ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് തറവാട് ലീഡ്സ്സിന് പത്ത് വയസ്സ് തികഞ്ഞു. വളരെ വിപുലമായ പരിപാടികളോടെയാണ് തറവാട് ലീഡ്‌സ് പത്താമത് വാർഷികം ആഘോഷിച്ചത്. ജൂൺ രണ്ട് ഞായറാഴ്ച ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റിൽ നടന്ന ആഘോഷ പരിപാടികളിൽ ലീഡ്സ് സിറ്റി കൗൺസിൽ ലോർഡ് മേയർ അബിഗെയിൽ മാർഷാൾ കാറ്റുംഗ് തറവാട് ലീഡ്സിൻ്റെ പുതിയ സംരംഭമായ ചാറ്റി കഫെ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ആദ്യത്തെ ബ്ലാക് മേയർ ഓഫ് ലീഡ്സ് എന്നറിയപ്പെടുന്ന മുൻ മേയർ ഐലിൻ ടെയ് ലർ ചടങ്ങിൽ സന്നിഹിതയായിരുന്നു.

2014 ൽ തറവാട് പ്രവർത്തനമാരംഭിച്ച സമയം മുതൽ തറവാടിൻ്റെ സ്ഥിരം സന്ദർശകരായ മലയാളികൾ ഉൾപ്പെടെ നിരവധി പാശ്ചാത്യർ ആഘോഷ പരിപാടികളിൽ ക്ഷണിതാക്കളായിരുന്നു. പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഭക്ഷണങ്ങളടങ്ങിയ മെനു ആയിരുന്നു പത്താമത് വാർഷികാഘോഷങ്ങളുടെ പ്രധാനയിനം.

“ചാറ്റി കഫെ” ഏകാന്തതയനുഭവിക്കുന്നവർക്ക് പരസ്പരം സംവദിക്കാനുതകുന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് ചാറ്റി കഫെ കൊണ്ടുദ്ദേശിക്കുന്നത്. തറവാട് ലീഡ്സിൽ തുടങ്ങിയ കാലം മുതൽ തറവാടിലെ സ്ഥിരം സന്ദർശകരായ നൂറിലധികം കസ്റ്റമേഴ്സുണ്ട്. പ്രാദേശികരായ പാശ്ചാത്യരാണധികവും. ചാറ്റി കഫെ തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാശ്ചാത്യരായ പ്രായം ചെന്ന ഒരു ദമ്പതികൾ പത്ത് വർഷമായിട്ട് റെസ്റ്റോറൻ്റിൽ വരാറുണ്ടായിരുന്നു. സ്ഥിരമായി വരുന്ന അവർ എല്ലാ ആഴ്ചയിലും വരുന്നത് ഒരേ ദിവസമാണ്. അതുപോലെ ഒരേ ടേബിളിൽ തന്നെയാണ് അവർ ഇരിക്കുന്നതും. കഴിക്കുന്ന ഭക്ഷണവും എല്ലാ ആഴ്ചയിലും ഒന്നുതന്നെ. ഭക്ഷണം കഴിക്കുന്നതിനപ്പുറം തറവാടിൻ്റെ സ്റ്റാഫിനോട് സംസാരിക്കാനാണ് അവർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. റിട്ടെയറായ അവർക്ക് ജീവിതത്തിൽ ഏകാന്തത അനുഭപ്പെടുന്നതുകൊണ്ടാകണം അവർ സ്ഥിരമായി റെസ്റ്റോറൻ്റിൽ വരുന്നതും ഞങ്ങളോട് സംസാരിക്കാൻ താല്പര്യപ്പെടുന്നതും എന്ന് ഞങ്ങൾ പതിയെ മനസ്സിലാക്കി തുടങ്ങി. ജീവിത പങ്കാളി നഷ്ടപ്പെട്ടവരും മക്കളാൽ തഴയപ്പെട്ടവരും പലതരത്തിലും ദുഃഖത്തിലായവരുമൊക്കെ പതിവായി റെസ്റ്റോറൻ്റിൽ എത്തി ധാരാളം സമയം ഞങ്ങളോടെപ്പം ചെലവഴിക്കാറുണ്ട്. വളരെ വൈകാരികമായി റെസ്റ്റോറൻ്റിൽ നടക്കുന്ന നിരവധി സംഭവങ്ങളിൽ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഇതിൽ നിന്നും ഉടലെടുത്ത ഒരാശയമാണ് ‘ചാറ്റി കഫേ’ എന്ന് തറവാടിൻ്റെ ഡയറക്ടർമാരിലൊരാളായ സിബി ജോസ് പറഞ്ഞു.

എല്ലാ തിങ്കളാഴ്ച്ചയുമാണ് ചാറ്റി കഫേ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി തറവാട്ടിലെത്തുന്ന ഏകാന്ത ജീവിതം നയിക്കുന്ന ആർക്കും ചാറ്റി കഫേയിലെത്താം. അങ്ങനെയെത്തുന്നവരെ കേൾക്കാനും അവർക്ക് മാനസികമായ സപ്പോർട്ടുകൊടുക്കാനും അതുപോലെ അവർക്ക് തികച്ചും സൗജന്യമായി ഭക്ഷണം കൊടുക്കാനുമായിട്ടുള്ള രീതിയിലാണ് ചാറ്റി കഫെ രൂപപ്പെടുത്തിയിരിക്കുന്നത്.

തറവാട് ലീഡ്സ്സിൻ്റെ വളർച്ചയ്ക്ക് ഒരുപാട് സപ്പോർട്ട് തന്നവരാണ് പ്രാദേശികരായ ലീഡ്സുകാർ. അന്നവർ ആരോഗ്യപരമായി പാറി പറന്നു നടന്നവരായിരുന്നു. പ്രായാധിക്യത്താൽ ഇന്നവർ ഏകാന്ത ജീവിതത്തിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നു. അവർക്കൊരു സപ്പോർട്ട് കൊടുക്കേണ്ടത് ഏറ്റവും അനിവാര്യഘടകമാണെന്ന് ഞങ്ങൾ ടീം തറവാട് വിശ്വസിക്കുന്നുവെന്ന് സിബി ജോസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തറവാടിൻ്റെ പാർട്ണർമാരായ സിബിയുടെയും രാജേഷിൻ്റെയും ഭാര്യമാർ മനീഷയും നീതുവുമാണ് ചാറ്റി കഫേയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സോഷ്യൽ വർക്കരായ ഇവർ പൂർണ്ണമായും ചാറ്റി കഫേയിൽ പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നത്.

2014 ലാണ് തറവാട് ലീഡ്സ്സ് പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ച് സുഹൃത്തുകൾ പാർട്ണർമാരായ തറവാട് ലീഡ്സ് പേരുപോലെ തന്നെ ഒരു തറവാടിൻ്റെ എല്ലാ പ്രൗഡിയോടും കൂടിയാണ് പ്രവർത്തിക്കുന്നത്. യുകെയിലെ ഒട്ടുമിക്ക അവാർഡുകളും ഇതിനോടകം തറവാട് സ്വന്തമാക്കി കഴിഞ്ഞു. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം.

പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ, ഇന്ത്യൻ ക്രിറ്ററ്റ് ടീം ക്യാപ്റ്റൻ വിരാട് കോളി, സഞ്ചു സാംസൺ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.

ഏറ്റവും ഒടുവിൽ യോർക്ക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ 2024 ഒലിവർ അവാർഡ് നൈറ്റിൽ ശ്രദ്ധേയകേന്ദ്രമായി മാറിയത് തറവാടിൻ്റെ ഷെഫായ അജിത് കുമാറാണ്. ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ അജിത് കുമാർ തറവാട് ലീഡ്സ്സിനും യൂറോപ്പ് മലയാളികൾക്കും എന്നും അഭിമാനമാണ്.

ലീഡ്സ്സ് മെട്രോ സ്റ്റേഷനിൽ നിന്നും വെറും 200 മീറ്റർ മാറിയാണ് തറവാട് റെസ്‌റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യുകെയിൽ എവിടെ നിന്നുള്ളവർക്കും നിഷ്പ്രയാസം തവാട്ടിലെത്താൻ സാധിക്കും. വൈവിധ്യമാർന്ന രുചിയുടെ തറവാട്ടിലേയ്ക്ക് ടീം തറവാട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.