ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കളില്‍ പണം കൈയ്യില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്കായി പണം നേരിട്ട് നല്‍കിയല്ലാത്ത ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചില്‍ ഒരാള്‍ പണം കൈയ്യില്‍ കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ചിപ്പ്, കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റ് തുടങ്ങിയ മാര്‍ഗങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. ഷോപ്പിംഗ് കാര്‍ഡുകളും സമീപകാലത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. സര്‍വീസുകള്‍, സാധനങ്ങള്‍ വാങ്ങാല്‍, ഇതര ഇടപാട് തുടങ്ങിയവയ്ക്ക് നേരിട്ട് പണം ഉപയോഗിക്കാത്തത് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം.

2000ത്തിലധികം യു.കെ സ്വദേശികളായ ചെറുപ്പക്കാരിലാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ ഉഫയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപകമായിട്ടുണ്ട്. സര്‍വ്വേ നടത്തിയവരില്‍ ചിലരും ഏറ്റവും സ്വീകാര്യമായ പെയ്‌മെന്റ് രീതികളില്‍ ഒന്നാണ് ഇതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ക്യാഷ്‌ലെസ്’ സമ്പത്‌വ്യവസ്ഥ യു.കെയില്‍ പൂര്‍ണമായും നിലവില്‍ വരുമെന്ന് വിശ്വസിക്കുന്നവരാണ് സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെപ്പേരും. റീട്ടൈല്‍ മേഖലകളിലും ക്യാഷ്‌ലെസ് പേയ്‌മെന്റ് രീതികള്‍ പൂര്‍ണമായും കീഴടക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

‘ഫസ്റ്റ് ബസ്’ ആണ് ഗവേഷണം നടത്തിയിരിക്കുന്നത്. 44 ശതമാനം പേര്‍ക്കും ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റം ഇല്ലാത്തതിനാല്‍ പെയ്‌മെന്റ് നടത്താനാവാത്ത അവസ്ഥയുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. വിനോദ സഞ്ചാര മേഖലകളിലെ പാര്‍ക്കിംഗ്, ബസ് ടിക്കറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ക്യാഷ്‌ലെസ് രീതികള്‍ സ്വീകാര്യമല്ല. അവിടെ പണം തന്നെ നല്‍കേണ്ടതായി വരും. ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് പെയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യമൊരുക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ‘ഫസ്റ്റ് ബസ്’ വക്താവ് പ്രതികരിച്ചു.