ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ വൈകിട്ട് 6.43ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ വിക്ഷേപണകേന്ദ്രത്തിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു 2.43നാണു വിക്ഷേപണം. സെപ്റ്റംബർ 6നു പേടകം ചന്ദ്രോപരിതലത്തിൽ എത്തും.

കഴിഞ്ഞ 15നു പുലർച്ചെ 2.15നാണു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച ഉണ്ടായതിനെത്തുടർന്ന് അവസാന മണിക്കൂറിൽ മാറ്റിവച്ചു. സങ്കീർണമായ തകരാർ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കു കഴിഞ്ഞതോടെയാണു വിക്ഷേപണം തിങ്കളാഴ്ച നിശ്ചയിച്ചത്.

പുറപ്പെടാൻ വൈകിയാലും ചന്ദ്രയാൻ 2 നേരത്തേ നിശ്ചയിച്ചപോലെ സെപ്റ്റംബർ 7നു തന്നെ ചന്ദ്രനിലെത്തും. ഇതിനായി യാത്രാസമയക്രമം മാറ്റി.

ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22–ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം 13 ദിവസമായി കുറച്ചു.

ചന്ദ്രയാൻ 2:പുതിയ സമയക്രമം

ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം

ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം (ട്രാൻസ് ലൂണാർ ഇൻജെക്‌ഷൻ) തുടങ്ങുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു

സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.

സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു

സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.

സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉച്ചയ്ക്ക് 2.43നു ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും.

വിക്ഷേപണത്തിനു മുൻപുള്ള റിഹേഴ്സൽ വിജയകരമായി പൂർത്തിയായി. 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് 6.43നു തുടങ്ങി.

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.