ദക്ഷിണ ചൈനാക്കടലില്‍ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ആണവ അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ്. യുഎസ് കണക്ടികട് എന്ന അതിവേഗ അന്തര്‍വാഹിനിയാണ് ഇന്തോ-പസിഫിക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് അജ്ഞാതവസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്.

അപകടത്തില്‍ പതിനഞ്ചോളം നാവികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണചൈനാക്കടലിലാണ് യുഎസ് കണക്ടികട് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. നിലവില്‍ യുഎസ് തീരത്തേക്ക് അന്തര്‍വാഹിനി യാത്ര തിരിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതവസ്തുവുമായി യുഎസ് അന്തര്‍വാഹിനിയുടെ കൂട്ടിയിടി എന്നത് ശ്രദ്ധേയമാണ്.