റിയാദ്: സൗദി അറേബ്യയിലേക്ക് പോകുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം. സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പുതിയ നിയമനം നിലവില്‍വന്നു. ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് സൗദി അറേബ്യ അപേക്ഷ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക സൗദി സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സികളുടെ പട്ടികയില്‍ ഇടം ലഭിച്ചില്ല. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് പട്ടികയിലുണ്ടെങ്കിലും സംസ്ഥാനത്ത് റിക്രൂട്ട്‌മെന്റിന് അവസരം ലഭിച്ചതുമില്ല.
ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന സൗദി സര്‍ക്കാര്‍ പുതിയ നിയമത്തിന്റെ ഭാഗമായി ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ക്ക് മുന്‍ഗണനനല്‍കി റിക്രൂട്ട് ചെയ്യാനാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം, അത്യാഹിത വിഭാഗം. മാനസികാരോഗ്യ ചികില്‍സാകേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള നഴ്‌സ് നിയമനം തുടങ്ങിയെന്നാണു റിപ്പോര്‍ട്ട്. ഇതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കു മുന്‍ഗണന നല്‍കാനുള്ള തീരുമാനം സൗദിയിലെ ജോലി സ്വപ്നം കാണുന്ന മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകും. സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്‌സുമാര്‍ തൊഴില്‍നഷ്ട ഭീഷണിയില്‍ നില്‍ക്കുമ്പോഴാണ് മറ്റുള്ളവര്‍ക്കു മുന്നിലും അവസരങ്ങള്‍ അടയുന്നത്.
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയ നഴ്‌സുമാരുടെ പുനരധിവാസം ഇനിയുമായിട്ടില്ല. നഴ്‌സ് നിയമനകാര്യത്തില്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം കൂടിയാകും നഷ്ടമാകുക. നിലവില്‍ രാജ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യമെത്തിക്കുന്നത് പ്രവാസി നഴ്‌സുമാരാണ്.