യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി മനോജ്(40) ആണ് കഴിഞ്ഞ ദിവസം ഇരുമ്പനത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപമാണ് മനോജിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച ദിവസം രാത്രി 7.30 വരെ മനോജ് വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുമ്പനത്ത് മനോജിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. അതുകൊണ്ടു തന്നെ അവിടേക്ക് പോകേണ്ട ആവശ്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറച്ചുകാലം മുമ്പ് വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂർണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്‍റെ സഹോദരൻ ബാബു പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ടീഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. മനോജ് രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകിയിരുന്നതായും ബാബു പറയുന്നു.

മനോജിന്‍റെ മൃതശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശരീരത്തിലും തലയിലും മുറിവുകളുണ്ട്. എന്നാൽ ഇത് വീഴ്ചയുടെ ഫലമായി ഉണ്ടായതാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച്‌ പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.