ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക് ഉയര്‍ന്നതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്‌ളോറിഡ വരെ റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ നില 52,000 പുതിയ രോഗികളുടെതാണ്. രോഗബാധ ഈ നിലയിലായതോടെ ജൂലൈ നാലിന് നടക്കേണ്ട അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിലായി. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മിക്ക കൗണ്ടികളിലും റസ്‌റ്റോറന്റുകള്‍ക്ക് ഉള്ളിലിരുന്നുള്ള കഴിപ്പ് കാലിഫോര്‍ണിയ നിരോധിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും റെസ്‌റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് വരും. അതേ സമയം രോഗവ്യാപ്തി ഇങ്ങിനെ കൂടുമ്പോഴും മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് ട്രംപ് തുടരുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്.

കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിന്റെ ആഗോള നിലവാരം ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസം തോറും 160,000 എന്ന കണക്കിലാണ് രോഗവ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ പറയുന്നു. ലോകത്തുടനീളമായി 10 ദശലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് ജൂണ്‍ 28 നാണ്. 189,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.