കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഞായറാഴ്ച രാവിലെയാണ് മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍.

1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു.

2010ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.