മദ്യ- കഞ്ചാവ് ലഹരിയിൽ തല ഭിത്തിയിലിടിപ്പിച്ചും ചവിട്ടിയും ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. മാമ്മൂട് ശാന്തിപുരത്തിനു സമീപം കാവുങ്കൽപ്പടിയിൽ വാടക വീട്ടിൽ താമസക്കാരനായ കോലത്ത്മലയിൽ സുബിൻ മോഹന്റെ(25) ഭാര്യ അശ്വതി(19)യാണ് കൊല്ലപ്പെട്ടത്. സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 10.30നാണ് ക്രൂരമായ ആക്രമണത്തിൽ അശ്വതിയുടെ തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റത്. കറുകച്ചാൽ പോലീസ് എത്തി ആംബുലൻസിലാണ് അശ്വതിയെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അശ്വതി ഇന്നലെ പുലർച്ചെ 6.15നു മരിച്ചു. സംഭവസ്ഥലത്തുനിന്നു പോലീസ് വലയിലാക്കിയ സുബിൻ മാനസിക വിഭ്രാന്തി കാട്ടി അക്രമാസക്തനാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് നിരീക്ഷണത്തിൽ ഇയാളെ ചികിത്സയ്ക്കു വിധേയമാക്കിയിരിക്കുകയാണ്.
നേരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കൈയിൽ കടിച്ചും ഇയാൾ ബഹളം സൃഷ്ടിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഇയാൾ ഗാന്ധിനഗർ എസ്ഐ റെനീഷിന്റെ കൈക്കും കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്കു കൊണ്ടു പോകവേ പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് മൽപ്പിടിത്തത്തിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
പോലീസ് പറയുന്നതിങ്ങനെ: മദ്യത്തിനും കഞ്ചാവിനും അടിമയായ സുബിൻ നിരവധി ക്വട്ടേഷൻ, അടിപിടി, അക്രമ കേസുകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ പ്രതിയാണ്. മദ്യപിച്ച് വീട്ടിൽ എത്തി ഭാര്യയെയും മാതാപിതാക്കളെയും അക്രമിക്കുന്നതു പതിവാണ്. മദ്യലഹരിയിലായിരുന്ന സുബിൻ വ്യാഴാഴ്ച രാത്രി അശ്വതിയെ ക്രൂരമായി മർദിച്ചു. അർധരാത്രിയോടെ അശ്വതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചു. തലയുടെ പിന്നിൽ മാരകമുറിവേറ്റ് അശ്വതി നിലത്തു വീണു. തുടർന്ന് അശ്വതിയുടെ നെഞ്ചിൽ സുബിൻ ചവിട്ടിയതായി സുബിന്റെ അമ്മ കുഞ്ഞുമോൾ പറഞ്ഞതായി പോലീസ് പറഞ്ഞു. തടസം നില്ക്കാനെത്തിയ സുബിന്റെ പിതാവ് മോഹനനെയും മാതാവ് കുഞ്ഞുമോളെയും സുബിൻ മർദിച്ചു.
മോഹനൻ അറിയിച്ചതു പ്രകാരം കറുകച്ചാൽ പോലീസ് എത്തിയപ്പോൾ തുണികൊണ്ടു തലമൂടി രക്തം വാർന്നൊഴുകി അബോധാവസ്ഥയിൽ അശ്വതി നിലത്തുകിടക്കുകയായിരുന്നു. പോലീസ് കറുകച്ചാലിൽനിന്ന് ആംബുലൻസ് വരുത്തി അശ്വതിയെയും സുബിനെയും മോഹനനെയും കുഞ്ഞുമോളെയും അതിൽ കയറ്റി ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു. പോലീസ് പിന്നാലെ ജീപ്പിൽ അനുഗമിച്ചു. പുലർച്ചെ രണ്ടിന് അശ്വതിയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. അശ്വതിയെ വിദഗ്ധ പരിശോധനയ്ക്കു ശേഷം ഉടൻ സർജറി തീവ്രപരിചരണത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സബ് കളക്ടർ ഈശ പ്രിയയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അശ്വതിയുടെ തലക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് പറഞ്ഞു.
റാന്നി ഉതിമൂട് സ്വദേശിനിയായ അശ്വതി മാതാവിന്റെ സഹോദരി താമസിക്കുന്ന കുന്നന്താനത്തിനടുത്തുള്ള മാന്താനത്ത് ഇടയ്ക്കിടെ പോകുകയും അങ്ങനെയുള്ള പരിചയത്തിൽ മാതൃസഹോദരിയുടെ അയൽവാസിയായ സുബിനുമായി അടുപ്പത്തിലാവുകയുമായിരുന്നു. പഠനം പൂർത്തിയായ ശേഷം സുബിൻ അശ്വതിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നു. നാലു മാസം മുന്പാണ് സുബിനും കുടുംബവും മാമ്മൂട് കാവുങ്കൽപ്പടിയിൽ വാടകവീട്ടിൽ താമസത്തിനെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, കറുകച്ചാൽ സിഐ പി.എ. സലിം, എസ്ഐ രാജേഷ്കുമാർ, ഗാന്ധിനഗർ എസ്ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Leave a Reply