ചാന്ദിനി പി സി സേനൻ
ദേശിയസ്ഥിതി വിവരണകണക്കു പ്രകാരം കടബാധ്യത ഇന്ത്യയിൽ വേഗത്തിൽ ഉയരുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യത കഴിഞ്ഞ നാലു വർഷമായിവർധിച്ചു വരുന്നു. കേന്ദ്ര ബാങ്കിന്റെകണക്കുകൾ പ്രകാരം കടബാധ്യത മൊത്തം ഉപഭോഗത്തിൻറെ 15.6% ആയിരുന്നത് 19.3% ആയി ഉയർന്നു. ഇത് ഇന്ത്യയിലെ നഗരകുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണ കുടുംബങ്ങളിൽ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെക്കൻസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത് വളരെ കൂടുതലാണെന്ന് കടബാധ്യതയെ കുറിച്ചുള്ള സംസ്ഥാനം തിരിച്ചുള്ള വിശകലനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ആത്മഹത്യകളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു . ദേശീയ ക്രൈം റെക്കോർഡ്ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം കേരളം ആത്മഹത്യാനിരക്കിൽ അഞ്ചാം സ്ഥാനത്തുനിൽക്കുന്ന സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യനിരക്കുള്ള (41.2ശതമാനം) നഗരം കേരളത്തിലെ കൊല്ലമാണ്. കുടുംബവഴക്ക് ,വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മരണ നിരക്കിനുള്ള കാരണങ്ങളാണെങ്കിലും ഉയർന്ന ഗാർഹിക കടബാധ്യത പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ഉയർന്ന സാമൂഹിക ശുചിത്വബോധത്തോടൊപ്പം ഉയർന്ന ജീവിതനിലവാരം മലയാളിയുടെ ഉപഭോഗ സംസ്കാരത്തിലും തുടർന്നുള്ള ഗാർഹിക കടം വർധിക്കുന്നതിനും പ്രധാന കാരണമായി . വായ്പാ രംഗത്തുണ്ടായ പുരോഗതി പ്രത്യേകിച്ച് കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വളർച്ചയോടൊപ്പം പലതരത്തിലുള്ള പുതിയ വായ്പാ രീതികളും തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും മലയാളിയുടെ ഉപഭോഗ സംസ്കാരത്തിൽ പ്രകടമായ മാറ്റം സൃഷ്ടിച്ചു.
ലേഖിക കൊല്ലം ജില്ലയിലെ ഗാർഹിക സമൂഹത്തിന്റെ കടവും ഉപഭോഗ സംസ്കാരവും എന്ന വിഷയത്തിൽ പഠനം നടത്തിയപ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിൽ മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെ പല അംശങ്ങളൂം കണ്ടെത്താൻ സാധിച്ചു . കൂടുതൽ ഉപഭോക്താക്കളും ദിവസ വേതനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെങ്കിലും 80 ശതമാനത്തിലധികം വീടുകളിൽ ഫർണിച്ചർ, റഫ്രിജറേറ്റർ, മിക്സർഗ്രൈൻഡറുകൾ, ടെലിവിഷനുകൾ, സ്മാർട്ട്‌ഫോൺ എന്നിവയുണ്ട്. 62 ശതമാന ആളുകളും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണ ബാങ്കുകൾ , കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത് .
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളത്തിലെ ഉയർന്ന ഉപഭോഗ സംസ്കാരത്തിനും ഉയർന്ന ആത്മഹത്യാ നിരക്കിനും പ്രധാന കാരണം കടത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയാണ്. അയൽവാസിയുടെ ഉപയോഗത്തെ അനുകരിക്കൽ, എനിക്ക് എല്ലാം ഉണ്ടെന്ന സാമൂഹിക ചിന്ത, സാമൂഹികനില എന്നിവയാണ് മലയാളിയുടെ കുറഞ്ഞ വരുമാനത്തിൽ പോലും കൂടുതൽ ഉപഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
കടത്തിന്റെ വർധനയോടൊപ്പം ഭാവിയിൽ ഭവന കടം വർദ്ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള പഠനം ചില സൂചനകൾ മുന്നോട്ട് വയ്ക്കുന്നു.
കടത്തിലൂന്നിയ ഉപഭോഗ സംസ്കാരം കേരളം പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തിന് നല്ലതല്ല. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. കടത്തിന്റെ കൂടുതൽ വർദ്ധനവ്, ഭാവിയിലെ വരുമാനത്തെയും അതുവഴി സമ്പദ് വ്യവസ്ഥയുടെ നിക്ഷേപം, ഉൽപാദനം, എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൂടാതെ, കടം അടിസ്ഥാനമാക്കിയുള്ള ഉപഭോഗം താഴ്ന്ന വരുമാനക്കാർക്കിടയിൽ ആസ്തി അസമത്വത്തിലേക്ക് നയിച്ചേക്കാം. കൊറോണ പോലുള്ള മഹാമാരിയും അതിനോടനുബന്ധിച്ചുള്ള തൊഴിൽ നഷ്ടവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ വായ്പയുടെ തിരിച്ചടവിനെ ബാധിച്ചു എന്ന കണ്ടെത്താൻ കഴിഞ്ഞു. ഇത്തരത്തിലുള്ള മാനസിക സമ്മർദം ആത്മഹത്യ പോലുള്ള ദുർ വിപത്തിലേയ്ക്ക് വഴിവെക്കുന്നു.
അതുകൊണ്ട് വർദ്ധിച്ചു വരുന്ന ഗാർഹിക കടം ശരിയായി പരിശോധിക്കുന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും മുൻഗണനയായിരിക്കണം, അതുവഴി സാമ്പത്തിക പ്രതിസന്ധിയുടെ മറ്റുപ്രധാന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകും.
ചാന്ദിനി പി സി സേനൻ
റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള.
Leave a Reply