USA

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യ സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമായിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്.

ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തേയും ചര്‍ച്ചാവിഷയമായിരുന്നു. 1973ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷക്കുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയായിരുന്നു അന്ന് മൃഗസ്‌നേഹികള്‍ വിമര്‍ശനമുന്നയിച്ചത്.

മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൊരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

ട്രംപിന്റെ സൗദി സന്ദര്‍ശനവേളയില്‍ 82 സമ്മാനങ്ങളായിരുന്നു രാജകുടുംബം നല്‍കിയത്.

ട്രംപിന്റെ ഭരണസമയത്ത് സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യു.എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിക്കുകയായിരുന്നു.

അപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായി നിയന്ത്രണങ്ങളോടെ നടത്തിയിരുന്ന സമ്മാന കൈമാറ്റം ട്രംപ് അധികാരത്തിലെത്തിയതോടെ അതിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെട്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമായിരുന്നു ട്രംപും പുലര്‍ത്തിയിരുന്നത്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ വ്യാജമാണെന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.

ദക്ഷിണ ചൈനാക്കടലില്‍ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ആണവ അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ്. യുഎസ് കണക്ടികട് എന്ന അതിവേഗ അന്തര്‍വാഹിനിയാണ് ഇന്തോ-പസിഫിക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് അജ്ഞാതവസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്.

അപകടത്തില്‍ പതിനഞ്ചോളം നാവികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണചൈനാക്കടലിലാണ് യുഎസ് കണക്ടികട് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. നിലവില്‍ യുഎസ് തീരത്തേക്ക് അന്തര്‍വാഹിനി യാത്ര തിരിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതവസ്തുവുമായി യുഎസ് അന്തര്‍വാഹിനിയുടെ കൂട്ടിയിടി എന്നത് ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ഒട്ടേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. കോവിഡിനോട് പടപൊരുതി ഒട്ടേറെ ആരോഗ്യ പ്രവർത്തകരാണ് ജീവൻ ഹോമിച്ചത് . കോവിഡ് കവർന്നെടുത്ത ഒരു കുഞ്ഞു മാലാഖയുടെ ജീവിതമാണ് ഇന്ന് അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നത്. അവൾക്ക് 10 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻറെ ക്ലാസിലെ ക്ലാസ് നേഴ്സിന്റെ ചുമതലയായിരുന്ന തെരേസ സ്പെറിയ്ക്ക്. രോഗലക്ഷണങ്ങൾ ഉള്ള തൻറെ സഹപാഠികളെ നേഴ്സിങ് റൂമിലേക്ക് കൊണ്ടു പോകുന്ന ചുമതലയാണ് ക്ലാസ് ടീച്ചർ കുഞ്ഞു തെരേസയ്ക്ക് നൽകിയത് . ഇതിനെ തുടർന്ന് കോവിഡ് ബാധിച്ചത് തെരേസയുടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.

തുടക്കത്തിൽ തലവേദനയും പനിയും വിട്ടുമാറാത്ത ചുമയും ആണ് തെരേസയ്ക്ക് രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് അവളുടെ പിതാവ് ജെഫ് സ്‌പെറി പറഞ്ഞു. ആളുകൾക്ക് സേവനം ചെയ്യുന്നതും സഹായിക്കുന്നതിലും ഒട്ടേറെ വായിക്കുന്നതിലും തെരേസ സന്തോഷം കണ്ടെത്തിയിരുന്നെന്ന് അവളുടെ പിതാവ് പറഞ്ഞു. വെർജീനിയയിലെ ഹിൽ പോയിൻറ് എലമെന്ററി സ്കൂൾ വിദ്യാർഥിനിയായിരുന്ന തെരേസയെ രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവളുടെ മരണ ശേഷമുള്ള പരിശോധനയിലാണ് തെരേസയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തികച്ചും ആരോഗ്യവതിയായ തെരേസയുടെ മരണം സ്കൂളുകളിൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്.

“വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് റിലേഷൻ വിഭാഗം ട്വിറ്ററിൽ കുറിച്ചു.

ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നൽകേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറഞ്ഞു. നമ്മുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോഷോപ്പ് കഴിവുകൾ ലോകമറിഞ്ഞുവെന്നും അവർ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നൽകിയതാണെന്ന് പറഞ്ഞാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുൻ മന്ത്രി അടക്കം നിരവധി പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നുഎന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.

ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.

‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.

ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.

മുംബൈയില്‍നിന്നുള്ള കത്ത്

1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.

യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി

ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.

അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.

 

അമേരിക്കൻ സന്ദർശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് തലസ്ഥാനമായ വാഷിംങ്ടണിൽ എത്തി. ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് പ്രധാനമന്ത്രി മോഡി അൻഡ്രൂസ് ജോയിന്റെ ബെസിൽ എയർ ഇന്ത്യ 1 വിമാനത്തിൽ വന്നിറങ്ങിയത്.

ക്വാഡ് ഉച്ചകോടിയിലും, യുഎൻ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോഡി സംസാരിക്കും. ജനുവരിയിൽ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോഡി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസിൽ വച്ചാണ് നടക്കുക.

കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകളിലേറെ നേടി ലേബര്‍ പാര്‍ട്ടി മുന്‍നിരയിലേക്ക് എത്തി. പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 119 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക് പാര്‍ട്ടി 32 സീറ്റിലും എന്‍ഡിപി 24 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കൊവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാം എന്ന പ്രതീക്ഷയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന്് സര്‍വേ ഫലങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാല്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലം ട്രൂഡോയെ അധികാരത്തിലെത്തിക്കുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

സിടിവി ന്യൂസും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകള്‍ നേടി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചു.

ലിബറല്‍ വിജയം ട്രൂഡോയുടെ ചരിത്ര നാഴികക്കല്ലാണ്, തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഒരു കനേഡിയന്‍ നേതാവ് വിജയിക്കുന്നത് എട്ടാം തവണ മാത്രമാണ്. ട്രൂഡോയുടെ പിതാവ് പിയറിയും ഇതു പോലെയായിരുന്നു അദ്ദേഹം കാനഡയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്നു. 2015 നവംബര്‍ 4നാണ് ട്രൂഡോ ആദ്യമായി കാനഡയുടെ 23മത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.

ന്യൂയോർക്ക് നഗരത്തിലൂടെ പറന്ന നൂറുകണക്കിന് ദേശാടന പക്ഷികൾ നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങളിൽ ഇടിച്ചു ചത്തു. പക്ഷികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ന്യൂയോർക്ക് സിറ്റി ഓഡബൺ. അവിടത്തെ ഒരു സന്നദ്ധസേവകനാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. വേൾഡ് ട്രേഡ് സെന്റർ പക്ഷികളുടെ ശവപ്പറമ്പായി മാറുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്.

മാൻഹട്ടാനിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഇടിച്ച് പക്ഷികൾ ചാവുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഈ ആഴ്ച നടന്ന അപകടത്തിൽ മരിച്ച പക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ വീശിയ കാറ്റായിരിക്കാം മരണത്തിന് കാരണമായതാതെന്ന് ഗ്രൂപ്പിന്റെ കൺസർവേഷൻ ആൻഡ് സയൻസ് അസോസിയേറ്റ് ഡയറക്ടർ കൈറ്റ്ലിൻ പാർക്കിൻസ് പറഞ്ഞു.

പ്രക്ഷുബ്ധമായ കാലാവസ്ഥയും, എണ്ണമറ്റ പക്ഷികളും എല്ലാം അതിന് സാഹചര്യമൊരുക്കിയെന്ന് അവർ പറഞ്ഞു. “കൊടുങ്കാറ്റ് കാരണം പക്ഷികൾക്ക് ഉയർന്ന് പറക്കാൻ കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ അവ കാറ്റിൽ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം” പാർക്കിൻസ് കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്ക് ചുറ്റുമുള്ള നടപ്പാതകളിൽ 300 ഓളം ചത്ത പക്ഷികളെ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകയായ മെലിസ ബ്രയർ ട്വീറ്റ് ചെയ്തു. ഇത് ഭയാനകമാണെന്ന് അവർ പറഞ്ഞു.

പരിക്ക് പറ്റിയ 77 പക്ഷികളെ ചൊവ്വാഴ്ച അപ്പർ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവയിൽ ഭൂരിഭാഗവും ട്രേഡ് സെന്റർ പ്രദേശത്ത് നിന്നുള്ളവയാണെന്ന് സെന്റർ ഡയറക്ടർ പറഞ്ഞു. ജീവനക്കാർ പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും നൽകി. വീണ്ടെടുത്ത 30 പക്ഷികളെ അടുത്ത ദിവസം ബ്രൂക്ലിൻ പ്രോസ്പെക്ട് പാർക്കിലേയ്ക്ക് വിട്ടയച്ചു.

ഓരോ വർഷവും ന്യൂയോർക്ക് സിറ്റിയിൽ 90,000 മുതൽ 230,000 വരെ ദേശാടനപക്ഷികൾ കെട്ടിട ഗ്ലാസുകളിൽ ഇടിച്ച് കൊല്ലപ്പെടുന്നുവെന്ന് കണക്കാക്കുന്നു. ദേശാടന സീസൺ വെറും ആറ് ആഴ്ചകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത്. അതിനിടയിലാണ് ഇത്രയും മരണമെന്നത് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ചില്ല് ജാലകങ്ങളിൽ കൂട്ടിയിടിക്കുന്ന പക്ഷികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് സൂചനയുണ്ട്. വൈൽഡ് ബേർഡ് ഫണ്ടിന്റെ ഡയറക്ടർ റീത്ത മക്മഹോൺ പറയുന്നതനുസരിച്ച്, അവിടെ ചികിത്സിക്കുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. വലിയ അംബരചുംബികളുടേയും മറ്റ് കെട്ടിടങ്ങളുടേയും ഉടമകളോട് രാത്രിയിൽ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും, ഗ്ലാസ് കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ മാറ്റാനും ഓഡബൺ ആവശ്യപ്പെട്ടിട്ടുണ്ട്.

 

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. ഭീകരതയ്‌ക്കെതിരെ ഏവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ കൊല്ലപ്പെട്ട 90 രാജ്യങ്ങളിൽ നിന്നുളള പൗരന്മാർക്ക് ആദരാഞ്ജലികൾ. നിങ്ങളെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരെയും അമേരിക്ക സ്മരിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

ഭീകരാക്രമണത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും, ഇതിനിടെ ജീവത്യാഗം ചെയ്തവരേയും അദ്ദേഹം വാഴ്‌ത്തി. സുരക്ഷാ സേന, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയ ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെയും, രക്ഷാ പ്രവർത്തനങ്ങൾക്കായി സർവ്വവും ത്യജിച്ചവരെയും ഈ നിമിഷം ആദരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

2001 സെപ്തംബർ 11 നാണ് അൽഖ്വായ്ദ വേൾഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂവായിരത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

സെപ്റ്റംബർ 11 അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. ഇന്നേ ദിവസം തന്നെ അഫ്ഗാനിലെ താലിബാന്‍ ഇടക്കാല സർക്കാരിന്‍റെ സത്യപ്രതിജ്ഞയും.

മൂവായിരത്തോളം അമേരിക്കാരുടെ മരണത്തിനടയാക്കിയ ഭീകരാക്രമണത്തിന്‍റെ വാർഷികത്തില്‍ തന്നെ താലിബാന്‍ സർക്കാർ അഫ്ഗാന്‍റെ അധികാരമേറ്റെടുക്കുന്നു എന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. അഫ്ഗാന്‍ പിടിച്ചടക്കിയ ശേഷം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയിദയുടെ തടവിലായുരുന്ന ഭീകരരെ താലിബാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു .

അതേസമയം ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്‍റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്‍ററിലും പെന്‍റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.

പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്‍റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്‍റെ പ്രത്യേകതയാണ്.

2001 സെപ്റ്റംബർ 11 . മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും ലോകത്തിനു മുമ്പിൽ കുപ്രസിദ്ധിയാർജ്ജിച്ച് തുടങ്ങിയ ദിവസം. ലോകപോലീസ് എന്ന് സ്വയം അവകാശപ്പെട്ട അമേരിക്കയുടെ അഭിമാനത്തിന് മുകളിലേക്ക് ആഗോള ഭീകരവാദത്തിന്റെ വിമാനങ്ങൾ ഇടിച്ചിറങ്ങിയിട്ട് ഇന്നേക്ക് 20 വർഷം. രഹസ്യമായി അമേരിക്ക വളർത്തി എന്ന് പരക്കെ പ്രചരിക്കുന്ന ഒസാമ ബിൻ ലാദൻ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന ന്യൂയോർക്കിലെ ഇരട്ട ഗോപുരത്തിൽ വിമാനം ഇടിച്ചിറക്കി ആയിരുന്നു.

വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഒസാമ ബിൻ ലാദൻ അമേരിക്കക്കുമേൽ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്‌ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്‌ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെ കുപ്രസിദ്ധി ആർജ്ജിച്ചത് ബിൻലാദൻ ആണെങ്കിലും ആക്രമണത്തിന്റെ യഥാർത്ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അമേരിക്ക ഇയാളെ പിടികൂടി.

ബിൻലാദന്റെ തീവ്ര നിലപാടുകളിൽ ആകൃഷ്ടരായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരൻ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന്റെ കോക്ക്പ്പിറ്റിനെ നിയന്ത്രിച്ചിരുന്നത്. ആക്രമണം നടന്ന സെപ്റ്റംബർ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യു ബുഷ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 14 ന് ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച അദ്ദേഹം നടത്തിയ പ്രസംഗം അമേരിക്കയുടെ തിരിച്ചടി വ്യക്തമാക്കുന്നതായിരുന്നു .

2001 ഒക്ടോബർ 26 ന് അമേരിക്കൻ പോർവിമാനങ്ങൾ അഫ്ഗാന്റെ മണ്ണിൽ പറന്നിറങ്ങി. പഞ്ച്ശിർ പ്രവശ്യയിൽ ബോംബ് വർഷിച്ചായിരു അമേരിക്കയുടെ അഭിമാന ഗോപുരം തകർത്ത കൊടും ഭീകരനു വേണ്ടിയുള്ള വേട്ട അമേരിക്ക ആരംഭിക്കുന്നത്. പിന്നീട് നീണ്ട 20 വർഷം.

അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കൻ ആക്രമണത്തിൽ ശക്തി ക്ഷയിച്ച അൽ-ഖ്വയ്ദയും നേതാവ് ഒസാമ ബിൻ ലാദനും പാക്കിസ്താനിൽ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.

പത്തു വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്താനിലെ അബട്ടാബാദിൽ ഉസാമ ബിൻ ലാദൻ ഒളിവിൽ കഴിയുന്നതായി അമേരിക്കൻ സേന കണ്ടെത്തിയത്. 2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തിൽ എത്തി അമേരിക്കൻ സൈനികർ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സാക്ഷാൽ ബിൻ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലിൽ ഒഴുക്കി. ലാദന് വേണ്ടി തുടങ്ങിയ അഫ്ഗാൻ മണ്ണിലെ അമേരിക്കയുടെ സൈനിക നടപടികൾ അവസാനിപ്പിച്ചതും ഭീകരസംഘടനയായ താലിബാൻ വീണ്ടും അഫ്ഗാനിൽ ഭരണത്തിലേറിയതും വേൾഡ് ട്രേഡ് സെൻറർ ആക്രമണം നടന്നിട്ട് 20 വർഷം ആകുന്നതും ഇതേ സെപ്തംബറിൽ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.

RECENT POSTS
Copyright © . All rights reserved