കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.
ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.
Leave a Reply