ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ടയർ 2 നിയന്ത്രണങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളെയും ജീവനക്കാരെയും സഹായിക്കാനുറച്ച് ചാൻസലർ റിഷി സുനക്. കോവിഡ് നിയന്ത്രണങ്ങൾ ബാധിച്ച ജോലികൾക്കും തൊഴിലാളികൾക്കുമുള്ള വർദ്ധിച്ച പിന്തുണയാണ് ചാൻസലർ ഇന്ന് പുറത്തിറക്കിയത്. ജോബ് സപ്പോർട്ട് സ്കീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി. ഒക്ടോബർ അവസാനം ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെയാണ് സർക്കാരിൽ നിന്നുള്ള ഈ പിന്തുണ പാക്കേജ്. ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. അടച്ചിടുന്ന പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് പുതിയ സ്‌കീം അവതരിപ്പിച്ചത്. യുകെയിൽ പ്രാദേശിക ലോക്ക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ ജോലിക്കാരുടെ മൂന്നിൽ രണ്ട് ശമ്പളവും സർക്കാർ നൽകും. പരമാവധി 2100 പൗണ്ട് വരെ പ്രതിമാസം ലഭിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ഇതിനകം തന്നെ 200 ബില്യൺ പൗണ്ടിലധികം തുക ചെലവഴിച്ചു കഴിഞ്ഞു. അടച്ചുപൂട്ടാൻ നിർബന്ധിതരാകാത്ത ബിസിനസുകൾ പോലും വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെന്ന് സുനക് എംപിമാരോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലുടനീളം 150,000 പേർക്ക് ഈ പുതുക്കിയ പാക്കേജിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും ചെലവ് 1 ബില്യൺ പൗണ്ടിലെത്തുമെന്നും സുനക് പറഞ്ഞു. സ്വന്തം സ്കീമുകൾ ഒരുക്കുന്നതിനായി അധിക പണം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൈമാറും. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പാക്കേജും വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. ടയർ 3 പ്രദേശങ്ങളിൽ അടയ്‌ക്കാൻ നിർബന്ധിതരായ ബിസിനസുകൾക്ക് കാര്യമായ ധനസഹായം ലഭിക്കുമെങ്കിലും, ‘ഹൈ അലേർട്ട് ലെവലിൽ’ ഉള്ളത് ടയർ 2 പ്രദേശങ്ങളായ ലണ്ടൻ, എസെക്സ് എന്നിവയ്ക്ക് പിന്തുണ ലഭ്യമായിട്ടില്ലായിരുന്നു. പ്രയാസകരമായ ദിനങ്ങളും ആഴ്ചകളും മുന്നിലുണ്ടെന്നു സുനക് മുന്നറിയിപ്പ് നൽകി.

പുതുക്കിയ പാക്കേജ് അർത്ഥമാക്കുന്നത് സർക്കാർ പിന്തുണ കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും കൂടുതൽ ജോലികൾ സംരക്ഷിക്കപ്പെടുമെന്നുമാണ്. ലണ്ടൻ, ബർമിംഗ്ഹാം, യോർക്ക്, എസെക്സ്, നോർത്ത് ഈസ്റ്റ് എന്നിവയുൾപ്പെടെ രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പല ഭാഗങ്ങളും ഇപ്പോൾ ടയർ 2 നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ബിസിനസുകള്‍ക്കുള്ള പ്രതിമാസ ലോണ്‍ 3000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് മൂന്നാഴ്ചത്തേക്ക് 1500 പൗണ്ടായിരുന്നു. വ്യവസായ പ്രമുഖർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തു. ബുദ്ധിമുട്ടുന്ന നിരവധി ബിസിനസുകൾക്ക് ഒരു സുപ്രധാന പുരോഗതി കൈവരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടർ ജനറൽ ആദം മാർഷൽ പറഞ്ഞു.