ലണ്ടന്‍: യുകെയിലെ സ്ലോട്ടര്‍ഹൗസുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു. എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഇന്നലെ അവതരിപ്പിച്ച പുതിയ പദ്ധതിയനുസരിച്ചാണ് ഇത്. അടുത്ത് സ്പ്രിംഗ് മുതല്‍ ഈ നിബന്ധന കര്‍ശനമാക്കാനാണ് ശുപാര്‍ശ. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങള്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൃഗങ്ങളെ ക്രൂരമായാണോ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാനാണ് ഈ വ്യവസ്ഥ. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

90 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സ്ലോട്ടര്‍ഹൗസുകളില്‍ മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടൂ സിസ്റ്റേഴ്‌സ് എന്ന യുകെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഏറ്റവും വലിയ ചിക്കന്‍ വിതരണക്കാരുടെ സ്ലോട്ടര്‍ഹൗസിലെയും പ്ലാന്റിലെയും ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. തിരിച്ചയച്ച ഉല്‍പ്പന്നങ്ങള്‍ ലേബല്‍ മാറ്റി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരികെ എത്തിക്കുന്നത് ഇതിലൂടെ വ്യക്തമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൃത്തിഹീനമായ സാഹചര്യചങ്ങളില്‍ മാംസം കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കശാപ്പിനായി എത്തിച്ച മൃഗങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെയും പന്നികളുടെ മുഖത്ത് സിഗരറ്റിന് കുത്തി പൊള്ളലേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അനിമല്‍ എയ്ഡ് എന്ന സംഘടന പുറത്തു വിട്ടിരുന്നു. ഇവയുടെ പശ്ചാത്തലത്തില്‍ യുകെ സൂപ്പര്‍ മാര്‍ക്കറ്റുകളും തങ്ങള്‍ക്ക ഇറച്ചിയുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരുടെ ഉല്‍പാദന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.