ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടുത്ത ആഴ്ച ശക്തമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന പ്രവചനങ്ങൾ പുറത്തുവന്നു . ഫെബ്രുവരി 12നു പുലർച്ചെ മുതൽ ശക്തമായ മഞ്ഞുപെയ്ത്ത് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മോഡലുകളുടെ പ്രവചനം. സ്കോട്ട് ലാൻഡിലാണ് ഏറ്റവും ഗുരുതരമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നത്. ഗ്ലാസ്ഗോ, ഡണ്ടീ, അബർഡീൻ നഗരങ്ങളിലും ഹൈലാൻഡ്സ് പ്രദേശങ്ങളിലും തുടർച്ചയായ മഞ്ഞു വീഴ്ച നേരിടുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കെയർൻഗോംസ് പ്രദേശത്ത് 26 ഇഞ്ച് വരെ മഞ്ഞ് കെട്ടികിടക്കാനിടയുണ്ടെന്നാണ് പ്രവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് .

സ്കോട്ട് ലാൻഡിലെ ചില പ്രദേശങ്ങളിൽ 20 ഇഞ്ച് വരെയും ഹൈലാൻഡ്സിലെ ചില ഭാഗങ്ങളിൽ 15 ഇഞ്ച് വരെയും മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നത് . ഗ്ലാസ്ഗോയുടെ തെക്കൻ ഭാഗങ്ങളിൽ ഏകദേശം ഏഴ് ഇഞ്ച് വരെ മഞ്ഞ് ലഭിക്കുമെന്നാണ് കണക്ക്. ഫെബ്രുവരി 12ന് സ്കോട്ട് ലാൻഡിന്റെ ഏകദേശം 90 ശതമാനം പ്രദേശങ്ങളും മഞ്ഞുപാളിയിൽ മൂടപ്പെടാനിടയുണ്ട്. ഉയർന്ന പ്രദേശങ്ങളിലും ഉൾനാടൻ ഗതാഗത മാർഗങ്ങളിലും വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കോട്ട് ലാൻഡിന് പുറമെ ന്യൂകാസിൽ പ്രദേശത്തും വൈകുന്നേരത്തോടെ മഞ്ഞു വീഴ്ച ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം ഇംഗ്ലണ്ടിലെയും വെയിൽസിലേയും മിക്ക പ്രദേശങ്ങളിലും മഞ്ഞിന് പകരം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മിഡ്ലാൻഡ്സ്, ലണ്ടൻ, സൗത്താംപ്ടൺ, ബ്രിസ്റ്റൽ, സ്വാൻസി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ സാധ്യതയുണ്ട്. മെറ്റ് ഓഫീസ് പുറത്തിറക്കിയ ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ വടക്കുകിഴക്കൻ ഭാഗങ്ങളിൽ തണുപ്പ് കൂടിയിരിക്കുമെന്നും തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ചിലപ്പോൾ ചൂട് കൂടുതലായിരിക്കുമെന്നും അറിയിച്ചു. ശക്തമായ കാറ്റും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.











Leave a Reply