ന്യൂസ് ഡെസ്ക് മലയാളം യുകെ

റിട്ടയർമെന്റിന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് സ്പെയിൻ. സ്പെയിനിലെ ജീവിതം യുകെയിലെ അപേക്ഷിച്ച് 700 പൗണ്ടിലധികം ചിലവ് കുറവാണ്. വിദേശ പ്രോപ്പർട്ടി വിദഗ്ധരായ പ്രോപ്പർട്ടി ഗൈഡ്‌സിൻ്റെ റിപ്പോർട്ടനുസരിച്ച് യുകെയിലെ പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാമത് സ്പെയിൻ ആണ്. യുകെയിൽ പ്രതിവർഷം പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, യാത്രകൾ, വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള ശരാശരി ദൈനംദിന ചിലവുകൾ £1,996 വരുമ്പോൾ സ്പെയിനിൽ ഇത് £1,295 ആണ്.

അതായത് യുകെയിലെ പോലെ തന്നെയുള്ള ജീവിത നിലവാരം നിലനിർത്തികൊണ്ട് യുകെയിലേതിനേക്കാൾ 35 ശതമാനം കുറഞ്ഞ നിരക്കിൽ ഈ മെഡിറ്ററേനിയൻ രാജ്യത്ത് ജീവിക്കാം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീബാഗുകൾ പോലുള്ള മികച്ച ബ്രിട്ടീഷ് സ്റ്റേപ്പിൾസ് പോലും യുകെയിൽ ലഭ്യമാകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്പെയിനിൽ നിന്ന് വാങ്ങാം. പ്രോപ്പർട്ടി ഗൈഡ്‌സ് വിശകലനം ചെയ്‌ത ലോകമെമ്പാടുമുള്ള 13 പ്രവാസി ഹോട്ട്‌സ്‌പോട്ടുകളിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ് ജീവിത ചിലവ് കൂടിയ രണ്ട് രാജ്യങ്ങൾ.

സ്പെയിൻ അല്ലാതെ ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി, സൈപ്രസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ജീവിത ചിലവും യുകെയെ അപേക്ഷിച്ച് കുറവാണ്. യുകെയിലെ 18 മാസത്തെ പണപ്പെരുപ്പവും മറ്റുമാണ് ഇതിന് പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ വാർഷിക വിലക്കയറ്റം കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കുറഞ്ഞിരുന്നു. എന്നാൽ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ജീവിത ചിലവ് ഇപ്പോഴും വർദ്ധിച്ച് വരികയാണ്.

യുകെയെ വച്ച് സ്പെയിനിനെ താരതമ്യം ചെയ്യുമ്പോൾ വർഷത്തിൽ 3,000 മണിക്കൂർ സൂര്യപ്രകാശം സ്പെയിനിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്പെയിനിൽ ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷൻ സ്വീകരിക്കുന്ന 103,000-ത്തിലധികം ബ്രിട്ടീഷുകാരുള്ള ഒരു വലിയ പ്രവാസി സമൂഹം സ്പെയിനിൽ ഉണ്ട്.