കോട്ടയം: കായൽ കടലായി ഒഴുകുന്ന കുട്ടനാട്ടിൽനിന്നു ജീവനുമായി പലായനം തുടരുന്നു. നാൽപതിനായിരത്തിലേറെപ്പേർ ഇതിനകം ചങ്ങനാശേരിയിൽ എത്തിക്കഴിഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ദുരിതാശ്വാസ ക്യാന്പുകളിലുമായിട്ടാണ് ഇവർ അഭയം തേടിയിരിക്കുന്നത്. ഇവരിൽ വയോധികരും കൈക്കുഞ്ഞുങ്ങളും ഗർഭിണികളും രോഗികളുമുണ്ട്. വെള്ളിയാഴ്ച മുതൽ എല്ലാം ഉപേക്ഷിച്ചു കൂട്ടത്തോടെ ജനങ്ങൾ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിത്തുടങ്ങിയിരുന്നു.
കിടങ്ങറ, മാന്പുഴക്കരി, രാമങ്കരി, മുട്ടാർ, മിത്രക്കരി, വെളിയനാട് കോട്ടയം ജില്ലയുടെ ഭാഗമായ കോമംങ്കേരിചിറ, മുലേൽപുതുവേൽ, നക്രാൽ, പുതുവേൽ, എസി റോഡ്കോളനി, പൂവം നിവാസികളാണ് ചങ്ങനാശേരി അതിരൂപതയുടെയും സന്യാസ സമൂഹങ്ങളുടെയും മറ്റും സ്കൂളുകളിൽ അഭയം തേടിയിരിക്കുന്നത്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ചാസ്, ഇതര സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച കണ്സ്ട്രക്ഷൻ കന്പനികളുടെ വലിയ ടിപ്പർ ലോറികളിലാണ് ആളുകൾ എത്തുന്നത്.
കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽനിന്നു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെട്ടെത്തിയവർ എസി റോഡിലെ ഉയർന്ന പാലങ്ങളിൽ തന്പടിക്കുകയായിരുന്നു. എസി റോഡ് പലേടത്തും മുങ്ങിക്കിടക്കുന്നതിനാൽ ഇവർ ബോട്ടിലാണു ചങ്ങനാശേരിയിലേക്കു നീങ്ങിക്കൊണ്ടിരുന്നത്. ടിപ്പർ ലോറികൾ എത്തുന്നിടങ്ങളിൽ എത്തിയവർ അവയിലും കയറിപ്പറ്റി ചങ്ങനാശേരിയിലെത്തി. ബോട്ടുകളിലും വള്ളങ്ങളിലും എത്തുന്നവരെ ചങ്ങനാശേരി ബോട്ടു ജെട്ടിയിലും ലോറികളിൽ എത്തുന്നവരെ പെരുന്ന ജംഗ്ഷനിലുമാണ് എത്തിക്കുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും രോഗികളും എല്ലാവരും ലോറികളിലേക്കു രക്ഷതേടി ഇടിച്ചു കയറുന്ന കാഴ്ച കുട്ടനാട്ടിലെ ദാരുണാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു.
വള്ളവും ബോട്ടും കിട്ടാതെ ആയിരങ്ങൾ
ആലപ്പുഴ: വെള്ളം കൂടുതലായി ഒഴുകി എത്തുന്നതിനാൽ കുട്ടനാട്ടിൽ സ്ഥിതി അതീവ ഗുരുതരമാകുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോഴും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. പലർക്കും ബോട്ടുകൾക്കായി ആറ്റുതീരത്തേക്കു പോലും എത്താനാകുന്നില്ല. നൂറോളം ബോട്ടുകളാണ് കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നലെ രാവിലെ ആറുമുതൽ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കലും പുരോഗമിച്ചിരുന്നു. നിരവധി പേരാണ് വള്ളങ്ങളിലും ബോട്ടുകളിലുമൊക്കെയായി ആലപ്പുഴ മാതാ ജെട്ടിയിൽ വന്നിറങ്ങുന്നത്. ഇതിനിടെ വള്ളത്തിൽ കന്നുകാലികളെയും കരയ്ക്കെത്തിച്ചു.
വള്ളത്തിനു മൂവായിരം
രാമങ്കരി, മുട്ടാർ പ്രദേശത്തും പുളിങ്കുന്നിലും കാവാലത്തും എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ലഭ്യമായ ശിക്കാരവള്ളങ്ങളും ഹൗസ്ബോട്ടുകളും തലവടി, എടത്വ, മുട്ടാർ ഭാഗങ്ങളിലേക്കു അയച്ചു. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. ബോട്ടുകൾ ചെല്ലാൻ കഴിയാത്ത കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു ലഭിക്കുന്ന വിവരം. കുട്ടനാട്ടിൽനിന്ന് ഒഴിപ്പിച്ച നിരവധിപേരെ ചേർത്തലയിലെ ക്യാന്പുകളിലേക്കു മാറ്റിയിട്ടുണ്ട്. വള്ളം പിടിച്ചു വരുന്നവരുടെ കൈയിൽനിന്നു ചില വള്ളക്കാർ 2500- 3000 രൂപ വരെയാണു വാങ്ങുന്നത്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പണം ഷെയർ ചെയ്തു കൊടുത്തുകൊണ്ടാണ് പലരും ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും പോകുന്നത്.
ആശങ്കയിൽ അയ്യായിരം പേർ
പുളിങ്കുന്ന് എൻജിനിയറിംഗ് കോളജിലെ അഞ്ചു നിലകളിലായി അയ്യായിരം പേരോളം അഭയം തേടിയതായാണ് അറിവ്. ഇവിടെ പലർക്കും പനിയടക്കം പിടിപെട്ടതായും സൂചനയുണ്ട്. കുടിവെള്ളവും ആഹാരവും പരിമിതമായ നിലയിലേ ഉള്ളൂ. അടിയന്തരമായി സഹായം ഇവിടേക്ക് എത്തണമെന്നതാണ് ആവശ്യം. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ജില്ലാ പോലീസ് 20 ബോട്ടുകൾ കൂടി ഒരുക്കി. ചന്പക്കുളം, എടത്വ, പുളിങ്കുന്ന്, തലവടി, മുട്ടാർ, മിത്രക്കരി, തായങ്കരി, പുല്ലങ്ങിടി എന്നീ സ്ഥലങ്ങളിൽ ഉൾപ്രദേശത്തു രക്ഷാപ്രവർത്തനങ്ങൾക്കായി അഞ്ചുപേരെ കയറ്റാവുന്ന ചെറുവള്ളങ്ങളാണ് എത്തേണ്ടത്. പ്രദേശങ്ങളിലേക്കു ചെറുവള്ളങ്ങൾ ബാർജിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനം വേണ്ടത്. തിരുവനന്തപുരം സിറ്റി പോലീസിന്റെ 20 ഫൈബർ ബോട്ടുകൾ ഇന്ധനം നിറച്ച എൻജിനുകൾ അടക്കം ലോറികളിൽ ചെങ്ങന്നൂരിലേക്ക് എത്തിച്ചു.
മെഡിക്കൽ സേവനവുമായി ചെത്തിപ്പുഴ ആശുപത്രി
കോട്ടയം: സർവതും ഉപേക്ഷിച്ച് ചങ്ങനാശേരിയിൽ അഭയം തേടിയെത്തിയ കുട്ടനാട് നിവാസികൾക്കു മെഡിക്കൽ സേവനവുമായി ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മെഡിക്കൽ സംഘം.
ചങ്ങനാശേരി ബോട്ടു ജെട്ടിയിലും പെരുന്ന ജംഗ്ഷനിലും ക്യാന്പ് ചെയ്യുന്ന മെഡിക്കൽ ടീം ബോട്ടിലും ലോറിയിലും എത്തുന്നവർക്കു മെഡിക്കൽ സഹായവും മരുന്നും നൽകുന്നു. രോഗികളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply