തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന്‍ ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.

പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.

അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.