യു.എസിൽ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന് നിരോധനമേർപ്പെടുത്താൻ വഴിയൊരുക്കുന്ന നിർണായക ബില്ല് ജനപ്രതിനിധി സഭ പാസാക്കി. ടിക്ടോക്കിന് ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസുമായുള്ള ബന്ധം വിച്ഛേദിച്ചാൽ യു.എസിൽ തുടരാമെന്നും അല്ലെങ്കിൽ രാജ്യമെമ്പാടും നിരോധിക്കുമെന്നുമാണ് ബില്ലിലുള്ളത്. സഭയിലെ 352 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. 65 പേർ എതിർത്തു.

ബില്ല് ഇനി സെനറ്റിൽ കൂടി പാസാകണം. തുടർന്ന് പ്രസിഡന്റ് ബൈഡന്റെ അംഗീകാരത്തോടെ നിയമം പ്രാബല്യത്തിലെത്തിയാൽ 180 ദിവസത്തിനുള്ളിൽ ബൈറ്റ്‌ഡാൻസ് ടിക്ടോക്കിനെ യു.എസിലെ കമ്പനിക്കോ വ്യക്തിക്കോ വില്ക്കണം. പരാജയപ്പെട്ടാൽ യു.എസിലെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ നിന്ന് ടിക്ടോക്കിനെ നീക്കും. ടിക്ടോക്ക് ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതായുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.

ടിക്ടോക്കിന് യു.എസിൽ 15 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ത്യ, കാനഡ, യു.കെ, ഓസ്ട്രേലിയ, നെതർലൻഡ്സ്, ഫ്രാൻസ്, ന്യൂസിലൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ടിക്ടോക്കിന് പൂർണമോ ഭാഗികമായോ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ടിക്ടോക്കിന് വിലക്ക് നിലവിലുണ്ട്.