ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോ കപ്പ് സെമിഫൈനലിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരുടെ എണ്ണം 66,000ത്തിൽ ഏറെ. ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട ആരാധകർ തെരുവിലും ആഘോഷ പ്രകടനങ്ങൾ നടത്തി. സാമൂഹിക അകലം പാലിക്കാതെയുള്ള ഈ ആഘോഷങ്ങൾ ഇംഗ്ലണ്ടിൽ വരും ദിനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. യൂറോ കപ്പും വെംബ്ലിയിൽ ആഘോഷവും പുരോഗമിക്കുന്നതിനോടൊപ്പം ജൂലൈ 19 നകം രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം 100,000 കടക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇംപീരിയൽ കോളേജ് ലണ്ടൻ ശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ കേസുകൾ നിലവിൽ ആറു ദിവസം കൂടുംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ സ്ത്രീകളേക്കാൾ 30 ശതമാനം കൂടുതൽ പുരുഷന്മാരിലാണെന്നും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗം ബാധിക്കുന്നവരിൽ ഏറെയുമെന്ന് അവർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരക്കേറിയ വാതിൽപ്പുറ ഇടങ്ങളിൽ മാസ്‌ക്കുകൾ നിർബന്ധമല്ലെങ്കിലും അവ ധരിക്കുന്നത് കോവിഡിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജൂൺ മാസത്തിൽ ഇംഗ്ലണ്ടിലെ കേസുകൾ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിന്റെ വിജയയാത്രയുടെ ഓരോ ഘട്ടവും കാണാനായി പുരുഷന്മാർ പബ്ബുകളിലും വീടുകളിലും ഒത്തുകൂടിയിരുന്നു. 55 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പ്രധാന ഫൈനലിനായി ഞായറാഴ്ച ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അത് കൂടുതൽ വഷളാകുമെന്ന ആശങ്കയുമുണ്ട്. ബാറുകളിൽ ആഘോഷിക്കുന്നതും പൊതുഗതാഗതത്തിൽ കൂട്ടം കൂടി സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ & ട്രോപിക്കൽ മെഡിസിനിലെ പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫസർ മാർട്ടിൻ മക്കി പറഞ്ഞു.


സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കുന്ന ആരാധകർ മാത്രമല്ല ഈ ഭീഷണി നേരിടുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആരാധകർ പബ്ബുകളിലും വീടുകളിലും കൂട്ടം കൂടിയിരുന്ന് മത്സരം ആസ്വദിക്കുന്നുണ്ട്. ജൂലൈ 19 ന് രാജ്യത്ത് ഇളവുകൾ കൊണ്ടുവരുമ്പോൾ പ്രതിദിന കേസുകൾ 50,000 ആയി ഉയരുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞിട്ടുണ്ട്. മത്സരം കാണുമ്പോൾ ഇരിപ്പിടത്തിൽ തന്നെ തുടരാനും സാധ്യമാകുന്നിടത്ത് മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ഇരിക്കാത്തപ്പോൾ മാസ്ക് ധരിക്കാനും നിയമങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.