USA

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ് നാല് മരണം.

വീടൊഴിയാൻ ആവശ്യപ്പെട്ടതിൽ കുപിതനായാണ് അക്രമി അയൽവാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അക്രമി ആഫ്രിക്കൻ അമേരിക്കൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍.

‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

 

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ കണ്ടെത്തിയത്.

1929ല്‍ ഹാഗോപ് കെവോര്‍കിയന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗാലറി അധികൃതര്‍ വിഗ്രഹം വാങ്ങുന്നത്. ഇതെത്ര തുകയ്ക്കാണെന്ന് അറിവില്ല. 1962ല്‍ കെവോകിയന്‍ അന്തരിച്ചു. ഇദ്ദേഹം ആരില്‍ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണമാരംഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. 2015ല്‍ വിഗ്രഹം മ്യൂസിയത്തില്‍ കണ്ടുവെന്ന് രാജേന്ദ്രന്‍ എന്നയാളാണ് ആദ്യം വിവരം പോലീസിനെ അറിയിക്കുന്നത്. ഇദ്ദേഹമിക്കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പിന്നീട് കേസ് പോലീസിന്റെ ഐഡല്‍ വിംഗിന് കൈമാറി. ജയന്ത് മുരളി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ ദിനകരന്‍, എന്നിവര്‍ കേസ് വേഗത്തിലാക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങള്‍ കൈമാറുകയും ചെയ്തു. ക്ഷേത്രത്തില്‍ 60 വര്‍ഷത്തിലധികം വര്‍ഷം ജോലി ചെയ്തവരോട് അന്വേഷിച്ചാണ് വിഗ്രഹം ക്ഷേത്രത്തിലേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. വിഗ്രഹം ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ചോളരാജവംശത്തിലെ ശക്തയായ രാജ്ഞിയായിരുന്നു സെംബിയന്‍ മഹാദേവി. ഭര്‍ത്താവായ കാന്തരാദിത്യന്റെ മരണ ശേഷം ഇവര്‍ രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയുന്നതിലും കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തി. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികക്കെട്ടിടങ്ങള്‍ മാറ്റി ക്ഷേത്രങ്ങള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നത് സെംബിയന്‍ മഹാദേവിയുടെ കാലത്താണ്. അറുപത് വര്‍ഷത്തിന് മുകളില്‍ ചോളരാജ്യം ഭരിച്ച രാജ്ഞിയുടെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. വളർത്തുപിതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവർ.

18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ചിരുന്ന 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പരസ്പര സമ്മതത്തോടെ സെല്ലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും ഇരുവരും ഗർഭിണിയായെന്നുമാണ് പരാതി. തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഡെമിയെ മാറ്റിയത്. പുരുഷ തടുവകാർ മാത്രമാണ് ഇവിടെയുള്ളത്.

ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ കുറ്റം സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായിരുന്നെന്നും ഇതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗർഭിണികളായതെന്നുമാണ് കുറ്റസമ്മതം. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.

എന്നാൽ പുരുഷന്മാരുടെ തടവറയിൽ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായിരുന്നു ഇവാന ട്രംപ്. ഇവാനയുടെ മരണത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന സുന്ദരിയായ വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. മക്കളെ ഓര്‍ത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.

1977ലായിരുന്നു ട്രംപും ഇവാനയും തമ്മിലുള്ള വിവാഹം. 90കളുടെ ആരംഭത്തില്‍ ഇരുവരും വിവാഹമോചനം നേടി്. 1993ല്‍ ട്രംപ് മാപ്പിള്‍സിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.

നേരത്ത ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്‍ദോവില്‍ 1949ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന്‍ ജൂനിയര്‍ നാഷ്ണല്‍ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്.

 

കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാളെ കാണാതായി. വാരാന്ത്യം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെയാണ്(41) കാണാതാത്.

തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം

ആകാശം ചുവപ്പും ഓറഞ്ചും പിങ്കുമൊക്കെ ആകുന്നത് സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മനോഹര കാഴ്ചകളാണ്. എന്നാല്‍ ആകാശം പച്ചയാകുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? അത്തരമൊരു സംഭവമുണ്ടായി, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഇന്നലെ.

ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇവിടെ ആകാശം പച്ച നിറമായി മാറി. ഡക്കോട്ടയിലെ സിയൂക്‌സ് ഫോള്‍സിലാണ് അത്ഭുത പ്രതിഭാസമുണ്ടായത്. മണിക്കൂറുകളോളം ആകാശം പച്ചനിറത്തില്‍ കാണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ ആലിപ്പഴം വീഴുകയും കനത്ത മഴ പെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിചിത്രമായ മാറ്റം ആകാശത്തുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭയാനകമായ പച്ച നിറത്തില്‍ മേഘങ്ങളോട് കൂടി ആകാശം കാണപ്പെട്ടത് ആളുകളെയാകെ പരിഭ്രാന്തിയിലാക്കി.

കനത്ത മഴയും ഇടിമിന്നലുമുള്ള സാഹചര്യങ്ങളില്‍ സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മഞ്ഞ നിറവും മേഘങ്ങളിലെ നീല നിറവും കൂടിച്ചേര്‍ന്ന് റീഫ്രാക്ഷന്‍ എന്ന പ്രതിഭാസത്തിലൂടെ ആകാശം പച്ച നിറത്തില്‍ കാണപ്പെട്ടേക്കാമെന്ന്‌ കാലാവസ്ഥാ വിദഗ്ധര്‍ വിശദീകരിക്കുന്നു. ഇത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.

 

അമേരിക്കയില്‍ സ്വാതന്ത്രദിന പരേഡിനിടെയില്‍ ഉണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. ജൂലൈ നാലിന് ചിക്കാഗോയിലെ ഹൈലന്‍ഡ് പാര്‍ക്കിലാണ് വെടിവെയ്പുണ്ടായത്. 30പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ 22കാരനായ ആക്രമിയെ പൊലീസ് പിടികൂടി.

ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കകമാണ്് തോക്കുമായി ആക്രമി ചില്ലറ വില്‍പ്പനശാലയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.

ആക്രമണം ഉണ്ടായി ആറുമണിക്കൂറിന് ശേഷമാണ് റോബര്‍ട്ട് ഇ ക്രൈമോയെ പിടികൂടിയത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അമേരിക്കയുടെ 246-ാം സ്വാതന്ത്രദിനാഘോഷവേളയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് പരേഡുള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന സുരക്ഷയൊരുക്കി. മെയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലെയുണ്ടായത്.

Copyright © . All rights reserved