ന്യൂസ് ഡെസ്ക്. മലയാളം യുകെ.
ലോക പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ ബീറ്റിലിൽസിന്റെ നാടായ ലിവർപൂളിൽ ഹിബ്രു, ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങൾ ആലപിച്ച് പ്രാദേശികരായ പാശ്ചാത്യരെപോലും വിസ്മയിപ്പിച്ച് 18 ഭാഷകളിൽ പാടിയ മലയാളി ഗായകൻ ചാൾസ് ആന്റണിയ്ക്ക് ലിവർപൂൾ മലയാളി അസ്സോസിയേഷൻ (ലിമ) പ്രസിഡന്റ് ജോയി അഗസ്തിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലിമയുടെ ഭാരവാഹികൾ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊച്ചിക്കാരനായ ചാൾസ് ആന്റണി, യുകെയിലെ പ്രശസ്ത കുടിലിൽ റെക്കോർഡിങ് സ്റ്റുഡിയോ യുകെയിൽ ആദ്യമായി സംഘടിപ്പിച്ച ചാരിറ്റി ഇവന്റിൽ ലൈവ് പെർഫോമൻസ് നടത്തുന്നതിനാണ് ലിവർ പൂളിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ പ്രാദേശികരായ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ മ്യൂസിക് പെർഫോമൻസ് കാണുവാൻ ലിവർ പൂളിൽ എത്തിച്ചേർന്നത്.
ലിവർപൂളിലെ പ്രശസ്ത ക്രോസ്സ് കീ പബ്ബിൽ വച്ചാണ് ലൈവ് മ്യൂസിക്കൽ പെർഫോമൻസ് നടത്തപ്പെട്ടത്. യുകെയിൽ മലയാളി സമൂഹത്തിനിടയിൽ നടക്കുന്ന സംഗീത നിശയിൽ നിന്നും വേറിട്ടൊരു രീതിയാണ് ചാൾസ് ആൻ്റണി അവതരിപ്പിച്ചത്. ചാൾസിൻ്റെ പ്രകടനം സംഗീത ലോകത്തിന് പുതിയൊരധ്യായം കുറിച്ചെന്ന് ആസ്വാദകർ അവകാശപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും കുടിലിൽ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ ഷാജു ഉതുപ്പ് നന്ദി രേഖപ്പെടുത്തി.