ജയിലില്‍ നിന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ഭീഷണി വീണ്ടും. ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്നാണ് നിസാമിന്റെ ആവശ്യം. തൃശൂര്‍ സിറ്റി പൊലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപിക്ക് അന്വേഷണചുമതല.
ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിസാമിന്റെ ഭീഷണി. കൂടാതെ ഓഫീസില്‍ നിന്നും ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്നും നിസാ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിസാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ നിസാമിനെ ജയിലില്‍ 20 തവണ പോയി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.
നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് സഹോദരങ്ങള്‍ തന്നെ ഈ പരാതി പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയിരുന്നത്. രണ്ടു തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് നിസാമിനെ ബംഗളൂരുവില്‍ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കാര്‍ ഹാജരാക്കിയിരുന്നു.
നിസാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹോദരങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നു. ഇതില്‍ കുപിതനായാണ് നിസാം സഹോദരങ്ങളെ വിളിച്ച് ആരോട് ചോദിച്ച് വേതനം വര്‍ധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നല്‍കിയതെന്നും ചോദിച്ച് ഭീഷണിപ്പെടുത്തിയത്.
ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിസാമിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ടിക്കറ്റ് നിസാമിന്റെ സുഹൃത്താണ് എടുത്തു നല്‍കിയതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ കേസിന്റെ വിചാരണവേളയില്‍ നിസാം ഫോണ്‍ വഴി സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടവില്‍ കഴിയുന്ന പ്രതിക്ക് ഫോണില്‍ വിളിച്ച് സംസാരിക്കണമെങ്കില്‍ ജയിലധികൃതരുടെ അനുമതി വേണം. എന്നാല്‍, അനുമതിയില്ലാതെ ഫോണ്‍ വിളിക്കുന്നത് കുറ്റകരമാണ്.
നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.
Leave a Reply