സ്വന്തം ലേഖകൻ
എടത്വ: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങള്‍ ഇന്ന് രാവിലെ പൊങ്കാല അര്‍പ്പിച്ചു. കസവു പുടവ അണിഞ്ഞ് നാവില്‍ ദേവീ സ്തുതികളും കൈയ്യില്‍ പൂജാദ്രവ്യങ്ങളുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാല അര്‍പ്പിച്ചത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പ്രദേശങ്ങള്‍ 10.30 ഓടെ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായിട്ടായിരുന്നു പൊങ്കാല അടുപ്പുകള്‍ നിരന്നത്.
കേരളത്തിന് അകത്തും പുറത്തും നിന്നൂള്ള ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങളാണ് പൊങ്കാലയില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പൊങ്കാല അര്‍പ്പിക്കാനായി നിരവധി ഭക്തര്‍ എത്തീരുന്നു. പുലര്‍ച്ച നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനത്തോടെയുമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. പത്തിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനക്ക് ശേഷം 10.30 ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകര്‍ന്നു. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പുതിരി നേതൃത്വം വഹിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രജ്ഞിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു.
Leave a Reply