ചങ്ങനാശേരി ∙ മകൾ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത അമ്മ കാർ ഇടിച്ചു മരിച്ചു. അപകടത്തിൽ മകൾക്കു ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയ്ക്കു സമീപം 15നു രാത്രി 7.30നായിരുന്നു അപകടം. ചങ്ങനാശേരി കാക്കാംതോട് മാമ്പറമ്പിൽ പരേതനായ സുരേന്ദ്രന്റെയും ഓമനയുടെയും മകളും കൊടുങ്ങൂർ ഇളമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യയുമായ ശോഭന (56) ആണു മരിച്ചത്.
സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതു(27)വിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.അസംപ്ഷൻ കോളജ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു ഗീതുവും കുടുംബവും കഴിഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു വാടകവീട് അന്വേഷിക്കുന്നതിനു വേണ്ടി പോകുമ്പോഴായിരുന്നു അപകടം.
പാലത്രച്ചിറ ഭാഗത്തു നിന്നെത്തിയ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്കു വീണ ഇരുവരെയും സമീപവാസിയായ സതീശ് വലിയവീടന്റെ വാഹനത്തിൽ കയറ്റി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭനയെ രക്ഷിക്കാനായില്ല. അസംപ്ഷൻ കോളജ് വിമല ഹോസ്റ്റലിലെ ജീവനക്കാരിയാണു ശോഭന. എസ്ബി കോളജിനു സമീപമുള്ള ബേക്കറിയിലെ ജീവനക്കാരിയാണു ഗീതു. ശോഭനയുടെ സംസ്കാരം ഇന്നു 3നു കൊടുങ്ങൂരിലെ വീട്ടുവളപ്പിൽ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജസ്റ്റിൻ, രാഹുൽ. പൊലീസ് കേസെടുത്തു.
Leave a Reply