ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം ; ഇതുപോലെയുള്ള ജഡ്ജിമാരാണ് രാജ്യത്തിനാവശ്യം ;

ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം ; ഇതുപോലെയുള്ള ജഡ്ജിമാരാണ് രാജ്യത്തിനാവശ്യം ;
January 15 16:41 2020 Print This Article

സ്വന്തം ലേഖകൻ 

ന്യൂഡൽഹി: ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം . പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയപ്പോൾ ജഡ്ജി കാമിനി ലാവു ചോദിച്ച ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന്  വൈറലായിരിക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കർശനമായ ഉപാധികളികളോടെയാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷൻ ഓഫിസർക്ക് മുന്നിൽ ചന്ദ്രശേഖർ ആസാദ് ഹാജരാകണമെന്നും ജഡ്ജി കാമിനി ലാവുവിന്റെ ഉത്തരവിലുണ്ട് .

ചന്ദ്രശേഖർ ആസാദിനു വേണ്ടി കോടതിയിൽ ഹാജരായ മെഹമ്മൂദ് പ്രാചയുടെ ദീർഘമായ വാദമുഖങ്ങൾ കേട്ട ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

ജാമ്യഹർജി പരിഗണിച്ച ഡൽഹി തീസ് ഹസാരി കോടതി  ജഡ്ജി കാമിനി ലാവുവിന്റെ ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങൾ 

ചന്ദ്രശേഖർ ആസാദ് അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന്  ഡൽഹി പൊലീസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ.

“ചന്ദ്രശേഖർ ആസാദിന് പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്..
നിങ്ങളോട് ആരാണ് പറഞ്ഞത് പ്രതിഷേധിക്കാൻ പാടില്ലെന്ന്?
നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലേ?”
എന്നു ജഡ്ജി.

ചന്ദ്രശേഖർ ആസാദ് ഡൽഹി ജുമാമസ്ജിദിൽ പോയി ആളുകളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു എന്നു പ്രോസിക്യൂട്ടർ.

“ജുമാമസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്..
ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങൾക്ക് അവിടെപോയി പ്രതിഷേധിക്കാം..
പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നു..
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.”
: ജഡ്ജി.

പ്രതിഷേധപരിപാടിക്ക് മുൻകൂർ അനുമതി വേണമെന്നു നിയമമുണ്ടെന്നു പ്രോസിക്യൂട്ടർ.

“144ാം വകുപ്പ് ) പോലീസ് നന്നായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്..”
: ജഡ്ജി

ജുമാമസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടർ.

“ഒരാൾ തനിക്കു പോകാൻ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്തേയ്ക്ക് പോകുന്നു എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടാൽ അതിലെവിടെയാണ് സംഘർഷം..?
ആ പോസ്റ്റുകളിൽ എന്ത് തെറ്റാണ് ഉള്ളത്..?”
: ജഡ്ജി.

പബ്ലിക് പ്രോസിക്യൂട്ടറോട് ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് ജഡ്ജി കാമിനി ലാവു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം നൽകിയത് . ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായ കോടതികൾ പോലും ഫാസ്സിസ്സത്തിന് മുൻപിൽ കീഴടങ്ങുന്ന ദയനീയ കാഴ്ച്ചകൾക്കാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് . സമീപകാല കോടതിവിധികൾ പലതും ഭീതിപ്പെടുത്തുന്നതും , കോടതിയുടെ വിശ്വാസതയിൽ കോട്ടം തട്ടുന്നവയായിരുന്നു. കോടതിയുടെ വിശ്വാസ്യതയിൽ മനംമടുത്ത് കഴിയുന്ന ഇന്ത്യൻ ജനതയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ് ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള നീതിപാലകരുടെ ഇത്തരം നടപടികൾ . അതുകൊണ്ട് തന്നെ ജഡ്ജി കാമിനി ലാവുവിനെപ്പോലെയുള്ള ജഡ്ജിമാരാണ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ആവശ്യവും.

കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെ യുകെയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുന്നു ; വ്യാജ വാർത്ത കേസിൽ കോടതി വിധിച്ച ലക്ഷങ്ങൾ നല്കാതിരിക്കാനാണ് കള്ളരേഖകൾ സമർപ്പിച്ചത് ; പണവും മാനവും പോയ ഷാജന് യുകെയിൽ ജയിൽവാസവും അനുഭവിക്കേണ്ടിവരുമോ ?

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles