ബ്രെക്‌സിറ്റ് വിഷയത്തില്‍ കോമണ്‍സില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ച അലങ്കോലമാക്കിക്കൊണ്ട് കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രതിഷേധം നയിക്കുന്നവര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കോമണ്‍സ് ഇന്നലെ രാത്രി സാക്ഷ്‌യം വഹിച്ചത്. പബ്ലിക് ഗാലറിയില്‍ തുണിയുരിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. 2014നു ശേഷം ഉണ്ടായ ഏറ്റവും വലിയ സുരക്ഷാപ്പിഴവിനാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. എക്‌സ്റ്റിംഗ്ഷന്‍ റിബല്യന്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് പബ്ലിക് ഗാലറിയില്‍ പ്രതിഷേധിച്ചത്. തുണിയുരിഞ്ഞ ശേഷം സഭയെയും ഗ്യാലറിയെയും വേര്‍തിരിക്കുന്ന ജനാലയില്‍ ഇവര്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയായിരുന്നു. ആ സമയത്ത് പ്രസംഗിക്കുകയായിരുന്ന ലേബര്‍ എംപി പീറ്റര്‍ കൈല്‍ നഗ്ന സത്യങ്ങളാണ് ഇതെന്ന് തമാശയായി പറയുകയും ചെയ്തു. ക്ലൈമറ്റ് ജസ്റ്റിസ് ആക്ട് ഉടന്‍ നടപ്പാക്കണമെന്ന് ഇവര്‍ ശരീരത്ത് എഴുതിയിട്ടുണ്ടായിരുന്നു.

അതിനിടെ ഈ പ്രതിഷേധം അവഗണിക്കാനും ചര്‍ച്ച തുടരാനും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഗ്ലാസില്‍ പിന്‍വശം അമര്‍ത്തിപ്പിടിച്ച് പ്രതിഷേധക്കാര്‍ നിരന്നപ്പോള്‍ കോമണ്‍സില്‍ ബ്രെക്‌സിറ്റ് ചര്‍ച്ച തുടര്‍ന്നു. വളരെ നാമമാത്രമായ വസ്ത്രങ്ങള്‍ മാത്രമായിരുന്നു പ്രതിഷേധം നടത്തിയവര്‍ ധരിച്ചിരുന്നത്. നഗ്ന പ്രതിഷേധത്തിനിടെ നെല്ലി ദി എലഫന്റ് പാട്ടും ഇവര്‍ പാടുന്നുണ്ടായിരുന്നു. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് ഡീസന്‍സി പാലിക്കാത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. 2014 ഒക്ടോബറില്‍ കോമണ്‍സ് ഗ്യാലറിയിലെ ഗ്ലാസ് സ്‌ക്രീനിലേക്ക് ഒരാള്‍ മാര്‍ബിളുകള്‍ എറിഞ്ഞതാണ് ഇതിനു മുമ്പായി രേഖപ്പെടുത്തിയ സുരക്ഷാപ്പിഴവ്.

2004ല്‍ പിഎംക്യുവനിടെ ടോണി ബ്ലെയര്‍ക്കു നേരെ നിറപ്പൊടി എറിഞ്ഞ സംഭവത്തിനു ശേഷമാണ് ഗ്യാലറിയില്‍ ഗ്ലാസ് സ്‌ക്രീന്‍ സ്ഥാപിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്പോള്‍ തന്നെ പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു. പോലീസിനൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഗ്യാലറിയിലുണ്ടായിരുന്ന മറ്റുള്ളവരെയും പുറത്താക്കി.