ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൻസലർ റേച്ചൽ റീവ്സ് അടുത്ത ബജറ്റിൽ നികുതി വർധനയും ചെലവ് കുറയലും ഉൾപ്പെടുന്ന കഠിനമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ £30 ബില്ല്യൺ വരെ കുറവ് നികത്തേണ്ട സാഹചര്യമാണിപ്പോൾ നേരിടുന്നത് എന്ന് അവർ പറഞ്ഞു . നികുതി വർധനയെ കുറിച്ച് പരസ്യമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തിൽ അവർ ആദ്യമായി അത് തുറന്നുപറയുകയായിരുന്നു . 2029-30 മുതൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾ വായ്പയിൽ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവർ വ്യക്തമാക്കി. മുൻ കൺസർവേറ്റീവ് സർക്കാരിന്റെ ധനകാര്യ നിയന്ത്രണത്തിലെ വീഴ്ച മൂലമാണ് ഇപ്പോഴത്തെ വെല്ലുവിളികൾ ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.
ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ വിലയിരുത്തലിൽ ബ്രിട്ടീഷ് സാമ്പത്തിക ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിലും താഴ്ന്നതായാണ് കണ്ടെത്തിയത്. കൂടാതെ ശീതകാല ഇന്ധനസഹായ പദ്ധതികളിലെയും ക്ഷേമ പരിഷ്കാരങ്ങളിലെയും പല തീരുമാനങ്ങളും സർക്കാരിന്റെ ചെലവുകൾ വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഐഎംഎഫ് (ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട്) അടുത്തിടെ യുകെയുടെ ഈ വർഷത്തെ വളർച്ചാ നിരക്ക് 1.3% ആയി ഉയർത്തിയെങ്കിലും, അടുത്ത വർഷത്തേക്ക് അതേ നിലയിൽ തന്നെ നില നിൽക്കും എന്ന് പ്രവചിച്ചിട്ടുണ്ട് . അതായത്, സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടെങ്കിലും വരുമാനം കുറഞ്ഞേക്കാം. ഇതിന് പുറമേ, ബ്രെക്സിറ്റ്, ലിസ് ട്രസ് സർക്കാരിന്റെ മിനി-ബജറ്റ് എന്നിവയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളാണെന്ന് റീവ്സ് വ്യക്തമാക്കി.
നികുതി വർധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതൽ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളിൽ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകൾ കൂടുമ്പോൾ ഇവരുടെ ജീവിതച്ചെലവ് വൻതോതിൽ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സർക്കാർ പൊതുസേവനങ്ങളിലെ ചില ചെലവുകൾ ചുരുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. താൻ വെല്ലുവിളികളിൽ നിന്ന് പിൻമാറില്ലെന്നും എന്നാൽ ധനകാര്യ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വളർച്ച നിലനിർത്താനാണ് ലക്ഷ്യവെയ്ക്കുന്നതെന്നും ആയിരുന്നു റീവ്സ് ഇതിനെ കുറിച്ച് പ്രതികരിച്ചത് .
Leave a Reply