പ്രളയത്തില്‍ ചാലക്കുടി മുങ്ങിയിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഇങ്ങനെ, വെള്ളത്തില്‍ മുങ്ങിയ ഒരു ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണം കാണാതായി. ഏകദേശം മൂന്നു കിലോ സ്വര്‍ണം. ബാങ്ക് അധികൃതര്‍ വ്യാപകമായി തിരഞ്ഞു. ബാങ്കിന്‍റെ ലോക്കര്‍ പ്രളയത്തില്‍ തുറന്നിരുന്നില്ല. പിന്നെ, എങ്ങനെ സ്വര്‍ണം ലോക്കറില്‍ നിന്ന് അപ്രത്യക്ഷമായി. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ ബാങ്ക് അധികൃതര്‍ വലഞ്ഞു. സംഭവം നടന്ന് എട്ടു മാസം കഴിഞ്ഞിട്ടും ഒരു തുമ്പുണ്ടായില്ല.
തിരഞ്ഞെടുപ്പിന് കള്ളപ്പണം വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നാടൊട്ടുക്കും പരിശോധനയുണ്ട്. പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ ചേര്‍പ്പില്‍ സമാനമായ പരിശോധന നടത്തുന്നതിനിടെ കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കിട്ടി. കാറിന്‍റെ ഉടമ ബാങ്കിലെ പ്യൂണ്‍ ആയിരുന്ന തൃശൂര്‍ ആറാട്ടുപുഴ സ്വദേശി ശ്യാം ആയിരുന്നു. ഇരുപത്തിയഞ്ചു വയസുകാരന്‍. ആഭരണങ്ങള്‍ ആരുടേതാണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മുമ്പില്‍ പല ഉത്തരങ്ങള്‍ പറഞ്ഞു. വീട്ടുകാരുടേതാണെന്ന് ആദ്യം പറഞ്ഞു. വീട്ടുകാരെ വിളിച്ചപ്പോള്‍ അങ്ങനെയൊരു ആഭരണങ്ങള്‍ അവര്‍ക്കറിയില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ശ്യാമിനെ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ വിദഗ്ധമായ സ്വര്‍ണ കവര്‍ച്ച തെളിഞ്ഞു.
തട്ടിയെടുത്തത് മൂന്നു കിലോ സ്വര്‍ണം
ചാലക്കുടി പ്രളയത്തില്‍ വിറങ്ങലിച്ചപ്പോള്‍ ശ്യാം മനസിന്‍റെ ആശയം തെളിഞ്ഞുവന്നു. പ്രളയത്തില്‍ മുങ്ങിയ ബാങ്കില്‍ നിന്ന് പണയ ആഭരണങ്ങള്‍ തട്ടിയെടുക്കുക. അതിനായി, പദ്ധതിയും തയാറാക്കി. ഭൂരിഭാഗം വനിതാ ജീവനക്കാരുള്ള ബാങ്ക് ശാഖയില്‍ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ മുന്‍പില്‍ നില്‍ക്കണം. നനഞ്ഞ ഫയലുകളും മറ്റും മാറ്റുന്നതിനിടെ പണയ സ്വര്‍ണത്തിന്റെ പായ്ക്കറ്റുകളും മാറ്റണം. ആത്മാര്‍ഥമായി ബാങ്കു വൃത്തിയാക്കാന്‍ മുന്‍പില്‍ നിന്ന പ്യൂണിനെ ജീവനക്കാര്‍ അവിശ്വസിച്ചില്ല. നനഞ്ഞ ഫയലുകളുടെ കൂട്ടത്തില്‍ ആഭരണ പായ്ക്കറ്റുകളും ശ്യാം മാറ്റി. പല സമയങ്ങളിലായി മൂന്നു കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. പല ധനകാര്യ സ്ഥാപനങ്ങളിലായി പണയപ്പെടുത്തി. ഇതിനു കൂട്ടുപിടിച്ചതാകട്ടെ എ.ടി.എം. കൗണ്ടറിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായ അഷ്ടമിച്ചിറ സ്വദേശി ജിതിനേയും. ചോദ്യം ചെയ്യലിനു ശേഷം ഈ സ്വര്‍ണമെല്ലാം പൊലീസ് കണ്ടെടുത്തു.
പ്രളയത്തിനു ശേഷമുള്ള വൃത്തിയാക്കല്‍ ജോലികള്‍ക്ക് ബാങ്ക് സ്തുതര്‍ഹ്യ സേവനത്തിനുള്ള പുരസ്ക്കാരം ഈ പ്യൂണിനു നല്‍കിയിരുന്നു. ‘കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന്’ ബാങ്ക് അധികൃതര്‍ അറിഞ്ഞതുമില്ല. ജോലിയില്‍ കിറുകിറു കൃത്യമായി കാര്യങ്ങള്‍ ചെയ്യും. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയില്‍ പാസായി. ഉടനെ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു നില്‍ക്കുന്ന ജീവനക്കാരന്‍ ഒരു കള്ളനാണെന്ന് തിരിച്ചറിയാന്‍ ബാങ്ക് അധികൃതര്‍ക്കു സാധിച്ചില്ല. അത്രയും മികച്ച അഭിനയമായിരുന്നു ഈ ജീവനക്കാരന്റേത്.
എങ്ങനെയും ആഡംബര കാറുകള്‍ വാങ്ങണമെന്ന നിര്‍ബന്ധം. തട്ടിയെടുത്ത സ്വര്‍ണം പണയപ്പെടുത്തി മൂന്നു കാറുകള്‍ ഇങ്ങനെ വാങ്ങി. വലിയൊരു ടൂറിസ്റ്റ് ബസ് ആയിരുന്നു അടുത്ത ഉന്നം. അതിനുള്ള പണം സമാനമായി കണ്ടെത്താനായിരുന്നു ശ്രമം. പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ വന്ന ഇടപാടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള പെടാപ്പാടിലായിരുന്നു ബാങ്ക് അധികൃതര്‍. ഇതിനിടെയാണ്, സ്വര്‍ണം കൊണ്ടുപോയത് പ്രളയമല്ലെന്നും സ്വന്തം പ്യൂണാണെന്നും ബാങ്കിനു മനസിലായത്. ശ്യാമിന്‍റെ കൂട്ടാളിയെ പിടികൂടിയതും കൂടുതല്‍ സ്വര്‍ണം കണ്ടെടുത്തതും ചാലക്കുടി ഡിവൈ.എസ്.പി: ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
Leave a Reply