഥലത്തെ സാക്ഷികൾ വിവരിച്ചു.
സംഭവസമയത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടെന്നും ഇരട്ടകൾ ഇരിക്കുന്ന കാറിനുള്ളിൽ അസഹ്യമായ ചൂട് ആയിരുന്നു എന്നും പറയപ്പെടുന്നു. അടുത്ത മാസം അവരുടെ ആദ്യ ജന്മദിനം ആഘോഷിക്കാൻ അവരുടെ മാതാപിതാക്കൾ ഒരു വലിയ പാർട്ടി തന്നെ ഒരുക്കിയിരിക്കെയാണ് ഈ ദാരുണ അന്ത്യം അടുത്ത സുഹൃത്തുക്കളായ അയൽവാസികൾ പറഞ്ഞു
മോസ്കോ: റഷ്യൻ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീർക്കുകയും തൊലി ചുവക്കുകയും ചെയതതോടെയാണ് അധികൃതരുടെ നടപടി. അതേസമയം, അലർജി രോഗം മൂലമായിരിക്കാം നവൽനിയിൽ ഇത്തരം മാറ്റമുണ്ടായിരിക്കുന്നതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ രോഗകാരണം വ്യക്തമല്ലെന്നും ഇതാദ്യമായാണു നവൽനിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് കിര യാർമൈഷ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ നവൽനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ പ്രശ്നം ഇന്ത്യ- പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല- രവീഷ്കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ അത്തരം ഉഭയകക്ഷി ചർച്ചകൾ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ച മുൻപ് കണ്ടപ്പോൾ കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയും മോദിയും ട്രംപും കണ്ടിരുന്നു. കാഷ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല.
ടെഹ്റാൻ: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ക്കുവേണ്ടി വിവരങ്ങൾ ചോർത്തിയ 17 പേരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇവരിൽ ചിലരെ വധിച്ചെന്നും ഇറാൻ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സിഐഎയുടെ വൻചാരശൃംഖല തകർത്തെന്നാണ് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ടിവി ചാനൽ റിപ്പോർട്ട് ചെയ്തത്. സിഐഎ ഉദ്യോഗസ്ഥരുടേതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. സാന്പത്തിക, ആണവ, സൈനിക, സൈബർ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കന്പനികളിൽ ജോലി ചെയ്തിരുന്നവരെയാണു ചാരപ്രവർത്തനത്തിനു പിടികുടിയതെന്നാണു സൂചന.
ഇവർ രഹസ്യങ്ങൾ ചോർത്തി അമേരിക്കയ്ക്കു കൈമാറിയെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ ആരോപിക്കുന്നു. ഇറാന്റെ ആരോപണം സംബന്ധിച്ച് സിഐഎയോ യുഎസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനും അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ വെളിപ്പെടുത്തൽ. സിഐഎ ചാരശൃംഖല തകർത്തെന്ന് ജൂണിൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതുമായി പുതിയ വെളിപ്പെടുത്തലിനു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.
ജൂലൈ നാലിനു ബ്രിട്ടന്റെ റോയൽ മറൈൻസ് ഇറാനിയൻ ടാങ്കർ പിടിച്ചെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇറാൻ ബ്രിട്ടീഷ് ടാങ്കറും പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയടക്കമുള്ള സഖ്യരാഷ്ട്രങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ന്യൂയോർക്ക്: ഇറാഖിലെ യസീദി പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുളള നൊബേല്‍ പുരസ്കാര ജേതാവ് നദിയ മുറാദ് കാണാനെത്തി. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട മറ്റ് ഇരകള്‍ക്കൊപ്പമാണ് മുറാദ് ട്രംപിനെ കാണാനെത്തിയത്. ഓവല്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ നദിയ മുറാദിന് എന്തിനാണ് നൊബേല്‍ കിട്ടിയത് എന്നായിരുന്നു ട്രംപിന്റെ ചോദ്യം.
‘നിങ്ങള്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നു അല്ലേ? വളരെ നന്നായിരിക്കുന്നു. എന്ത് കാരണത്തിനാണ് നിങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചത്?,’ ട്രംപ് ചോദിച്ചു. ഒരു നിമിഷം സ്തബ്ധയായി നിന്ന മുറാദ് തന്റെ ജീവിത കഥ വിവരിച്ചു.
‘ഇതൊക്കെ സംഭവിച്ചിട്ടും ഞാന്‍ പരിശ്രമം ഉപേക്ഷിച്ചില്ല. ഐഎസ്ഐഎസ് ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. എന്തെങ്കിലും ചെയ്യണം. ഇത് ഒരു കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല,’ മുറാദ് ട്രംപിനോട് പറഞ്ഞു.
യസീദികള്‍ക്ക് തിരികെ വരാനുളള സുരക്ഷ നല്‍കണമെന്ന് ഇറാഖിനോടും കുര്‍ദിഷ് സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് മുറാദ് പറഞ്ഞു. എന്നാല്‍ ഐഎസ്ഐഎസ് നശിച്ചില്ലേയെന്നും ഇപ്പോള്‍ കുര്‍ദിഷ് ആരുമായാണ് പോരാട്ടമെന്നും ട്രംപ് ചോദിച്ചു.
ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയ യസീദി പെണ്‍കുട്ടിയാണ് നദിയ മുറാദ്. 2014 ഓഗസ്റ്റില്‍ ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു മുറാദ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെണ്‍കുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. അതിന് ശേഷമാണ് അന്ന് 21 വയസുണ്ടായിരുന്ന മുറാദിനെ തീവ്രവാദികള്‍ ലൈംഗിക അടിമയാക്കിയത്.
മലാല യൂസഫ് സായ് കഴിഞ്ഞാല്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ നൊബേല്‍ ജേതാവാണ് 25കാരിയായ മുറാദ്. ഭീകരരുടെ കൈയ്യില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി മുറാദിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. യസീദികളുടെ ദുരിതം ലോകത്തിന് മുമ്പില്‍ അറിയിക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് മുൻപില്‍ വന്ന് തന്റെ പീഡനത്തെ കുറിച്ച് എണ്ണിപ്പറഞ്ഞ യുവതിയായിരുന്നു അവര്‍. 2014-ലാണ് ഇരുവരെയും ഐഎസ് ഭീകരര്‍ തടവിലാക്കിയത്. തടവിലാക്കുമ്പോള്‍ മുറാദിന് 21 വയസും ബാഷറിനു 16 വയസുമായിരുന്നു. തടവില്‍ പാര്‍പ്പിക്കപ്പെട്ട് നിരന്തരം പീഡനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയായ ഇവര്‍ 20 മാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാല്‍, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐഎസ് ഇരകളെ ഒരു ഇറാഖി ആശുപത്രി മേധാവിയും തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.
ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേല്‍ക്കുകയും ചെയ്തു. യസീദികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ ലോകസമൂഹം കാണിക്കുന്ന നിസംഗതയില്‍ നദിയ പൊതുവേദികളില്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ലോകത്തിന് മുമ്ബില്‍ യസീദി പെണ്‍കുട്ടികള്‍ എത്രത്തോളം പീഡനത്തിന് ഇരയാകുന്നുണ്ട് എന്ന വിവരം വെളിച്ചത്തു കൊണ്ടുവന്നത്.
യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്ന വിവരം ലോകത്തെ ഞെട്ടിച്ചത് നദിയയുടെ വാക്കുകളിലൂടെയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.
2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു നദിയ. 2014ല്‍ യസീദി നഗരമായ സിഞ്ചറില്‍ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരര്‍ കണക്കാക്കിയിരുന്നത്. മൊസൂളില്‍ നിന്നും 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഞ്ചര്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇവിടെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പോലും ഐഎസ് ഭീകരര്‍ ലൈംഗിക അടിമയാക്കി.
വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്‍റെ പ്രകോപനപരമായ പരാമർശങ്ങളെ അപലപിച്ച് യു.എസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടി സഭയിലെ 240 അംഗങ്ങളില്‍ 187 പേരും അനുകൂലിച്ച് വോട്ട് ചെയ്തു.
ടെക്സസിലെ പ്രതിനിധികളായ വിൽ ഹർഡ്, പെൻസിൽവാനിയയിലെ ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്, മിഷിഗനിലെ ഫ്രെഡ് ആപ്‌റ്റൺ, ഇന്ത്യാനയിലെ സൂസൻ ബ്രൂക്‍സ് എന്നീ നാല് റിപ്പബ്ലിക്കൻമാർ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചത്. ട്രംനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്ത ശേഷം അടുത്തിടെ പാർട്ടി വിട്ട് സ്വതന്ത്രനായി രജിസ്റ്റർ ചെയ്ത മിഷിഗഗണില്‍നിന്നുള്ള മുന്‍ റിപ്പബ്ലിക്കൻ പ്രതിനിധി ജസ്റ്റിൻ അമാഷും ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തു.
യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപ് തുടരെത്തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ പുരോഗമനവാദികളാണ്, ഇടതുപക്ഷ ചായ്‌വുള്ള നയങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ്.
നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍, ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘പ്രസിഡന്റിന്റെ വംശീയ ട്വീറ്റുകളെ അപലപിച്ചുകൊണ്ട് എല്ലാ അംഗങ്ങളും ഈ സഭയ്ക്കൊപ്പം നില്‍ക്കണമെന്നാണ്’ സ്പീക്കർ നാൻസി പെലോസി പറഞ്ഞത്. അതില്‍ കുറഞ്ഞ് എന്തെങ്കിലും ചെയ്യുന്നത് നമ്മുള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ തിരസ്കരിക്കുന്നതിനു തുല്യവും, അമേരിക്കൻ ജനതയെ സംരക്ഷിക്കുമെന്ന നമ്മുടെ സത്യപ്രതിജ്ഞാ ലംഘനവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രസിഡന്റിന്റെ വാക്കുകളെ പൂര്‍ണ്ണമായും ശേരിവെച്ചുകൊണ്ടാണ് റിപ്പബ്ലിക്കൻമാർ പ്രമേയത്തെ നേരിട്ടത്. ഇതൊരു വംശീയ വിഷയമല്ലെന്നും പ്രത്യേയശാസ്ത്രപരമായ പ്രശ്നമാണെന്നും അവര്‍ വാദിച്ചു. ഡെമോക്രാറ്റിക് കോൺഗ്രസ് വനിതകളെ “സോഷ്യലിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ച അവര്‍ ‘രാജ്യദ്രോഹികളെന്നു’ മുദ്രകുത്തുകയും ചെയ്തു. ‘പ്രസിഡന്റ് വംശീയവാദിയല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് നേതാവ് മിച്ച് മക്കോണൽ, യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ചു നാമിനിയും സംസാരിച്ചു തുടങ്ങിയിട്ടില്ല എന്നും പറഞ്ഞു.
വാഷിംഗ്ടൺ ഡിസി: ബാരി കൊടുങ്കാറ്റിനെത്തുടർന്നു ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ടെന്നും കനത്ത മഴയുണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണൽ ഗാർഡ്സിനെ സംസ്ഥാനത്തു വിന്യസിച്ചു. മിസിസിപ്പി നദിയിൽ ജലനിരപ്പ് ഉയർന്നു. ന്യൂഓർലിയൻസിൽ പ്രളയത്തിനു സാധ്യതയുണ്ട്. സംസ്ഥാനത്തു ചിലേടങ്ങളിൽ 63 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.