ഇസ്രായേൽ പൊതു തിരഞ്ഞെടുപ്പിന്റെ 97 ശതമാനം വോട്ടും എണ്ണിക്കഴിയുമ്പോൾ ലിക്കുഡ് പാർട്ടിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും സമനിലയിലെന്ന് റിപ്പോർട്ടുകൾ. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും മുൻ മിലിട്ടറി ചീഫ് ബെന്നി ഗ്രന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നത്. ഇരുപാർട്ടികളും തങ്ങളുടെ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റ് വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി ബെഞ്ചമിൻ നെതന്യാഹു അഞ്ചാം തവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന. നിലവിൽ ഇരുപാർട്ടികൾക്കും 35 സീറ്റുകൾ വീതമാണ് ലഭിച്ചിട്ടുള്ളത്. വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചടക്കാനാണ് നെതന്യാഹു ഒരുങ്ങുന്നത്. തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല.
13 വർഷമായി നെതന്യാഹു തന്നെയാണ് ഇസ്രായേൽ ഭരിച്ചുവരുന്നത്. തന്റെ പല വിവിധ പ്രസ്താവനകളും കൊണ്ട് വലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായ നെതന്യാഹു ഇസ്രയേലിന്റെ അനിഷേധ്യനായ നേതാവാണ്. തന്റെ ഭരണകാലത്തുടനീളം അമേരിക്കയുമായും ട്രംപുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ട്രംപിന്റെ പല പിന്തിരിപ്പൻ നയങ്ങളും പിന്തുണച്ചത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ തീവ്രവാദ ഗ്രൂപ്പ് എന്ന് വിളിച്ചപ്പോൾ നെതന്യാഹു അതിന്റെ പിന്തുണച്ചിരുന്നു. ഭാര്യ സാറയോടൊപ്പമാണ് നെതന്യാഹു അന്തിമ ഫലത്തിന് തൊട്ടുമുന്‍പായി അണികളോട് സംസാരിച്ചത്.
ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു മുമ്പ്തന്നെ പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയത്.
ചാരപ്രവർത്തനം നടത്തിയ ഇന്ത്യൻ ദന്പതികൾ ജർമനിയിൽ അറസ്റ്റിൽ. എസ്. മൻമോഹൻ, ഭാര്യ കൻവൽജിത് എന്നിവരാണ് അറസ്റ്റിലായതെന്നാണു റിപ്പോർട്ട്. ജർമൻ രഹസ്യ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റ്. മൻമോഹനും ഭാര്യയും ജർമനിയിലെ സിക്ക് വിഭാഗങ്ങളിലും കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ടും ചാരപ്രവർത്തനം നടത്തിയെന്നാണു പ്രോസിക്യൂട്ടർമാർ പറയുന്നത്. ഇവർക്കെതിരേ ചാരപ്രവർത്തി കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടർമാർ ചൊവ്വാഴ്ച അറിയിച്ചു.
2015 ജനുവരി മുതൽ ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ജർമനിയിലെ പ്രതിനിധിക്ക് താൻ വിവരങ്ങൾ കൈമാറിയിരുന്നെന്ന് മൻമോഹൻ സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2017-ലാണ് കൽവൽജിതും റോ ഉദ്യോഗസ്ഥനു വിവരങ്ങൾ കൈമാറിത്തുടങ്ങിയത്. ഇതിന് 7200 യൂറോ ഇവർ പ്രതിഫമായി വാങ്ങിയെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 28-നാണ് ഇവർ അറസ്റ്റിലായതെങ്കിലും ചൊവ്വാഴ്ചയാണ് വിവരം സ്ഥിരീകരിക്കുന്നത്.
ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കിർസ്റ്റ്ജെൻ നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മെക്സിക്കൻ അതിർത്തിയിലെ മതിൽ സന്ദർശിച്ച ട്രംപ് കുടിയേറ്റ വിഷയത്തിൽ നിലപാട് കർശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാൽ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്റെ നിലപാട്. നീൽസെന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ മെക്സിക്കൻ വിഷയത്തിലെ ട്രംപിന്റെ കടുംപിടുത്തം തന്നെയാണെന്നാണ് സൂചന. നീൽസെന്റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ കമ്മീഷണറായ കെവിൻ മഗ്അലീനന് താൽക്കാലിക ചുമതല നൽകിയതായും ട്രംപ് വ്യക്തമാക്കി.
മോസ്കോ: റഷ്യയിലെ എസ്7 എയർലൈൻസ് സഹ ഉടമയും റഷ്യയിലെ അതിസന്പന്നയുമായ നതാലിയ വലേറിയെവ്ന ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഈഗിൾബാഷ് വിമാനത്താവളത്തിനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയോടെ തകർന്നുവീണ വിമാനം തീഗോളമായി മാറി. നതാലിയയുടെ പിതാവും അപകടത്തിൽ മരിച്ചു.
പിതാവിന്റെ വൈദ്യപരിശോധനയ്ക്കായാണ് ഫ്രാൻസിലെ കാൻസിൽനിന്ന് എപിക്-എൽടി എന്ന സ്വകാര്യ വിമാനത്തിൽ ഇവർ ജർമനിയിലേക്കു തിരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറു സീറ്റുള്ള വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും റഷ്യൻ പൗരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നു കന്പനി അധികൃതർ അറിയിച്ചു. റഷ്യൻ സേഫ്റ്റി അഥോറിറ്റി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നു ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്റെ(ബിഎഫ്യു) പ്രതിനിധി പറഞ്ഞു.
റഡാർ പരിധിയിൽനിന്നു വിമാനം അകന്നുപോയതിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു ജർമനി എയർ ട്രാഫിക് കൺട്രോൾ എജൻസി ഡിഎഫ്എസ് പത്രക്കുറിപ്പിറക്കി. സാങ്കേതിക തകരാർമൂലം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു നതാലിയ. റഷ്യയിലെ രണ്ടാമത്തെ വിമാനക്കന്പനിയായ എസ്7 എയർലൈൻസിന്റെ(സൈബീരിയൻ എയർലൈൻസ്) പ്രധാന ഓഹരിയുടമകൂടിയായിരുന്നു നതാലിയ.
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാർഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്. അന്വേണാത്മക മാധ്യമപ്രവര്ത്തകൻ ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. 2018 ഫെബ്രുവരിയിൽ നടന്ന കൊലപാതകം സ്ലോവാക്യ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. കൊലപാതകത്തിന് കാരണക്കാരിൽ ഒരാൾ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
ഭരണപക്ഷമായ സ്മെർ എസ്ഡി പാർട്ടിയുടെ പിന്തുണയോടെയാണ് സെഫ്കോവിക് മത്സരിച്ചത്. സ്മെർ-എസ്ഡി പാർട്ടിയുടെ നേതാവാണ് റോബർട്ട് റിക്കോ. കുസിയാക്കിന്റെയും കൊലപാതകം പ്രധാനമന്ത്രിയായിരുന്ന റോബർട്ട് ഫിക്കോയുടെ രാജിയിൽ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം സെഫ്കോവികിന് തിരിച്ചടിയാകുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ കാപുതോവ 40 ശതമാനം വോട്ട് നേടിയിരുന്നു. സെഫ്കോവികിന് 19 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
സ്ലോവാക്യൻ പാർലമെന്റിൽ ഒരു സീറ്റു പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അംഗമാണ് കാപുതോവ. 14 വർഷത്തോളം നീണ്ട അനധികൃത ലാൻഡ്ഫിൽ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേർപെടുത്തിയ അവർ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനം പറത്തിയാണ് ഈ അമ്മയും മകളും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. പൈലറ്റായ അമ്മയും സഹ പൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്ലാന്റയിലേക്കും അവിടെനിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. പൈലറ്റും എംബ്രി റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര് വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഫാമിലി ഫ്ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെല്‍റ്റാ എയര്‍ലൈന്‍ നല്‍കിയത്. ഇരുവരും വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്.41,000ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Just flew with this mother daughter flight crew on Delta from LAX to ATL. Awesome. @Delta @EmbryRiddle #erau pic.twitter.com/HYLl65H5p1
— John R. Watret (@ERAUWatret) March 17, 2019
മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 2016 സെപ്തംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഏപ്രില്‍ ഒന്നിനാണ് ശിക്ഷ വിധിക്കുക.
മകളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പോലീസുകാരനോടൊപ്പം യുവതി പോകുകയായിരുന്നു. ജോലിക്കിടയില്‍ പോലീസ് പട്രോളിനുള്ള ഔദ്യോഗിക കാറില്‍ മൂന്ന് വയസുകാരിയായ മകള്‍ ചെയന്നെയെ പൂട്ടിയിട്ടാണ് കാസി പോയത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിനുശേഷം മകള്‍ കാറിനുള്ളിലുള്ളതു ഓര്‍ക്കാതെ കാസിയും പോലീസുകാരനും ഉറങ്ങി. ഇതേസമയം കാറിനുള്ളിലെ കനത്ത ചൂടില്‍ നാല് മണിക്കൂര്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കാസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്നറെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കാസിയുടെ ഭര്‍ത്താവായ റയാന്‍ഹയര്‍ നല്കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇവര്‍ പ്രതിയാണെന്ന് തെളിയിക്കുന്നതായിരുന്നു.
“ഈ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കാണാൻ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകർഷിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കൾക്കും ഈ പെൺകുട്ടിയോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടു പേരും കുറ്റക്കാരല്ല”, ഈ രീതിയിൽ ഒരു ന്യായീകരണം ചമച്ചുകൊണ്ട് ആരോപണ വിധേയരെ വെറുതെ വിടാൻ പറയുന്നത് ഏതെങ്കിലും സാധാരണക്കാരോ പ്രതിയുടെ സുഹൃത്തുക്കളോ ഒന്നുമല്ല. ഇരയ്ക്ക് നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥതയുള്ള ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയാണ് ബലാത്സംഗക്കേസിൽ ഇത്തരമൊരു അസംബന്ധ വിധി എഴുതുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിരീക്ഷണം നടത്തിയ ബെഞ്ചിൽ വനിതാ ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.
ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരും ചേർന്ന് 2015ൽ ഒരു പെറുവിയൻ പെൺകുട്ടിയെ മയക്കുമരുന്നുകൾ നൽകി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന കേസ്. എന്നാൽ ഇരയുടെ ഫോട്ടോ നോക്കി ‘പെൺകുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധന ഫലങ്ങൾ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഈ അവിശ്വാസപ്രകടനം.
ഇറ്റാലിയൻ കോടതിയുടെ മനുഷ്യത്വ വിരുദ്ധമായ തീരുമാനത്തിനെതിരെ ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേരാണ് പ്രതിഷേധിക്കാനായി കോടതി വളപ്പിൽ തടിച്ചുകൂടിയത്. “അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നിൽക്കാനാവില്ല. പ്രതികളെ വിട്ടയക്കാൻ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടി സുന്ദരിയല്ലാത്തതിനാൽ പ്രതികൾക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം”, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക സിൻസിയ മോളിനാരോ ദി ഗാർഡിയനോട് പറയുന്നു.
“ഈ വിധി നൽകുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ ഇത്രയും ആളുകൾ ഇറങ്ങി തിരിച്ചല്ലോ എന്നതിൽ മാത്രമാണ് ഏക പ്രതീക്ഷ”, സാമൂഹ്യ പ്രവർത്തകയും റിബൽ നെറ്റ്വർക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.
വാഷിംഗ്ടൺ: സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കെല്ലി കാറ്റ്ലൻ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2016ലും 2016ലും ലോക ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കിയ കാറ്റ്ലിൻ 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുകയും ചെയ്തു. സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു കാറ്റ്ലൻ. യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാർട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു