യെസ് ബാങ്ക് അഴിമതിക്കേസിൽ പ്രതികളായ ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ സിബിഐ കസ്റ്റഡിയിൽ. കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവരെയാണ് സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം 9ന് പശ്ചിമ മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലെ ഫാം ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇരുവരും പിടിയിലായിരുന്നു. തുടർന്ന് പാഞ്ചഗണിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി.

എന്നാൽ, ക്വാറന്റീൻ കാലാവധി കഴിഞ്ഞെന്നും യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ പ്രതികളായ ഇവരെ കസ്റ്റഡിയിൽ എടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികളെ മോചിപ്പിക്കരുതെന്ന് സത്താറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. യെസ് ബാങ്ക് മേധാവി റാണ കപൂറുമായുള്ള ബന്ധം ഉപയോഗിച്ച് വലിയ തോതിൽ സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്നാണ് കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവർക്കെതിരെയുള്ള കേസ്.