അമേരിക്കയിലെ മിസിസിപ്പിയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് നാലു പേർ മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ഹാറ്റിസ്ബർഗിൽ ഒരു വീടിനു മുകളിലേക്കാണു ചെറുയാത്രാ വിമാനം തകർന്ന് വീണത്.
മിസ്തുബുഷിയുടെ ഇരട്ട എൻജിൻ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും വീട്ടിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിൻ കമ്പനികളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്‌സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.
ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും കാതറിൻ കൂട്ടിച്ചേർത്തു. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.
ഇന്ത്യയാണ് ലോകവ്യാപാര സംഘനയോട് കൂടുതൽ മരുന്നു കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതിൽ പ്രധാനപങ്ക് വഹിച്ചത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാൽ ഫൈസർ, മൊഡേണ അടക്കമുള്ള വാക്‌സിൻ ഉത്പാദക കമ്പനികൾ ഇതിനെ എതിർത്തു. എന്നാൽ, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു.
ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന്‍ 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിൽ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിന്‍.
വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്ളോയിഡിന്റെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോർജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാൻ പോലീസുകാർ തയാറായില്ല. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ. ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്.
ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സംഭവം നടന്ന് ഉടൻ തന്നെ ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കാൽമുട്ട് കൊണ്ട് കുഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന് കോടതി. വെള്ളക്കാരനായ യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ഷോവിന്‍ (45) നെയാണ് കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ കുറ്റക്കാരനായി കണ്ടെത്തിയത്. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കും.
വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു. കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്ലോയിഡ് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു.
2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു’’- മരിക്കുന്നതിന് മുമ്പ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്ളോയിഡിന്റെ യാചന കഴിഞ്ഞ ഒരു വർഷമായി ലോകത്താകമാനം പ്രതിഷേധാഗ്നി തീർത്തതായിരുന്നു. അതുകൊണ്ട് തന്നെ വംശീയനരഹത്യ കൊലക്കേസിൽ വെള്ളക്കാരനായ പോലീസുകാരനെതിരേയുള്ള വിധിയ്ക്ക് ലോകം കാതോർത്തിരുന്നു.
വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ഷോവിന്‍ അഞ്ചുമിനിറ്റോളം കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചത്. സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ഷോവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.
വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക. യാത്ര ഒഴിവാക്കാൻ കഴിയില്ലെങ്കിൽ കോവിഡ് വാക്‌സിൻ രണ്ട് ഡോസ് പൂർത്തിയാക്കണമെന്നും യുഎസ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന ലെവൽ നാലിലാണ് ഇന്ത്യയെ യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സ്ഥിതിയിൽ, പൂർണമായും വാക്സിനേഷൻ എടുത്തവർക്കുപോലും കോവിഡ് വകഭേദങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന് കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയായിരുന്നു ബ്രിട്ടന്റെ നടപടി.
ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് (പൊന്‍സി സ്‌കീം) ആസൂത്രണം ചെയ്ത 82 കാരനായ വാള്‍സ്ട്രീറ്റ് ഭീമന്‍ ബെര്‍ണാഡ് മഡോഫ് അമേരിക്കയിലെ ജയിലില്‍ മരിച്ചു. ബെര്‍ണി എന്നറിയപ്പെടുന്ന മഡോഫ് നാസ്ഡാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍ ചെയര്‍മാനായിരുന്നു. നീണ്ട വര്‍ഷങ്ങളോളം ഒരു നിക്ഷേപ ഭീമനായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരറിയാതെ തട്ടിപ്പ് നടത്തി 17.5 ബില്യണ്‍ ഡോളര്‍ സമ്ബാദ്യം തട്ടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ശിക്ഷയ്ക്ക് വിധിച്ചത്.
2009 ല്‍ 150 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജി ഡെന്നി ചിന്‍ മഡോഫിന്റെ കുറ്റകൃത്യങ്ങളെ അസാധാരണമായ തിന്മ എന്നാണ് വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന്റെ ക്രിമിനല്‍ പെരുമാറ്റം ഇരകളുടെ ജീവിതത്തെ നശിപ്പിക്കുകയും ആത്മഹത്യകള്‍, പാപ്പരത്തങ്ങള്‍, ഭവന നഷ്ടങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്തു. അവന്‍ ദൈവമാണെന്ന് ഞങ്ങള്‍ കരുതി; അദ്ദേഹത്തിന്റെ കൈയിലുള്ളതെല്ലാം ഞങ്ങള്‍ വിശ്വസിച്ചു, & ഹോളോകോസ്റ്റ് അതിജീവിച്ചതും നൊബേല്‍ സമ്മാന ജേതാവുമായ എലീവീസല്‍ അതേ വര്‍ഷം പറഞ്ഞു. ഏറ്റവും വലിയ വഞ്ചകന്‍, കള്ളന്‍, നുണയന്‍, കുറ്റവാളി എന്നാണ് വീസല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
നോര്‍ത്ത് കരോലിനയിലെ ബട്നറിലെ അനാരോഗ്യമുള്ള തടവുകാര്‍ കഴിയുന്ന ഫെഡറല്‍ മെഡിക്കല്‍ സെന്ററിലില്‍ കഴിയവെയാണ് മഡോഫ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്കസംബന്ധമായ അസുഖവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചു.
2008 ലാണ് ഒരു വലിയ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തായി മഡോഫ് കുറ്റം സമ്മതിച്ചത്, അതില്‍ പണം നിക്ഷേപിക്കുന്നതിനുപകരം, പുതിയ നിക്ഷേപകരുടെ ഫണ്ട് ഉപയോഗിച്ച് പഴയ നിക്ഷേപകര്‍ക്ക് പണം നല്‍കി. കോടതി നിയോഗിച്ച ഒരു ട്രസ്റ്റി നിക്ഷേപകര്‍ മഡോഫിന്റെ ബിസിനസ്സിലേക്ക് നിക്ഷേപിച്ച ഏകദേശം 17.5 ബില്യണ്‍ ഡോളറില്‍ 13 ബില്യണ്‍ ഡോളറിലധികം കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത തുക മഡോഫ് കൈകാര്യം ചെയ്യുന്നതായി ഉപയോക്താവിനോട് പറഞ്ഞ തുകയേക്കാള്‍ വളരെ കുറവായിരുന്നു. അറസ്റ്റിലാകുമ്ബോള്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാജ അക്കൗണ്ട് രേഖകളും ഇദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ഷുവ്രോ ബിശ്വാസിന്റെ (31) മൃതദേഹം ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ നിന്ന് കണ്ടെത്തി. സ്വയംതൊഴിലിലേർപ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറൻസി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.
ഷുവ്രോവിന്റെ സഹോദരൻ ബിപ്രോജിത് ബിശ്വാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
‘മരണവാർത്തയറിഞ്ഞ് ഞങ്ങൾ തകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സഹോദരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണൽ സഹായം തേടണമെന്ന് ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാൻ സഹോദരൻ വിസമ്മതിച്ചു.’- ബ്രിപോജിത്ത് പറയുന്നു.
ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. ഒരു ന്യൂറോളജിസ്റ്റിനെ കാണാൻ ഷുവ്രോ പോയിരുന്നു എന്നാൽ അതെന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല.ഷുവ്രോ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ്, ഇയാൾക്കെതിരെ മാൻഹാട്ടനിലെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.കെട്ടിടത്തിനുളളിൽ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലിവേറ്ററിനുളളിൽ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടർന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തത്.
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രധാന നഗരമായ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മിറ്റിയിലേക്ക് ഡോ. സുജമോൾ സ്കറിയയെ തിരഞ്ഞെടുത്തു. സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസും കമ്മീഷണർ ഐറിസ് സിപ്പിളും സംയുക്തമായി ഡോ. സുജമോൾ സ്കറിയയുടെ പേര് നിർദേശിക്കുകയായിരുന്നു. സിറ്റി കൗൺസിൽ ഐക്യകണ്ഠേനയാണ് അംഗീകാരം നൽകിയത്.
സത്യപ്രതിജ്ഞ ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോജി ജോൺ, ഡമോക്രാറ്റിക് പാർട്ടി പ്രതിനിധി സാജൻ കുര്യൻ, ഫോമാ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിജു ആന്റണി, ജോർജ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 വ്യക്തികൾ അടങ്ങിയ സമിതിയുടെ നിർദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സിറ്റി കൗൺസിൽ തീരുമാനം എടുക്കുന്നത്. രണ്ടു ലക്ഷത്തോളം ജനസംഖ്യ ഉള്ള നഗരത്തിൽ ഒട്ടേറെ മലയാളികൾ ഉള്ളതിനാൽ അമേരിക്കയിലെ ‘കേരളം’ എന്നാണ് പെംബ്രോക് പൈൻസ് സിറ്റി അറിയപ്പെടുന്നത്.
മുംബൈ ഹിന്ദുജ നഴ്സിങ് കോളജിൽ നിന്നു ഡിപ്ലോമ നേടിയ സുജമോൾ ഫ്ളോറിഡ അറ്റ്ലാന്റിക്, യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറൽ ഡിഗ്രിയും നേടി.
കോട്ടയം തോട്ടക്കാട് കയ്യാലപറമ്പിൽ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളാണ്. 16 വർഷമായി ഫ്ളോറിഡാ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയൽ റീജിയനൽ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനം ചെയ്യുന്നു. ആലപ്പുഴ പുളിങ്കുന്ന് കൊടുപാടത്തിൽ ടോം ജോർജ്ജ് ആണ് ഭർത്താവ്.
ഒരു വീട്ടമ്മയെ മനഃപ്പൂർവം ചുമച്ചു ശല്യപ്പെടുത്തിയ സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. കാൻസർ ബാധിതതയും പത്തു കുട്ടികളുടെ അമ്മയുമായ ഹെതർ സ്പ്രാഗിനെയാണ് മനപ്പൂർവം ചുമച്ചു ശല്യപ്പെടുത്തിയത്.
ഫ്ളോറിഡയിലെ ജാക്സണ്വില്ലിൽനിന്നുള്ള ഡെബ്ര ഹണ്ടറിനാണ് 30 ദിവസം തടവും 500 ഡോളർ പിഴയും കിട്ടിയത്. അറിയാതെ സംഭവിച്ചതാണെങ്കിൽ ക്ഷമിക്കാമായിരുന്നു. മനപ്പൂർവമെന്നു തോന്നുന്ന രീതിയിൽ ചെയ്തു, ഒരു ക്ഷമ പോലും പറയുകയും ചെയ്തതുമില്ല. ഇതാണ് ഹെതറിനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ഒരു ഹോംവെയർ സ്റ്റോറിനുള്ളിലായിരുന്നു സംഭവം. കുറ്റം ചെയ്ത ശേഷം ഡെബ്ര ഹണ്ടർ കടയുടമകളുമായി തർക്കിക്കാൻ തുടങ്ങിയപ്പോഴാണ് ഇരയായ ഹെതർ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. തുടർന്നു ചുമ ആക്രമണത്തിന്റെ വീഡിയോ വൈറലുമായി. ഹെതറിന്റെ മുഖത്തിനു സമീപം നിന്നായിരുന്നു ഈ സ്ത്രീയുടെ ചുമ.
തന്റെ മുഖത്തിനു നേർക്ക് അവർ ചുമച്ചതോടെ മസ്തിഷ്ക അർബുദത്തെ അതിജീവിച്ച ഹെതറിനു കടുത്ത ആശങ്കയായി. ചുമച്ചയാൾക്കു കോവിഡ് ബാധിച്ചിരുന്നോയെന്നതായിരുന്നു ആശങ്ക. കോവിഡ് പരിശോധന പൂർത്തിയാകുന്ന ദിനങ്ങൾ വരെ കടുത്ത സമ്മർദത്തിലായിരുന്നു ഹെതർ കഴിഞ്ഞിരുന്നത്. അവളുടെ പത്തു കുട്ടികളെയും പങ്കാളിയെയും കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയരാക്കേണ്ടി വന്നു. പരിശോധനയിൽ കുടുംബത്തിലെ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്നു വ്യക്തമായി.
ഈ ടെസ്റ്റുകളുടെ ചെലവ് വഹിക്കാനും ഹണ്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുമ ആക്രമണത്തിന്റെ വീഡിയോ ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ ഹെതറിന്റെ കുടുംബത്തെ കോവിഡ് ഭീതിയിൽ പലരും അകറ്റിനിർത്തിയതായും ഇവർ വിലപിക്കുന്നു. എന്റെ കുട്ടികൾ തല താഴ്ത്തി എതിർദിശയിലേക്കു തിരിയുന്നതു ഞാൻ കണ്ടു. അവർ അനുഭവിക്കുന്നതെന്തെന്ന് എനിക്ക് അറിയാം. കാരണം ഞാനും അത് അനുഭവിക്കുകയായിരുന്നു.
ജഡ്ജി ജെയിംസ് റൂത്ത് ഹണ്ടർ തന്റെ ഇരയോടു വേണ്ടത്ര പശ്ചാത്താപം കാണിക്കാത്തതിന് അവളെ ശകാരിച്ചു. അദ്ദേഹം പറഞ്ഞു: അവളുടെ കുട്ടികൾ ഈ പ്രശ്നം സൃഷ്ടിച്ചില്ല, ഭർത്താവ് ചെയ്തില്ല. പക്ഷേ, ഹണ്ടർ ചെയ്തത് അത് അവളുടെ ലോകത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും അവൾ ഫേസ്ബുക്കിലൂടെ വിവരിച്ചിരുന്നു.
അവളോട് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള പെരുമാറ്റം അരോചകമായിരുന്നുവെന്നും മനസിലാക്കാം. എങ്കിലും കുറ്റം ചെയ്തയാൾക്കു താൻ ചെയ്തത് എന്താണെന്നോ അതിന്റെ ഗൗരവം എന്താണെന്നോ മനസിലായിട്ടില്ല. അതിനാൽ തന്നെ ഇരയോടു ക്ഷമാപണവും നടത്തിയിട്ടില്ല.
“ഞാൻ ആ നിമിഷം സ്തംഭിച്ചുപോയി, അതിനുശേഷം കൂടുതൽ ഭയപ്പെട്ടു. എന്റെ കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയുംകുറിച്ച് ആശങ്കയിലായിരുന്നു. 12 പേരുള്ള ഒരു വീട്ടിൽ എനിക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എന്നതിനെക്കുറിച്ചുള്ള ആശങ്കയുണ്ടായിരുന്നു.
അതേസമയം, കുറച്ചുനാൾ മുന്‍പു തീപിടിത്തത്തിൽ കുടുംബത്തിനു തങ്ങളുടെ സാധനങ്ങളെല്ലാം നഷ്ടപ്പെട്ടതായി പ്രതി ഹണ്ടറിന്റെ ഭർത്താവ് ഡഗ് പറഞ്ഞു. അക്കാലത്തു ഭാര്യയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നെന്നും അതുകൊണ്ടാവാം അത്തരത്തിലുള്ള ഒരു പെരുമാറ്റം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ നോർത്ത് ആർലിങ്ടൻ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള മകൾ വീടിന്റെ ബാൽക്കണിയിൽനിന്ന് കരയുന്നതു കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
വിദഗ്ധ പരിശോധനയുടെ റിപ്പോർട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റിൽ കുത്തിയതിന്റെയും വീട്ടിൽ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വ്യാഴാഴ്ചയാണ് മരണവിവരം നാട്ടിൽ അറിയിച്ചതെന്ന് ഭരത് രുദ്രവാർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് അവർക്കും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവയ്ക്കാമെന്നാണ് അവർ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോൾ മകളെന്നും ഭരത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.