മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാന് നിർമ്മാതാക്കളുടെ കട്ട്. 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ രംഗത്തെത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
Leave a Reply