ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്യാൻസർ കണ്ടെത്താനുള്ള പുതിയ മാർഗവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാല. രോഗമുണ്ടോ എന്നും അത് മറ്റവയവങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നും ഒരേസമയം തിരിച്ചറിയുന്ന ലളിതമായ രക്തപരിശോധന ആണിത്. രോഗിയുടെ രക്തത്തിലെ മെറ്റബോളിറ്റ്സ് എന്ന രാസവസ്തുക്കൾ അളക്കുന്നതിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ പരിശോധനയിൽ രക്തത്തിലെ മെറ്റബോളിറ്റ്സ് അളക്കാൻ റേഡിയോ തരംഗങ്ങളും മാഗ്‌നറ്റിക് ഫീൽഡും ഉപയോഗിക്കുന്നു.
ഈ പരിശോധനയിലൂടെ, പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവരിൽ പോലും ക്യാൻസറിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് തിരിച്ചറിയാൻ കഴിയുമെന്ന് സംഘം പറഞ്ഞു. വേഗമേറിയതും ചെലവുകുറഞ്ഞതുമായ പരിശോധന ആയതിനാൽ നേരത്തെയുള്ള ക്യാൻസർ രോഗനിർണ്ണയത്തിനുള്ള തടസ്സങ്ങളെ മറികടക്കാനും സാധിക്കും.
നേരത്തെയുള്ള രോഗനിർണയത്തിന് ഇത് സഹായകമാകുമെന്നും ഒട്ടേറെ രോഗികൾക്ക് ഇത് ഗുണം ചെയ്യുമെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ ലീഡ് പേപ്പർ റൈറ്ററും ഓങ്കോളജിസ്റ്റുമായ ജെയിംസ് ലാർക്കിൻ പറഞ്ഞു. 300 രോഗികളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് പരിശോധന ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മെറ്റാസ്റ്റാറ്റിക് ക്യാൻസറിനെ 94 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ പരിശോധനയ്ക്ക് കഴിഞ്ഞു. ഇതുകൂടാതെ വേഗത്തിലുള്ള ക്യാൻസർ രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്നതിനായി റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകൾ രാജ്യത്തുടനീളം സ്ഥാപിക്കാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്.
Leave a Reply