ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ കെട്ടിട സമുച്ചയത്തില്‍ നിന്ന് 800ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കാംഡെനിലെ ചാല്‍കോട്ട്‌സ് എസ്‌റ്റേറ്റിലെ 5 ടവര്‍ ബ്ലോക്കുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്. കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പു പറയാന്‍ കഴിയില്ലെന്ന് അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണ് അടിയന്തരമായി ഒഴിപ്പിച്ചതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ ക്ലാഡിംഗ് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. ഗ്രെന്‍ഫെല്‍ ടവറിലെ ക്ലാഡിംഗിന്റെ ഗുണനിലവാരമില്ലായ്മയാണ് തീപ്പിടിത്തം രൂക്ഷമാക്കിയതെന്നാണ് വിവരം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് റെഡിഡന്‍ഷ്യല്‍ ടവറുകളിലും സുരക്ഷാ പരിശോധനകള്‍ നടത്തി വരികയാണ്.
എന്നാല്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തിയ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഒഴിപ്പിക്കല്‍ തുടങ്ങിയതായി ടിവി വാര്‍ത്തയിലാണ് തങ്ങള്‍ അറിഞ്ഞതെന്നും ചില താമസക്കാര്‍ പറഞ്ഞു. താല്‍ക്കാലി കേന്ദ്രങ്ങളും ഹോട്ടല്‍ മുറികളും കണ്ടെത്തിക്കൊണ്ടായിരുന്നു നടപടികളെന്നും താമസക്കാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കാനായി കൗണ്‍സില്‍ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി
കൗണ്‍സില്‍, എമര്‍ജന്‍സി സര്‍വീസ് എന്നിവയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടുകൊണ്ട് ഏകോപനത്തിന് താനുമുണ്ടായിരുന്നുവെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ലണ്ടന്‍ ഫയര്‍ ബ്രിഗേഡും കൗണ്‍സിലും ചേര്‍ന്നുള്ള പരിശോധനയില്‍ ഈ കെട്ടിട സമുച്ചയത്തിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുകയായിരുന്നു. ഗ്രെന്‍ഫെല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെമ്പാടും കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Leave a Reply