രണ്ടാം മിനിറ്റിൽ മുഹമ്മദ് സലാ വക ആദ്യ ഗോൾ, കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരൻ താരം ദിവോക് ഒറിജി വക രണ്ടാം ഗോളും. പൊരുതിക്കളിച്ച ടോട്ടനം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തി ലിവർപൂൾ എഫ്സിക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നേറ്റ തോൽവിയുടെ കയ്പ് യൂർഗൻ ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അവരിതാ, യൂറോപ്പിന്റെ രാജാക്കൻമാരായിരിക്കുന്നു! യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.

മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. മൽസരം തുടങ്ങി 22–ാം സെക്കൻഡിൽ ടോട്ടനത്തിന്റെ ഫ്രഞ്ച് താരം മൂസ സിസ്സോക്കോ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു തട്ടിയതിനുള്ള ശിക്ഷയായിരുന്നു പെനൽറ്റി. സാദിയോ മാനെയുടെ ഷോട്ട് തടയാനുള്ള ശ്രത്തിനിടെയാണ് സിസ്സോക്കോയുടെ കയ്യിൽ പന്തു തട്ടിയത്. കിക്കെടുത്ത സലാ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0

കാണികൾ ഗാലറിയിൽ ഇരിപ്പുറപ്പിക്കും മുൻപേയെത്തിയ ഗോളിന്റെ ആവേശം കളി പുരോഗമിക്കുന്തോറും തണുത്തുറയുന്ന കാഴ്ചയായിരുന്നു പിന്നീട് സ്റ്റേഡിയത്തിൽ. പന്തു കൈവശം വച്ചു കളിക്കുന്നതിൽ ടോട്ടനം താരങ്ങൾ വിജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം പൊളിക്കുന്നതിനുള്ള നീക്കങ്ങളൊന്നും സാധ്യമാകാതെ ആദ്യപകുതി അവസാനിച്ചു. മറുവശത്ത് വല്ലപ്പോഴും മാത്രം പന്തു കിട്ടിയ ലിവർപൂളിനും ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നും സാധ്യമായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം പകുതിയിലും കളി തണുത്തുറഞ്ഞതോടെ ഇരു ടീമുകളുടെയും പരിശീലകർ കൊണ്ടുവന്ന മാറ്റങ്ങളാണ് മൽസരത്തിന് അൽപമെങ്കിലും ജീവൻ പകർന്നത്. ലിവർപൂൾ നിരയിൽ തണുത്തു കളിച്ച ബ്രസീലിയൻ താരം റോബർട്ടോ ഫിർമീനോയ്ക്കു പകരം ദിവോക് ഒറിജിയും വിനാൽഡത്തിനു പകരം ജയിംസ് മിൽനറുമെത്തി. ടോട്ടനം നിരയിൽ വിങ്ക്സിനു പകരം ലൂക്കാസ് മൗറയും സിസ്സോക്കോയ്ക്കു പകരം എറിക് ഡയറുമെത്തി.

കളി അവസാന മിനിറ്റുകളിലേക്കു കടക്കുന്തോറും ആവേശം വർധിച്ചതോടെ ഇരു ബോക്സിലേക്കും തുടർച്ചയായി. ടോട്ടനം നിരയിൽ ഭേദപ്പെട്ടു കളിച്ച ദക്ഷിണകൊറിയൻ താരം സൺ ഹ്യൂങ് മിൻ പലകുറി കുതിച്ചുകയറിയെത്തിയെങ്കിലും ലിവർപൂൾ പ്രതിരോധം ഉറച്ചുനിന്നു പ്രതിരോധിച്ചു. ഇടയ്ക്ക് പ്രതിരോധം പിളർത്തിയെത്തിയ നീക്കങ്ങൾ ഗോൾകീപ്പർ അലിസണും തടുത്തുനിർത്തി. മറുവശത്ത് ലീഡ് വർധിപ്പിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളെ ടോട്ടനം താരങ്ങളും ഉറച്ചുനിന്നു പ്രതിരോധിച്ചു.

അവസാന മിനിറ്റുകളിൽ കളി മുറുകുന്നതിനിടെയാണ് 87–ാം മിനിറ്റിൽ ലിവർപൂൾ ലീഡ് വർധിപ്പിച്ചത്. ടോട്ടനം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. കോർണറിൽനിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിൽ ടോട്ടനം താരങ്ങൾ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്. ടോട്ടനം താരം വെർട്ടോംഗൻ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ച പന്ത് പിടിച്ചെടുത്ത മാറ്റിപ് അതുനേരെ ആളൊഴിഞ്ഞുനിന്ന ദിവോക് ഒറിജിക്കു മറിച്ചു. രണ്ടു ചുവടു മുന്നോട്ടു കയറി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ട് ഒറിജിയുടെ ഷോട്ട്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നീട്ടിയ കരങ്ങൾ കടന്ന് പന്ത് വലയിൽ. സ്കോർ 2–0. വിജയമുറപ്പിച്ച ആഹ്ലാദത്തിൽ ഗാലറിയിൽ ലിവർപൂൾ ആരാധകർ ആർത്തിരമ്പി.