ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ മേഖലയുടെ പുനരുദ്ധാരണത്തിനായി കൂടുതൽ പദ്ധതികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എസിലെ അപ്പോയിൻ്റ്മെന്റ്കളുടെ എണ്ണം ആഴ്ചയിൽ 40,000 ആയി വർധിപ്പിക്കുമെന്ന സർക്കാരിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, സ്കാനറുകൾ, റേഡിയോ തെറാപ്പി മെഷീനുകൾ എന്നിവയ്‌ക്കായി 1.57 ബില്യൺ പൗണ്ട് ഉൾപ്പെടെ എൻ എച്ച് എസ് നവീകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികളാണ് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എസിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ ശരിയാക്കാൻ ബജറ്റ് സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്നാൽ സ്ഥിതിഗതികൾ മാറാൻ കൂടുതൽ സമയം എടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ്സിനെ നവീകരിക്കുകയും കാത്തിരിപ്പു സമയം കുറയ്ക്കുകയും ചെയ്യുക എന്നത് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു. സർക്കാരിന്റെ ധനസഹായ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ബുധനാഴ്ച ബഡ്ജറ്റിൽ കൂടി പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിലെഎൻഎച്ച്എസിൻ്റെ ഏറ്റവും പുതിയ കാത്തിരിപ്പ് സമയ കണക്കുകൾ കാണിക്കുന്നത് ആശുപത്രി പരിചരണത്തിനുള്ള ബാക്ക്‌ലോഗ് 7.64 ദശലക്ഷമാണ് എന്നാണ്. പാൻഡെമിക്കിന് മുമ്പ് ഇത് വെറും നാല് ദശലക്ഷത്തിലധികം മാത്രം ആയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ 1.57 ബില്യൺ പൗണ്ട് അധിക മൂലധന നിക്ഷേപം ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കുമായി ചിലവഴിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതി തയ്യാറാക്കുന്നത്. ഈ വർഷവും അടുത്ത വർഷവും ഇംഗ്ലണ്ടിലെ എൻഎച്ച്എസിനും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിനുമുള്ള മൊത്തത്തിലുള്ള ചെലവ് എത്രയാണെന്ന കണക്കുകൾ ട്രഷറി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നാളത്തെ ബജറ്റിൽ ഇതിൻ്റെ വിശദാംശങ്ങൾ ചാൻസിലർ വെളിപ്പെടുത്തും.
Leave a Reply