യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.

അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.

ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.