വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ ഗാര്‍ഹിക പീ‍ഡനമെന്ന് പൊലീസ്. റാത്തിക്കൽ സ്വദേശി നെബീനയാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തിൽ ഗൾഫുകാരനായ ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്‍സലിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കാണ് കേസിനാസ്പദമായ സംഭവം. വർക്കല റാത്തിക്കൽ സ്വദേശി 23 വയസുള്ള നെബീന സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പിന്നാലെ, ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ ആരോപണവുമായി സെബീനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയെന്നുമായിരുന്നു നെബീനയുടെ മാതാപിതാക്കളുടെ പരാതി.

കുടുംബപ്രശ്നം കാരണം അഫ്സൽ റാത്തിക്കലിലെ നെബീനയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി മടങ്ങി. മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനു പിന്നാലെയാണ് നെബീന തൂങ്ങിമരിച്ചത്. നെബീനയെ അഫ്സൽ ബൈൽറ്റ് ഊരി മര്‍ദ്ദിച്ചിരുന്നതായും ആരോപണമുയരുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നെബീനയുടെ മാതാപിതാക്കളുടെ പരാതിയിൽ അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.