USA

വിവാദത്തിലായി അമേരിക്കയിലെ ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡിന്റെ പ്രസ്താവന. നിരായുധരായ ഇറാഖ് പൗരൻമാരെ വെടിവെച്ച് കൊന്ന പ്രവൃത്തി ശരിയാണെന്ന ന്യായീകരണവുമായാണ് ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡ് ഇവാന്‍ ഷോണ്‍ ലിബേര്‍ട്ടി എത്തിയത്. കൂട്ടക്കുരുതി നടത്തിയ സംഭവത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാപ്പ് നൽകുകയും ചെയ്തിരുന്നു.

ആർക്കെങ്കിലും ജീവന്‍ നഷ്ടമായെങ്കിൽ താൻ ഖേദിക്കുന്നുവെന്നും തന്റെ പ്രവർത്തികളിൽ തനിക്ക് പൂർണമായ ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഇവാൻ പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സംഭവത്തിൽ തനിക്ക് അസ്വസ്ഥതകളിലെന്നും ഇവാൻ കൂട്ടിച്ചേർത്തു. 2007ലായിരുന്നു ബ്ലാക്ക് വാട്ടർ സുരക്ഷഗാർഡുകള്‍ കൂട്ടക്കൊല നടത്തിയത്. നിരായുധരായി എത്തിയവർക്ക് നേരെ തോക്കും ഗ്രനേഡും ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു പ്രതികൾ.

നിസ്വർ സ്ക്വയർ കൂട്ടക്കൊലയെന്ന പേരിലാണ് അപകടം അറിയപ്പെടുന്നത്. കുറ്റവാളികൾക്കെതിരെ അമേരിക്കൻ ഭരണകൂടം ശിക്ഷ വിധിച്ചെങ്കിലും ട്രംപ് മാപ്പ് നൽകുകയും ഇവാന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇവാന്റെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്.

ലോകത്ത് പൊന്നുംവിലയുള്ള താരമാണ് പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സൺ. മരിച്ചിട്ടും ഇപ്പോഴും 14 കോടിയിലധികം ഡോളറാണ് ഓരോ വർഷവും ജാക്സണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ജാക്സന്റെ സമ്പാദ്യങ്ങളും ലോകത്ത് സജീവ ചർച്ചയാണ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ അദ്ദേഹത്തിന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റാണ്. ഇപ്പോഴിതാ ആ സ്വപ്ന സാമ്രാജ്യം ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ കോടീശ്വരൻ.

അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുളവും അടക്കം ജാക്സന്റെ സ്വപ്നലോകമാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. 15 വർഷത്തോളം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ പ്രിയ വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള ഭീമൻ പാർക്കും അടക്കം അത്യാംഡംബര സൗകര്യങ്ങൾ നിറയുന്നതാണ് നെവർലാൻഡ്.

നാലു വര്‍ഷം മുമ്പ് 730 കോടി രൂപക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോൾ 161 കോടി രൂപയ്ക്ക് വിറ്റുപോയത് എന്നതും ശ്രദ്ധേയം. ഇവിടെ കോടീശ്വരൻമാർക്കായുള്ള ക്ലബ് തുടങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജാക്സന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും ഇപ്പോഴും അലഞ്ഞു നടക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. ഇത് നെവർലാൻഡിന്റെ വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്. കുറച്ചു നാളായി രോഗബാധിതയായിരുന്നു.

റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍, ലിസമ്മ ദമ്പതികളുടെ മകളാണ്. എമിലി, മാദലിന്‍ , എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.

അമിച്ചകരി വേങ്ങല്‍ ഹൗസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്

പൊതുദര്‍ശനം ഡിസം 27 ഞായര്‍ നാലു മുതല്‍ എട്ടു വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍ 2175 Jericho Turnpike, New Hyde Park, NY 11040

സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 28 തിങ്കള്‍ രാവിലെ 9 മണി: എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് 10310 104th St, Ozone Park, NY 11417

വിവരങ്ങള്‍ക്ക്: 929 273 3470.

2009 ഒക്ടോബർ 15നായിരുന്നു യുഎസിനെ ഞെട്ടിപ്പിച്ച ആ സംഭവം. കൊളറാഡോയിലെ ഫോർട്ട് കോളിൻസിലെ ആകാശത്ത് ഒരു ഹീലിയം ബലൂൺ പ്രത്യക്ഷപ്പെട്ടു. വെള്ളി നിറത്തിൽ ഒരു പറക്കുംതളികയ്ക്കു സമാനമായിരുന്നു അത്. സാധാരണ അത്തരം ബലൂൺ കാഴ്ചകൾ ആകാശത്ത് പതിവുള്ളതാണ്. എന്നാൽ ബലൂൺ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ രണ്ടു പേർ പൊലീസിനെ വിളിച്ചു. ദമ്പതികളായ റിച്ചാർഡും മയൂമി ഹീനുമായിരുന്നു തങ്ങളുടെ മകൻ ഫാൽക്കൻ ആ ബലൂണിനകത്ത് പെട്ടുപോയതായി പൊലീസിനെ അറിയിച്ചത്.

അപ്പോഴേക്കും ഏകദേശം 7000 അടി ഉയരത്തിലെത്തിയിരുന്നു ബലൂൺ. ഒന്നര മണിക്കൂറായി അത് ആകാശത്തു പറക്കുന്നു. ആറു വയസ്സുകാരൻ ബലൂണിൽപ്പെട്ട വാർത്ത മാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ടു. നാഷനൽ ഗാർഡിന്റെ ഹെലികോപ്ടറുകളും പൊലീസ് വാഹനങ്ങളും ബലൂണിനെ പിന്തുടർന്നു. ഒടുവിൽ ഡെൻവർ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുകിഴക്ക് 19 കിലോമീറ്റർ ദൂരെ ഒരു ഗോതമ്പ് പാടത്ത് ബലൂൺ വീണു. എന്നാൽ അതിനകത്ത് ഫാൽക്കൻ ഉണ്ടായിരുന്നില്ല.

ബലൂണിൽനിന്ന് ഒരു വസ്തു താഴേക്കു വീഴുന്നതായി കണ്ടുവെന്ന് അതിനിടെ റിപ്പോർട്ടുകളുണ്ടായി. തുടർന്ന് പ്രദേശത്താകെ അന്വേഷണവും ആരംഭിച്ചു. അതിനിടെ പൊലീസ് റിച്ചാർഡ‍ിന്റെ വീട്ടിലും പരിശോധന നടത്തി. ഗരാഷിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു ഫാൽക്കൻ. പൊലീസും നാഷനൽ ഗാർഡും ബലൂണിനു പിന്നാലെ പായുമ്പോഴും വീട്ടിൽത്തന്നെയുണ്ടായിരുന്നു അവൻ. വീടിനു പിന്നിൽനിന്നു പറത്തിവിട്ടതാണ് ബലൂണെന്നും അന്യഗ്രഹജീവികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും അതോടെ വ്യക്തമായി. ജനത്തെ കബളിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവൃത്തിയെന്നും തെളിഞ്ഞു.

സംഭവം തട്ടിപ്പാണെന്നു തെളിഞ്ഞതോടെ കുട്ടിക്ക് ഒരു പേരും വീണു – ബലൂൺ ബോയ്. സംഭവം ക്രിമിനൽ കേസുമായി. 11 വർഷത്തിനു ശേഷം, സംഭവത്തിൽ ദമ്പതികൾക്ക് മാപ്പു നൽകിയതായി ഇന്നലെ കൊളറാഡോ ഗവർണർ അറിയിച്ചു. നിയമസംവിധാനങ്ങളുടെ സമയം നഷ്ടപ്പെടുത്തിയ സംഭവത്തിനു കാരണമായെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ബലൂണിനു പിന്നാലെ ഹെലികോപ്ടർ പറന്നതോടെ ഡെൻവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റുകളുടെ ഗതി തിരിച്ചുവിടേണ്ടി വരിക പോലും ചെയ്തു. റിച്ചാർഡിന് ഇപ്പോൾ 59 വയസ്സായി, മയൂമിക്ക് 56ഉം. ഇരുവരും തങ്ങളുടെ തെറ്റിന് ‘പ്രായശ്ചിത്തം’ ചെയ്ത സാഹചര്യത്തിലാണ് മാപ്പു നൽകുന്നതെന്നും ഗവർണർ ജറേദ് പോലിസ് പറഞ്ഞു.

ഗവർണറുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് മാപ്പു നൽകൽ. അന്ന് ടിവിയിലും മറ്റുമായി ലക്ഷങ്ങളാണ് ഈ വിഡിയോ കണ്ടത്. എന്തുകൊണ്ടാണ് ഗരാഷിൽ ഒളിച്ചതെന്ന് സിഎൻഎന്നിന്റെ ടിവി ഷോയില്‍ ചോദിച്ചപ്പോൾ മാതാപിതാക്കളെ നോക്കിയ ഫാൽക്കൻ ‘ഇതെല്ലാം ഒരു ടിവി ഷോയ്ക്കു വേണ്ടിയാണെന്നാണ് ഇവർ എന്നോട് പറഞ്ഞത്’ എന്നാണു വ്യക്തമാക്കിയത്. സ്വന്തം റിയാലിറ്റി ടിവി ഷോ നടത്തിയതാണിതെന്നും മാതാപിതാക്കൾ പറഞ്ഞു. യുഎസിൽ അത്തരം ഷോകൾ തരംഗമായ കാലവുമായിരുന്നു അത്.

റിച്ചാർഡിന് 30 ദിവസത്തെ ജയിൽ ശിക്ഷ ലഭിച്ചു. തെറ്റായ വിവരം പൊലീസിനെ അറിയിച്ചതിന് മയൂമിക്ക് 20 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവും വിധിച്ചു. ജാപ്പനീസ് പൗരത്വമുണ്ടായിരുന്ന മയൂമിയെ അവിടേക്ക് നാടു കടത്താൻ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായതായി ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് റിച്ചാർഡ് കുറ്റമേറ്റെടുത്തതെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ ഫ്ലോറിഡയിലാണ് ഇരുവരുടെയും താമസം. ബലൂൺ ബോയ് ഹോക്സ് ഉൾപ്പെടെ 18 സംഭവങ്ങളിൽ ഇന്നലെ ഗവർണർ മാപ്പ് അനുവദിച്ചു. നാലു കേസുകളിൽ ശിക്ഷ ഇളവും ചെയ്തു.

വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.

“ഞാൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.

കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.

 

തന്റെ മൂത്തമകള്‍ മാലിയയുടെ കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അവൻ ഒരു നല്ല കുട്ടിയാണെന്നുമാണ് ഒബാമ പറയുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മകളുടെ കാമുകൻ കുറച്ച് ദിവസങ്ങൾ തങ്ങളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവെന്നും പേര് വെളിപ്പെടുത്താതെ ഒബാമ വ്യക്തമാക്കി.

ബിൽ സിമ്മൺസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളൊക്കെ മുൻ അമേരിക്കൻ പ്രസിഡന്റ് തുറന്നു പറഞ്ഞത്. ക്വാറന്റീൻ കാലം എങ്ങനെയാണ് കുടുംബത്തിനൊപ്പം ചിലവിട്ടതെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ തന്റെ മക്കൾ മാലിയയും സാഷയും കൂടുതൽ സമയം മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അവർക്കൊപ്പം ചിലവഴിക്കുക രസകരവുമാണ്. മാലിയയുടെ കാമുകൻ ബ്രിട്ടീഷുകാരനാണ്. നല്ല ചെറുപ്പക്കാരൻ. വിസ പ്രശ്നങ്ങൾ കാരണവും ജോലി കണ്ടെത്താനുമായി അവൻ കുറച്ചു ദിവസങ്ങൾ യുഎസിൽ തങ്ങിയിരുന്നു. ഞങ്ങൾ അവനെയും ഒപ്പം താമസിപ്പിച്ചു. ഞാൻ അവനെ ഇഷ്ടപ്പെടേണ്ട ആവശ്യമില്ല. പക്ഷേ നല്ല കുട്ടിയാണ്’. ഒബാമയുടെ വാക്കുകൾ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്‍ വൈറ്റ് ഹൗസ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ വേദാന്ത് പട്ടേലിനെ നിയമിച്ചു. നിലവില്‍ ബൈഡന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവാണ് വേദാന്ത് പട്ടേല്‍. കൂടാതെ ബൈഡന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റീജിയണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനവും വേദാന്ത് വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നെവാഡയിലെയും വെസ്റ്റ്‌റ്റേണ്‍ പ്രൈമറി സംസ്ഥാനങ്ങളിലെ പ്രാഥമിക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു.

നേരത്തെ ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് വനിത പ്രമീള ജയപാലിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പട്ടേല്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ഗുജറാത്തില്‍ ജനിച്ച അഹമ്മദ് പട്ടേല്‍ വളര്‍ന്നത് കാലിഫോര്‍ണിയയിലാണ്. കാലിഫോര്‍ണിയ- റിവര്‍സൈഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വൈറ്റ് ഹൗസിലെ മാധ്യമ വിഭാഗത്തില്‍ നിയമിതനാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് വേദാന്ത് പട്ടേല്‍.

വൈറ്റ് ഹൗസില്‍ നിയമിതയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയ സിംഗായിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിലെ പ്രസ് അസിസ്റ്റന്റായിരുന്നു പ്രിയ സിംഗ്. 2009 ജനുവരി മുതല്‍ 2010 മേയ് വരെയായിരുന്നു പ്രിയ സിംഗ് സേവനമനുഷ്ഠിച്ചത്. വൈറ്റ് പ്രസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായ രാജ് ഷാ ആയിരുന്നു രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍. ട്രംപ് പ്രസിഡന്റായ 2017 മുതല്‍ 2019 വരെയായിരുന്നു ഇദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തെരഞ്ഞെടുപ്പു വിജയം. ടെക്‌സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട് ചരിത്ര വിജയം നേടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന്‍ വിജയിച്ചത്. തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച് ഇവിടത്തെ മലയാളി സമൂഹത്തോടു നന്ദി പറയുന്നതായി റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റോബിന്‍ ഉള്‍പ്പടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിയാത്തതിനാലാണ് റണ്‍ ഓഫ് വേണ്ടിവന്നത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. ഇതനുസരിച്ചാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ മിസ്സോറി സിറ്റിയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്.

2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.

ഇത്തവണ മേയറായി മത്സരിച്ചതിനെക്കുറിച്ച് റോബിന്‍ ഇലക്കാട്ട് പറയുന്നത് ഇങ്ങനെയാണ്- രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോ ലാന്‍ഡാ ഫോര്‍ഡിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്.

കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.

കൗണ്‍സില്‍മാനെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് റോബിന്‍ പറയുന്നു. പൊതുയിടങ്ങളിലെ സുരക്ഷിതത്വവും സാമ്പത്തിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും ഇന്‍ഫ്രാസ്ട്രക്ചര്‍ പുതുക്കലുമെല്ലാമാണ് തന്റെ ലക്ഷ്യം. ഇതെല്ലാം നടപ്പിലാക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവരാണ് മക്കള്‍.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും തെരഞ്ഞെടുത്തു. പുതുവര്‍ഷത്തില്‍ അധികാരമേല്‍ക്കും. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ഇലക്ടറല്‍ കോളേജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനുണ്ടായ വീഴ്ച തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ബൈഡന്‍.

യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.

RECENT POSTS
Copyright © . All rights reserved