കൊച്ചി: കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് പഴയ ചോദ്യപേപ്പര്‍ നല്‍കിയെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. ഇക്കാര്യം കാണിച്ച് സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 28ന് നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയ്ക്ക് ലഭിച്ചത് പഴയ ചോദ്യപേപ്പറാണെന്നാണ് കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥിനിയായ ആമിയ സലീം നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മാറിനല്‍കിയ സംഭവത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പുനഃപരീക്ഷ നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പഴയ ചോദ്യപേപ്പറെന്ന പേരില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയോടൊപ്പം ചേര്‍ത്തിരിക്കുന്നത് 2016ല്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതിയ ജ്യേഷ്ഠ സഹോദരന്റെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണെന്നാണ് സിബിഎസ്ഇ പറയുന്നത്. പരാതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പഴയ ചോദ്യപേപ്പറും ആമിയ സലീമിന്റെ ജ്യേഷ്ഠ സഹോദരന് 2016ല്‍ ലഭിച്ചിരിക്കുന്ന ചോദ്യപേപ്പറും സമാന കോഡാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി സിബിഎസ്ഇ വ്യക്തമാക്കുന്നു.
വിഷയത്തില്‍ അന്വേഷണം നടത്തിയതായും അതിന്റെ അടിസ്ഥാനത്തിലാണ് പരാതി വ്യാജമാണെന്ന് മനസിലായതെന്നും സിബിഎസ്ഇ പറയുന്നു. എന്നാല്‍ സിബിഎസ്ഇയുടെ വാദങ്ങള്‍ തെറ്റാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്തപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ കാര്യം മനസിലായതെന്ന് കുട്ടി പറഞ്ഞു.
Leave a Reply