കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം വീടുകളിലേയ്ക്ക് ഒതുങ്ങിയതോടെ ‘വർക്ക് ഫ്രം ഹോം’മിലേക്കും ലോകം മാറി. ആഗോള തലത്തിൽ മിക്ക ഐടി കമ്പനികളിലും മാധ്യമ സ്ഥാപനങ്ങളിലുമടക്കം ജീവനക്കാർ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്തു വരുന്നത്.
വർക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന നിരവധി കൗതുക വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുഎസിൽ ന്യൂസ് ലൈവിനിടെ റിപ്പോർട്ടർ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് വൈറലാകുന്നത്.
എബിസി ചാനലിന്റെ റിപ്പോർട്ടർ വിൽ റീവ് ‘ഗുഡ് മോണിംഗ് അമേരിക്ക’ സെഗ്മെന്റ് പരിപാടിയിൽ ലൈവ് ചെയ്യുന്നതിനിടെ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്.
കോട്ടും സ്യൂട്ടും അണിഞ്ഞ് വിൽ റീവ് റിപ്പോർട്ട് നൽകുന്നതിന്റെ അവസാനമാണ് ക്യാമറയിൽ റീവ് പാന്റ്സിട്ടില്ല എന്നത് വ്യക്തമാകുന്നത്.അമേരിക്കയിൽ രോഗികൾക്ക് ഫാർമസികൾ ഡ്രോൺ വഴി പ്രെസ്‌ക്രിപ്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ലൈവ് റിപ്പോർട്ടിനിടെയാണ് റിപ്പോട്ടറുടെ യഥാർത്ഥ രൂപം പുറത്തുവന്നത്
This quarantine is already affecting my vision, nobody sees something strange at the end? Or am I the only one who sees reporter Will Reeve without pants! pic.twitter.com/J9DDIRB6CF
— Alejandro Sanchez Botero (@AlejoSanchez626) April 28, 2020
കോവിഡ് ബാധിച്ച് യുഎസിലും ബ്രിട്ടനിലും മലയാളികൾ മരിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (63) ഷിക്കാഗോയിലാണ് മരിച്ചത്. സംസ്കാരം പിന്നീട്. 11 വര്‍ഷമായി കുടുംബത്തോടൊപ്പം ഡെസ് പ്ലെയിന്‍സിലാണ് താമസം. ജൈനമ്മയാണ് ഭാര്യ. കോവിഡ് ബാധിച്ച് മലയാളി നഴ്‌സാണ് ലണ്ടനില്‍ മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതുവരെ 30,64,147 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 2,11,449 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 9,21,400 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,09,040 പേര്‍ക്കാണ് നിലവില്‍ ഇവിടെ വൈറസ് ബാധയുള്ളത്. 56,666 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 1,37,805 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
ജനങ്ങള്‍ തന്നെ വിളിക്കുന്നത് കഠിനാധ്വാനിയായ പ്രസിഡന്റെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന് കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് പറയുന്നു.
മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ വാദം. ‘എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റാണെന്ന് പറയുന്നത്. അക്കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ക്കെതിരെയും മാധ്യമസ്ഥാപനങ്ങളുടെ അധാര്‍മികതക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.
തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.
വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.
ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.
‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.
അമേരിക്കയില്‍ കൊവിഡ് 19 എടുത്തത് മലയാളി കുടുംബത്തിലെ മൂന്ന് ജീവനുകളാണ്. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായി ഉയര്‍ന്നത്.
ഭര്‍ത്താവ് കെജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമോ എന്ന ആശങ്കയാണ് നിലവില്‍ ഉള്ളത്.
ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിച്ചാല്‍ യുഎസ്സിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസ്സെയ്ന്‍ സലാമി സ്റ്റേറ്റ് ടിവിയിലാണ് ഇക്കാര്യം പറഞ്ഞത്. യുഎസ് കപ്പലുകളെ ഇറാന്‍ ശല്യം ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. യുഎസ് കപ്പലുകളെ ശല്യം ചെയ്യുന്ന ഇറാന്‍ കപ്പലുകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റെവല്യൂഷണറി ഗാര്‍ഡ് മേധാവി.
കോവിഡ് വലിയ തോതില്‍ മരണമുണ്ടാക്കിയ ഇറാനുള്ള സഹായങ്ങള്‍ തടയാന്‍ യുഎസ് നടത്തിയ ഇടപെടലും വിവാദമായിരുന്നു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് യുഎസ്സിന്റേയും ഇറാന്റേയും പ്രസ്താവനകള്‍. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സൈനിക, സൈനികേതര കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഏതൊരു അമേരിക്കന്‍ ഭീകര സേനയേയും തകര്‍ക്കാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട് – ഹൊസൈനി സലാമി പറഞ്ഞു.
ഇറാന്റെ 11 നേവി കപ്പലുകള്‍ യുഎസ് നേവി കപ്പലുകള്‍ക്കടുത്തേയ്ക്ക് വന്ന് പ്രകോപനമുണ്ടാക്കിയതായി യുഎസ് മിലിട്ടറി ഈ മാസമാദ്യം ആരോപിച്ചിരുന്നു. വളരെ അപകടകരവും പ്രകോപനപരവുമാണ് ഇറാന്റെ നീക്കമെന്നാണ് യുഎസ് മിലിട്ടറി പറഞ്ഞത്. 2015ൽ ബറാക്ക് ഒബാമ പ്രസിഡൻ്റ് ആയിരിക്കെ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന് മേൽ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മൂതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും കഴിഞ്ഞവർഷം ഹോർമുസ് കടലിടുക്കിലെ നീക്കങ്ങൾ ഒരു യുദ്ധത്തിൻ്റെ വക്കിലോളം കാര്യങ്ങളെത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്, ഇറാൻ നാവികസേനകൾ പരസ്പരം കപ്പലുകൾ പിടിച്ചെടുത്തിരുന്നു.
കോവിഡ് മൂലം ഇറാനിൽ ഇതുവരെ 5487 പേരാണ് മരിച്ചത്. 87026 പോസിറ്റീവ് കേസുകൾ വന്നു. യുഎസ്സിലാകട്ടെ ഇതുവരെ 8,49,092 പോസിറ്റീവ് കേസുകൾ വരുകയും 47684 പേർ മരിക്കുകയും ചെയ്തു.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും കഴിഞ്ഞദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
‘അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക’ എന്നാണ് ട്രംപ് പ്രതികരിച്ചത്. വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘വാര്‍ത്തയില്‍ പറയുന്ന പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്. എന്നാല്‍ വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് തനിക്കറിയില്ല.’ എന്നും ട്രംപ് പറഞ്ഞു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമാണ് യു.എസ്. രഹസ്യാന്വേഷകര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്നിന്റെ വക്താവും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പും പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയവും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികരിക്കാതെ സൗഖ്യം നേരുന്നു എന്ന വാചകത്തില്‍ ട്രംപ് തന്റെ പ്രസ്താവന ഒതുക്കിയത്.
മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു പ്രസ്താവന.
‘കാണാൻ സാധിക്കാത്ത ഒരു ശത്രുവിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, അമേരിക്കയിലെ പൊരന്മാരുടെ ജോലി സംരക്ഷിക്കണമെന്നതിനാലും മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ഞാൻ ഒപ്പ് വയ്ക്കും’- ട്രംപ് കുറിച്ചു.
മണിക്കൂറുകൾക്ക് മുമ്പ് വരെ ഏറെ ഉത്സാഹത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും സംസാരിച്ച് കാണപ്പെട്ട ട്രംപ് ഇത്തരത്തിലൊരു ട്വീറ്റ് കുറിച്ചത് ഞെട്ടിച്ചുവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, കാനഡ, മെക്‌സിക്കോ, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.
പെട്ടെന്നുള്ള ട്രംപിന്റെ ഈ തീരുമാനം വലിയ ആശയക്കുഴപ്പങ്ങളാണ് വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരിൽ സൃഷ്ടിച്ചിരിക്കുന്നത്. എത്ര നാൾ വരെയാകും ഈ വിലക്കെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കാൻ തയാറായിട്ടില്ല.
സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽപാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.
പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽപാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽപാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.
സ്വന്തം ലേഖകൻ
കാനഡ :- കാനഡയിലെ നോവ സ്കോട്ടിയ നഗരത്തിൽ പോലീസ് യൂണിഫോമിൽ എത്തിയ ആൾ നടത്തിയ വെടിവെയ്‌പ്പിൽ 13 പേർ മരിച്ചതായി സംശയിക്കുന്നു . ഗബ്രിയേൽ വോർറ്റ്മാൻ എന്ന കൊലയാളിയെ പിന്നീട് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയതായി അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോലീസ് യൂണിഫോമിൽ പോലീസ് കാറോടിച്ചാണ് കൊലയാളി എത്തിയത്. മരണപ്പെട്ടവരുടെ കൃത്യം കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിമൂന്നോളം പേർ മരണപ്പെട്ടു എന്നാണ് നിഗമനം.
മരണപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി നാഷണൽ പോലീസ് ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ് ബ്രയാൻ സൗവേ അറിയിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾ ഹെയ്‌ദി സ്റ്റീവിൻസൺ ആണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് തങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ഈ വെടിവെപ്പ് നടന്നത്. ജനങ്ങളോട് രാത്രി മുഴുവനും വീടുകളിൽ തന്നെ കഴിയുവാനുള്ള നിർദ്ദേശം നൽകിയിരുന്നു.
വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നഗരത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവമാണ് നടന്നതെന്ന് നോവ സ്കോട്ടിയ പ്രീമിയർ സ്റ്റീഫൻ മക്നീൽ പറഞ്ഞു.