USA

മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫര്‍.ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഏഴാം വയസു മുതല്‍ 14 വയസുവരെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫര്‍ പറയുന്നു.

ചെറുപ്പത്തില്‍ മുതല്‍ മൈക്കിള്‍ ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാള്‍ നല്‍കിയിരുന്നു. . എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങളെ തളളി മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ല്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണിനെ ഇയാള്‍ പിന്തുണച്ചിരുന്നുവെന്നും ജാക്‌സണിന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്ക്‌സണ്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മൈക്കിള്‍ ജാക്‌സനെ പിതാവ് ജോ ജാക്‌സണ്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോണ്‍റാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാള്‍. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.

വാഷിംഗ്ടണ്‍: സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയില്‍ വെച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി യുവദമ്പതികള്‍ സംഭവ സമയം മദ്യലഹരിയിലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു വിശ്വനാഥ് (29) ഭാര്യ മീനാക്ഷി മൂർത്തി (30) സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചത്. ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് ഇരുവരും മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിനിടെ 800 അടി ഉയരത്തില്‍ നിന്നും ഇരുവരും വീഴുകയായിരുന്നു. സംഭവത്തിന് മുമ്പ് ഇരുവരും മദ്യം കഴിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ  വീഴ്ചയിൽ ഉണ്ടായ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് ഇരുവരും മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഡെയ്‌ലി മെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിഷ്ണുവും മീനാക്ഷിയും ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വിഷ്ണു ഓഫീസിൽ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം പുറത്തറിയുന്നത്.

സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ‌ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലുവിലാണ് സംഭവം. 2016 സെപ്തംബറില്‍ അപ്പാർട്ട്മെന്റിൽ വെച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവെയ്ക്ക് 30 വര്‍ഷം തടവാണ് കോടതി വിധിച്ചത്.

2017ൽ യു വെയ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വെച്ചിരുന്നത്.

തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് മൊഴി നൽകി.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ഉറച്ച നിലപാടില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് പ്രസി‍ഡന്റ് നിലപാട് വ്യക്തമാക്കിയത്. മതില്‍കെട്ടാന്‍ 5.7 ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ ബജറ്റില്‍ വകയിരുത്തണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടു.

എന്നാല്‍ ധനകാര്യബില്‍ പാസായില്ലെങ്കില്‍ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പ്രസിഡന്റ് പിന്നോട്ട് പോയി. അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റവും അതിനെ തുടര്‍ന്നുണ്ടാവുന്ന സുരക്ഷാപ്രശ്നങ്ങളും വര്‍ധിച്ചുവരികയാണെന്ന് പറഞ്ഞ പ്രസിഡന്റ് ഡെമോക്രാറ്റുകളുടെ വാശിയാണ് മതില്‍ നിര്‍മാണത്തിന് വിലങ്ങുതയിയാവുന്നതെന്ന കുറ്റപ്പെടുത്തി.

ഉടന്‍ തെക്ക്പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് സൂചനനല്‍കി.രാഷ്ട്രീയ പോരിനിടയിലും ഡിസംബര്‍ 22ന് തുടങ്ങിയ ഭരണസ്തംഭനം അമേരിക്കയില്‍ അതേ പടി തുടരുകയാണ്.

യുഎസിലെ ജോര്‍ജിയയില്‍, പൂന്തോട്ടത്തില്‍ നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മേരിയെ ഒക്ടോബറിലും എല്‍വിന്‍ ജൂനിയറെ 2016 നവംബറിലും കാണാതായതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പരാതിയും മാതാപിതാക്കള്‍ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

പുതവര്‍ഷത്തിനപ്പുറവും ഭരണപ്രതിസന്ധി തുടരുമെന്ന ആശങ്കയില്‍ അമേരിക്ക. സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഒന്‍പത് പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. 8 ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രശ്നങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.

ക്രിസ്മസ് കഴിഞ്ഞു പുതവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക. എന്നാല്‍ ഭരണസ്തംഭനം രാജ്യത്തെ പലമേഖലകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷ വിഭാഗം, നീതി ന്യായ വിഭാഗം കൃഷി വിഭാഗം തുടങ്ങി 9 പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജോലി നഷ്ടമാകുമോ അല്ലെങ്കില്‍ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയിലാണ് എട്ട് ലക്ഷത്തിലേറെ ജീവനക്കാര്‍.

ഇതൊക്കെയാണെങ്കിലും മെക്സിക്കോ അതിര്‍ത്തില്‍ മതില്‍ക്കെട്ടുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകാണ്. പ്രസിഡന്റ് ട്രംപ്. ഡെമോക്രാറ്റുകളുടെ പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു.

ജ​ന്മ​നാ മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണാ​ൻ ആ അമ്മ പറന്നെത്തി. യെ​മ​നി പൗ​ര​യാ​യ ഷൈ​മ​യ്ക്ക് മകനേ കാണാൻ കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് അ​നു​മ​തി ന​ൽ​കിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.

മ​സ്തി​ഷ്ക രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന അ​ബ്ദു​ള്ള തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം അ​പ്പാ​ടെ വി​ധി എ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ ഇ​ത്ര ഗു​രു​ത​ര​മാ​യി​ട്ടും മ​ക​ന്‍റെ അ​ടു​ത്തെ​ത്താ​ൻ ഷൈ​മ​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ലെ. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ യാ​ത്രാ​വി​ല​ക്കാ​യി​രു​ന്നു ഈ ​അ​മ്മ​യു​ടെ ജീ​വി​താ​ഭി​ലാ​ഷ​ത്തി​നു മു​ന്നി​ൽ മ​തി​ലു കെ​ട്ടി​യ​ത്.

ഇതുമായി ബന്ധപ്പെട്ട് വാ​ർ​ത്ത പ്ര​ച​രി​ച്ച​തു മു​ത​ൽ ഈ ​അ​മ്മ​യ്ക്ക് ​വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈ​മ​യ്ക്ക് കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് യുഎസിലേക്കുള്ള യാത്രാനുമതി ന​ൽ​കുകയായിരുന്നു. നി​ല​വി​ൽ ഈ​ജി​പ്തി​ലാ​ണ് ഷൈ​മ താ​മ​സി​ക്കു​ന്ന​ത്.

അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ.  യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി.   നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി. ഇത് വാഹനപകടങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിച്ചു.

ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തേണ്ടിവന്നു. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.

റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.

Copyright © . All rights reserved