ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലണ്ടൻ, എസെക് സ്, യോർക്ക്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശനിയാഴ്ച മുതൽ കർശനമായ ടയർ 2 കോവിഡ് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി. ഈ ഹൈ അലേർട്ട് ലെവലിന് കീഴിൽ പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി 10 മണിക്ക് അടയ്ക്കും. വീടിനുള്ളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപ്പം ആറ് പേരിൽ കൂടുതൽ പുറത്ത് ഒത്തുചേരാനും സാധിക്കില്ല. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോൾ വെരി ഹൈ, ഹൈ അലേർട്ട് ലെവലുകളിലാണ് ജീവിക്കുന്നത്. ലണ്ടൻ, എസെക്സ്, സർറേയിലെ എൽംബ്രിഡ്ജ്, കുംബ്രിയ ഫർണെസിലെ ബറോ, യോർക്ക്, നോർത്ത് ഈസ്റ്റ് ഡെർബിഷയർ, ചെസ്റ്റർഫീൽഡ്, എറിവാഷ്, ഡെർബിഷയർ എന്നീ മേഖലകളാണ് ശനിയാഴ്ച മുതൽ ഹൈ അലേർട്ട് ലെവലിലേയ്ക്ക് കടക്കുന്നത്. “ഇപ്പോൾ ഈ നടപടികൾ എളുപ്പമല്ലെന്ന് എനിക്കറിയാം. പക്ഷേ അവ സുപ്രധാനമാണ്.” മാറ്റ് ഹാൻകോക്ക് എംപിമാരോട് അറിയിച്ചു.

കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ ത്രിതല സംവിധാനം ബുധനാഴ്ചയാണ് നിലവിൽ വന്നത്. നിലവിൽ ‘വെരി ഹൈ ലെവലിൽ’ ഉള്ള ഏക മേഖല ലിവർപൂൾ സിറ്റി റീജിയനാണ്. ഏറ്റവും പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ, ഇംഗ്ലണ്ടിലെ എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം കൂടുതൽ കോൺടാക്ടുകളുമായി ബന്ധപ്പെടുന്നതിൽ പരാജയപ്പെട്ടു. അതേസമയം രോഗം പടരുന്നത് തടയാൻ ഒരു ഹ്രസ്വ പരിമിത ലോക്ക്ഡൗൺ ആവശ്യമാണെന്ന ലേബർപാർട്ടി നേതാവ് കെയർ സ്റ്റാർമറിന്റെ പ്രസ്താവനയെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പിന്തുണച്ചിട്ടുണ്ട്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒരു ദേശീയ ലോക്ക്ഡൗൺ സമൂഹത്തിന് വിനാശകരമാകുമെന്ന് അദ്ദേഹം കോമൺസിലെ എംപിമാരോട് പറഞ്ഞു. ശൈത്യകാലത്ത് ഓരോ രോഗിക്കും ചികിത്സ നൽകാനുള്ള ശേഷി എൻ‌എച്ച്‌എസിനുണ്ടെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പാലിക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടതെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ അറിയിച്ചു.

പുതിയ നിയന്ത്രണങ്ങൾക്ക് വഴങ്ങുകയില്ലാതെ വേറെ വഴിയില്ലെന്ന് ലണ്ടൻ ലേബർപാർട്ടി മേയർ സാദിഖ് അറിയിച്ചു. ശരിയായ പിന്തുണാ പാക്കേജ് ഉറപ്പാക്കാതെയുള്ള ടയർ 2 നിയന്ത്രണങ്ങൾ പബ്ബുകളെ നശിപ്പിക്കുമെന്ന് ബ്രിട്ടനിലെ മദ്യനിർമ്മാണ, പബ്ബ് മേഖലയുടെ ട്രേഡ് അസോസിയേഷനായ ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസോസിയേഷൻ (ബി‌ബി‌പി‌എ) വ്യക്തമാക്കിയിട്ടുണ്ട്. കൗണ്ടിക്കായുള്ള ടയർ 2 നിയന്ത്രണങ്ങളെ സ്വാഗതം ചെയ്യുന്നതായും എന്നാൽ ബിസിനസുകൾ സാമ്പത്തികമായി ദുരിതമനുഭവിക്കുന്നത് തടയാൻ ചാൻസലർ റിഷി സുനാക്കിനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്നും എസെക് സിലെ ഹാർലോ കൺസർവേറ്റീവ് എംപി റോബർട്ട് ഹാൽഫോൺ പറഞ്ഞു. അതേസമയം, ഗ്രേറ്റർ മാഞ്ചസ്റ്ററിനെ വെരി ഹൈ ലെവലിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹാൻ‌കോക്ക് സ്ഥിരീകരിച്ചു.