മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍. ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് വിലയിരുത്തല്‍.
കാര്‍ പാളയത്തുവെച്ച് ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്‌നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന വിഷയമായി മാറിയതോടെ ആര്യ ആരോപണം കടുപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ പ്രവൃത്തി ഗതാഗത നിയമലംഘനത്തിലുപരി സ്ത്രീയ്‌ക്കെതിരായ വിഷയമായി ആര്യാ രാജേന്ദ്രന്‍ പുതിയ മാനം നല്‍കി. ഇതിനൊപ്പം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ മുമ്പും മോശം ഡ്രൈവിങ്ങിന്റെ പേരില്‍ കേസുകളുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം തള്ളിപ്പോയി. മറ്റ് കേസുകള്‍ ഉണ്ടെങ്കിലും മേയറും സംഘവും കാണിച്ച നിയമലംഘനങ്ങള്‍ക്ക് സാധൂകരണമില്ല.
വിഷയത്തില്‍ ഡ്രൈവര്‍ എച്ച്.എല്‍. യദുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുമില്ല. അതിനിടെ, ഇയാളെ ഇന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തര്‍ക്കത്തിനു കാരണമെന്ന് മേയര്‍ ആവര്‍ത്തിക്കുന്നു. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത സമയത്ത് പിന്‍ സീറ്റില്‍ ഇരുന്ന സഹോദരഭാര്യയെ നോക്കി ലൈംഗിക ചേഷ്ട കാണിച്ചു. ഇതു ചോദിക്കാന്‍ വേണ്ടിയാണു കാര്‍ പിറകേ വിട്ടത്. സ്ത്രീകള്‍ക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തില്‍ അപമര്യാദ പാടില്ലെന്നതിനാല്‍ ഡ്രൈവര്‍ക്കെതിരെ നിയമ നടപടി തുടരുമെന്നും മേയര്‍ വ്യക്തമാക്കുന്നു.
അതേസമയം, വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴി കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Leave a Reply