കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തിൽ സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിലേക്ക്. ഫ്ളാറ്റ് നിർമാണത്തിൽ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. സ്വപ്‌നയിലൂടെയാകും പ്രധാന തെളിവുകൾ ലഭിക്കുകയെന്ന കണക്കുകൂട്ടലിൽ സ്വപ്‌നയെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ സി.ബി.ഐ. അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകിയേക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മിഷൻ കിട്ടിയെന്ന് സ്വപ്‌ന നേരത്തെ മൊഴിനൽകിയിരുന്നു. ധാരണാപത്രമനുസരിച്ച് നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നൽകുന്ന യു.എ.ഇ. റെഡ്ക്രസന്റും ചേർന്നാണ്. എന്നാൽ, ഈ വ്യവസ്ഥ അട്ടിമറിച്ച് കോൺസൽ ജനറൽ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു.

കോൺസൽ ജനറലിനെ മറയാക്കി ചിലർ കമ്മിഷൻ തട്ടുകയായിരുന്നെന്നാണ് സി.ബി.ഐ.യുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് കോൺസൽ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്‌നയുടെ നേതൃത്വത്തിലാകാം നടന്നിട്ടുള്ളത്. ഇതിൽ സ്വർണക്കടത്ത് സംഘത്തിലെ ചിലർക്കു ബന്ധമുണ്ടാകാമെന്നും സി.ബി.ഐ. കരുതുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെഡ് ക്രസന്റ് നൽകിയ രണ്ടാംഗഡുവിൽ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതർക്കു നൽകാനായിരുന്നെന്നും സി.ബി.ഐ.ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖർക്കു പങ്കുണ്ടെന്ന് കസ്റ്റംസും എൻ.ഐ.എ.യും കണ്ടെത്തിയിരുന്നു.

റെഡ്മക്രസന്റ് നൽകിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനൽകിയിരുന്നു. വിദേശത്തുനിന്നു വന്ന പണം ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സി.ബി.ഐ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.

ധാരണാപത്രത്തിൽ ഒപ്പിട്ട ലൈഫ് മിഷൻ സി.ഇ.ഒ.യിൽനിന്ന് അടുത്തദിവസം സി.ബി.ഐ. വിവരങ്ങൾതേടും. ചീഫ് സെക്രട്ടറിയിൽനിന്ന് വടക്കാഞ്ചേരി ഫ്ളാറ്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സി.ബി.ഐ. തേടുന്നുണ്ട്.