നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷന് നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.
കാറിന്റെ പുതുച്ചേരി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന് ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന് ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.
Leave a Reply